തൃശൂർ: തൃശൂരിൽ ഇരുപത്തിരണ്ടുകാരൻ മരിച്ചത് കുരങ്ങു പനി മൂലമെന്ന സംശയത്തെ തുടർന്ന് പുന്നയൂരിൽ ആരോഗ്യ വകുപ്പിന്റെ കർശന നടപടി. മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി. ഇയാളുമായി സമ്പർക്കപ്പട്ടികയിലുള്ളവരെയും കണ്ടെത്തി. ഇവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുരഞ്ഞിയൂരിലെ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുടെ യോഗം തിങ്കളാഴ്ച ചേരും. മരിച്ച യുവാവിന്റെ പരിശോധനാ ഫലം വന്ന ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.

കുരങ്ങു പനി ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്റെ സ്രവപരിശോധനാഫലം ലഭിച്ച ശേഷം തുടർനപടികൾ സ്വീകരിക്കും. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു. കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പർക്കം ഉണ്ടായിരുന്നത്. വിമാനത്തിൽ ഒപ്പമെത്തിയവരുടെയും ആശുപത്രികളിൽ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയിൽനിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽഎത്തി. പ്രകടമായ ലക്ഷണങ്ങൾ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, കേരളത്തിൽ കണ്ടെത്തിയ കുരങ്ങുപനി വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗവ്യാപനം ഇല്ലാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും കുരങ്ങുപനി  ലക്ഷണങ്ങളോടെ തൃശൂരിൽ ഇരുപത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും വീണാ ജോർജ് പറഞ്ഞു.

വ്യാപനശേഷി കുറവാണെങ്കിലും പകർച്ചവ്യാധിയായതിനാൽ ഒരു രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട എല്ലാ പ്രതിരോധമാർഗങ്ങളും പാലിക്കേണ്ടതാണ്. കുരങ്ങുപനി  മരണനിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന് എന്തുകൊണ്ട് മരണം സംഭവിച്ചു എന്നതിൽ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയിൽ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, ഇന്ത്യയിലെ മങ്കിപോക്‌സ് യൂറോപ്പിലെ വകഭേദമല്ലെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. യൂറോപ്പിൽ അതീവ വ്യാപനശേഷിയുള്ള ബി-വൺ വകഭേദമാണുള്ളത്. കേരളത്തിൽ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകൾ ജനിതകശ്രേണീകരണത്തിന് വിധേയമാക്കി നടത്തിയ പരിശോധനയിൽ എ-രണ്ട് വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനം നടത്തിയ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെയും ഐ.സി.എം.ആറിലെയും ശാസ്ത്രജ്ഞർ പറഞ്ഞു.

യൂറോപ്പിൽ, അതിതീവ്രവ്യാപനത്തിന് കാരണമായത് ബി വൺ വകഭേദമാണ്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന പ്രതിഭാസം ആരംഭിച്ചതും യൂറോപ്പിലെ അതിതീവ്രസമയത്താണെന്നാണ് വിദഗ്ധരുടെ വാദം. തുടർന്ന് 78 രാജ്യങ്ങളിലായി 18,000-ത്തിലധികം ആളുകളിലേക്കാണ് രോഗം പകർന്നതെന്ന് സി.എസ്‌ഐ.ആർ.-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞൻ വിനോദ് സ്‌കറിയ ട്വീറ്റ് ചെയ്തു. എന്നാൽ, ഇന്ത്യയിലെ എ.രണ്ട് വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥയായി മങ്കിപോക്‌സിനെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിനുകൾ വികസിപ്പിക്കാൻ ഐ.സി.എം.ആർ. സ്വകാര്യ മരുന്നുനിർമ്മാണക്കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിട്ടുണ്ട്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഉയർന്ന അപകടസാധ്യതയുള്ളവർക്കുമാത്രം വിതരണംചെയ്യാനാണ് തീരുമാനം. ചെറുപ്പത്തിൽ വസൂരി വാക്സിനേഷൻ എടുത്തിട്ടില്ലാത്ത 45 വയസ്സിന് താഴെയുള്ളവർക്കും വാക്സിൻ നൽകാനാണ് സാധ്യത. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.