ലണ്ടൻ: തന്റെ ട്രസ്റ്റിന്റെ പേരിലുള്ള ധനസമാഹരണ പ്രവർത്തനങ്ങൾ ഇതിനു മുൻപും ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരനെ വിവാദത്തിലാക്കിയിട്ടുണ്ട്. എന്നാൽ, അതിൽ നിന്നും പാഠം പഠിക്കാതെ ചാൾസ് രാജകുമാരൻ മുൻപോട്ട് പോവുകയാണോ എന്ന സംശയം ജനിപ്പിക്കുന്ന ഒരു പുതിയ വിവാദമാണ് ഇന്നലെ ഉയർന്നു വന്നിരിക്കുന്നത്. ചാൾസിന്റെ പേരിലുള്ള ചാരിറ്റി ട്രസ്റ്റ് ആഗോള ഭീകരൻ ഒസാമ ബിൻ ലാഡന്റെ കുടുംബത്തിൽ നിന്നും 1 മില്യൺ പൗണ്ടിന്റെ സംഭാവന സ്വീകരിച്ചു എന്നതാണ് ആ ആരോപണം.

9/11 തീവ്രവാദ ആക്രമണത്തിന്റെ പുറകിലെ മാസ്റ്റർ ബ്രെയിൻ ആയിരുന്ന ഒസാമ ബിൻ ലാഡന്റെ അർദ്ധ സഹോദരങ്ങളായ ബക്കർ ബിൻ ലാഡൻ, ഷഫീഖ് ബിൻ ലാഡൻ എന്നിവരിൽ നിന്നാണ് പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫൗണ്ടേഷൻ വൻ തുക സംഭാവനയായി സ്വീകരിച്ചത്. 2013-ൽ ക്ലാരൻസ് ഹൗസിൽ വെച്ച് ബക്കറുമായി ചാൾസ് രാജകുമാരൻ ഒരു സ്വകാര്യ കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷമായിരുന്നു ഈ സംഭാവന വന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിൻ ലാഡൻ അമേരിക്കൻ സൈന്യത്തിന്റെ കൈയാൽ കൊല്ലപ്പെട്ട് രണ്ട് വർഷത്തിനു ശേഷമായിരുന്നു ഇത്.

അതേസമയം, ഈ സംഭാവനക്കായി ചാൾസ് വ്യക്തിപരമായി ശ്രമിച്ചു എന്ന ആരോപണം കൊട്ടാരം വൃത്തങ്ങൾ നിഷേധിച്ചു. ഉപദേഷ്ടാക്കളുടെ ഉപദേശം അനുസരിക്കാതെയാണ് ചാൾസ് ഇത് സ്വീകരിച്ചത് എന്ന ആരോപണവും കൊട്ടാരം നിഷേധിക്കുന്നു. അൽഖൈ്വദ സ്ഥാപനകന്റെ കുടുംബത്തിൽ നിന്നും സംഭാവന സ്വീകരിച്ച വിവരം പുറത്തറിഞ്ഞാൽ അത് ചാൾസിന് ദോഷകരമായി ഭവിക്കും എന്ന് ഒരു ഉപദേഷ്ടാവ് പറഞ്ഞതായുള്ള കാര്യവും കൊട്ടാരം നിഷേധിക്കുകയാണ്.

67 ബ്രിട്ടീഷുകാരുൾപ്പടെ, 3000 ഓളം പേർ കൊല്ലപ്പെട്ട 9/11 ആക്രമണത്തിന്റെ ആസൂത്രകന്റെ കുടുംബത്തിൽ നിന്നും ചാൾസ് സംഭാവന കൈപ്പറ്റിയ വിവരം സൺഡേ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു മുൻ ഖത്തർ പ്രധാനമന്ത്രിയിൽ നിന്നും ചാൾസ് 2.5 മില്യൺ പൗണ്ട് പണമായി കൈപ്പറ്റിയെന്ന ആരോപണം ഉയർന്നിട്ട് ഏതാനും ആഴ്‌ച്ചകൾ മാത്രമേ ആകുന്നുള്ളു. അതിനിടയിലാണ് പുതിയ ആരോപണം ഉയരുന്നത്. നേരത്തേ ഇത്തരത്തിൽ വൻ തുക സംഭാവന ചെയ്ത ഒരു അറബ് കോടീശ്വരന് പൗരത്വവും ബഹുമതികളും വാഗ്ധാനം നൽകിയതായുള്ള ആരോപണവും ഉയർന്നിരുന്നു.

സൗദി അറേബ്യയിൽ ജിദ്ദ ആസ്ഥാനമാക്കിയുൾല ബിൻലാഡൻ ഗ്രൂപ്പിന്റെ സ്ഥാപകനായ ശതകോടീശ്വരൻ മുഹമ്മദ് ബിൻ അവാദ് ബിൻ ലാഡന്റെ മക്കളാണ് ഒസാമയും ബക്കറും ഷഫീക്കുമെല്ലാ. പല ഭാര്യമാരിൽ നിന്നായി അമ്പതോളം മക്കൾ ബിൻ ലാഡനുണ്ടെന്ന് വിശ്വസിക്കുന്നു. അതേസമയം, ഈ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഒസാമയെ തള്ളിപ്പറഞ്ഞിരുന്നു. അതുപോലെ ബക്കറോ ഷഹീഖോ ഏതെങ്കിലും തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചതായോ, ഏതെങ്കിലും വിധത്തിൽ തീവ്രവാദികൾക്ക് സഹായം നൽകിയതായോ തെളിവുകൾ ഒന്നും തന്നെയില്ല.

1980-ൽ ആയിരുന്നു ബക്കർ തങ്ങളുടെ കുടുംബ വ്യാപാരം ഏറ്റെടുത്തത്. എന്നാൽ, അധികം വൈകാതെ തന്നെ സൗദി രാജകുടുംബത്തെ വിമർശിച്ചതിന്റെ പേരിൽ ബിൻ ലാഡന്റെ പൗരത്വം റദ്ദാക്കപ്പെടുകയും അയാളെ സൗദിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് സുഡാനിലും അഫ്ഗാനിസ്ഥാനിലുമൊക്കെയായി ഒളിജീവിതം നയിച്ച ബിൻ ലാഡനെ 1991-ൽ കുടുംബ വ്യാപാരത്തിലെ ഓഹരി ഉടമ എന്ന സ്ഥാനത്തു നിന്നും ബക്കർ നീക്കുകയും ചെയ്തിരുന്നു.