ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ ടേബിൾ ടെന്നീസ് ടീം സെമി ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ അനായാസം കീഴടക്കി. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യയുടെ വിജയം. 3-0 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയ്ക്ക് വേണ്ടി സിംഗിൾസിൽ ശരത് കമൽ അജന്ത, സത്തിയൻ ജ്ഞാനശേഖരൻ എന്നിവരും ഡബിൾസിൽ സത്തിയൻ-ഹർമൻ ദേശായ് സഖ്യവും വിജയം നേടി. സെമിയിൽ നൈജീരിയയാണ് ഇന്ത്യയുടെ എതിരാളി.

ഡബിൾസ് മത്സരമാണ് ആദ്യം നടന്നത്. ഡബിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ സത്തിയൻ-ഹർമൻ സഖ്യം ബംഗ്ലാദേശിന്റെ ബാവം-റിഡോയ് സഖ്യത്തെ അനായാസം കീഴടക്കി. സ്‌കോർ: 11-8, 11-6, 11-2.

രണ്ടാം മത്സരത്തിൽ സിംഗിൾസിൽ ഇന്ത്യയുടെ ശരത് കമലാണ് മത്സരിക്കാനിറങ്ങിയത്. ബംഗ്ലാദേശിന്റെ റിഫാത്ത് സാബിറിനെ നിലംതൊടാനനുവദിക്കാതെ കമൽ അനായാസ വിജയം കുറിച്ചു. സ്‌കോർ: 11-4, 11-7, 11-2. ഇതോടെ ഇന്ത്യ 2-0 ന് മുന്നിലെത്തി.

മൂന്നാം മത്സരത്തിൽ ഡബിൾസിന് പിന്നാലെ സിംഗിൾസ് മത്സരത്തിനെത്തിയ സത്തിയനും അനായാസ വിജയം നേടി. അഹമ്മദ് റിഡ്ഡിക്കെതിരേ ആദ്യ മൂന്ന് സെറ്റ് നേടിക്കൊണ്ട് താരം ഇന്ത്യയ്ക്ക് സെമി ഫൈനൽ പ്രവേശനം സാധ്യമാക്കി. സ്‌കോർ: 11-2, 11-3, 11-5.