ബോവിക്കാനം: എൻഡോസൾഫാൻ ദുരിത ബാധിതനാണ് മുളിയാർ അമ്മങ്കോട് ഗോളിയടുക്കത്തെ സുന്ദരൻ. എൻഡോസൾഫാൻ ബാധിതർക്കുള്ള ധനസഹായത്തിന് അർഹനുമാണ് അദ്ദേഹം. എന്നാൽ ഇക്കഴിഞ്ഞ പത്ത് വർഷമായി സുന്ദരന് ലഭിക്കേണ്ടിയിരുന്ന പെൻഷനും ആനുകൂല്യവും കൈപ്പറ്റിയത് അയൽവാസിയായിരുന്നു. ഇപ്പോഴിതാ സുന്ദരന് അർഹതപ്പെട്ട അഞ്ച് ലക്ഷം രൂപയുടെ ധനസഹായവും അയൽവാസിക്ക് നൽകാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതെന്തൊരു നീതികേടെന്ന് ഉറക്കെ ചോദിക്കുകയാണ് പരസഹായമില്ലാതെ ജിവിക്കാനാവാത്ത ഈ പാവം.

സുപ്രീം കോടതി വിധി പ്രകാരം എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ലഭിക്കേണ്ട അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ഇപ്പോൾ അധികൃതർ അയൽവാസിക്ക് നൽകാനൊരുങ്ങുന്നത്. കൃത്യമായ പരിശോധനയും മേൽവിലാസം അടക്കമുള്ള വിവരങ്ങളും നൽകിയിട്ടും പിന്നീടതെങ്ങനെ അയൽവാസിയുടേതായി മാറിയെന്നതാണ് സുന്ദരന്റെ ചോദ്യം. ഞരമ്പ് സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്ന ഈ പാവത്തോട് എന്തിനാണ് എൻഡോസൾഫാൻ സെൽ അധികൃതരുടെ ഈ കൊലച്ചതി? എങ്ങനെയാണ് കൃത്യമായ പരിശോധനകൾ നടന്നിട്ടും സുന്ദരന് കിട്ടേണ്ട ആനുകൂല്യം അയൽവാസിയുടേതായി മാറുന്നത് എന്നതാണ് ചോദ്യം.

എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ സർക്കാർ ആദ്യം നടത്തിയ മെഡിക്കൽ ക്യാംപിൽ പങ്കെടുത്ത് പരിശോധനയ്ക്കു വിധേയമാവുകയും 2010 ൽ സർക്കാർ അംഗീകരിച്ച ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തതാണ് ജി.വി സുന്ദര. ട്ടികയിൽ 303 ാം ക്രമനമ്പറായിട്ടാണ് ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നത്. 1310 ആണ് ഒപി നമ്പർ. അച്ഛന്റെ പേര് കുഞ്ഞ എന്നതുൾപ്പെടെ വിലാസവും കൃത്യമാണ്. പട്ടികയിൽ ഉൾപ്പെട്ട് ആദ്യത്തെ 3 മാസം കൃത്യമായി പെൻഷനും ലഭിച്ചു. പോസ്റ്റ്മാനാണ് തുക വീട്ടിലെത്തിച്ചത്. പിന്നീടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.

ഇദ്ദേഹത്തിനു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ആരോഗ്യവകുപ്പിൽ പാർട് ടൈം സ്വീപ്പർ ആയി ജോലി ലഭിച്ചു. ഇതിന് പിന്നാലെ പെൻഷൻ ലഭിക്കുന്നത് നിലച്ചു. സർക്കാർ ജോലി ലഭിച്ചതു കൊണ്ട് പെൻഷൻ നിർത്തിയതായിരിക്കുമെന്നാണ് ഇദ്ദേഹം കരുതിയത്. അതുകൊണ്ട് തന്നെ അന്വേഷിച്ചു പോയതുമില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം, തനിക്ക് ഇപ്പോഴും പെൻഷൻ അനുവദിക്കുന്നുണ്ടെന്ന് ഇദ്ദേഹത്തിനു വിവരം ലഭിച്ചു. തുടർന്നു പരാതി നൽകിയപ്പോൾ, അയൽവാസിയായ ജി.വി.സുന്ദര എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക പോകുന്നതെന്ന് മനസ്സിലായി. അച്ഛന്റെ പേരൊഴികെ ഇരുവരുടെയും വിലാസം ഒന്നു തന്നെയാണ്. എന്നാൽ മൂന്ന് മാസം തനിക്ക് ലഭിച്ച ശേഷം എങ്ങനെയാണ് അയൽവാസിയുടേതായി മാറിയത് എന്ന് സുന്ദരന് ഇനിയും പിടികിട്ടിയിട്ടില്ല.

ഇതിനെതിരെ സുന്ദരൻ പരാതിയുമായി സാമൂഹിക സുരക്ഷാ മിഷനെ സമീപിക്കുകയും 2021 ജനുവരി മുതൽ ഇദ്ദേഹത്തിനു തന്നെ പെൻഷൻ നൽകുകയും ചെയ്തു. പെൻഷൻ ഇപ്പോഴും ലഭിക്കുന്നുമുണ്ട്. പക്ഷേ സുപ്രീം കോടതി വിധി പ്രകാരം എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ലഭിക്കേണ്ട 5 ലക്ഷം രൂപയുടെ സഹായത്തിന് അപേക്ഷ നൽകിയപ്പോൾ, ജി.വി.സുന്ദരയാണ് പട്ടികയിൽ ഉൾപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ഫോൺ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവയാണ് ഒപി ഫയലിൽ ഉള്ളതെന്നും അതുകൊണ്ട് നിങ്ങൾക്ക് സഹായം കിട്ടില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് അധികൃതർ നൽകിയത്. പട്ടികയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിട്ടും പിന്നീട് എങ്ങനെയാണ് മാറുന്നതെന്നാണ് ഇദ്ദേഹത്തിന്റെ സംശയം. അസുഖം രൂക്ഷമായതിനാൽ കഴിഞ്ഞ 6 മാസമായി ശമ്പളമില്ലാതെ അവധിയെടുത്ത് വീട്ടിൽ വിശ്രമത്തിലാണ് സുന്ദരൻ.