തിരുവനന്തപുരം: മത്സ്യബന്ധനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യമായ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കുന്നതിന് ദീർഘനാളായി അവർക്കൊപ്പം പരിശ്രമത്തിലാണ് നടനും ബിജെപി നേതാവുമായ നടൻ കൃഷ്ണകുമാർ. ആശയപരമായ താൽപര്യംകൊണ്ട് ബിജെപിയിൽ അംഗത്വം എടുക്കുകയും തെരഞ്ഞെടപ്പിൽ മത്സരിക്കുകയും നേതാവായി മാറുകയും ചെയ്തയാളാണ് നടൻ കൃഷ്ണകുമാർ.

ബിജെപിയുടെ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജുവിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പ് കാലത്താണ് കൃഷ്ണകുമാർ തലസ്ഥാന നഗരത്തോട് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു വലിയ ജനസമൂഹം ജീവിച്ചിരിപ്പുണ്ടെന്ന കാര്യം വളരെ അടുത്ത് അറിഞ്ഞത്.

കടപ്പുറത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ. അവിടെ എല്ലാ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുമുണ്ട്. കൂടുതലും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്. ആ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കടൽത്തീരത്ത് തന്നെ കുടിൽ കെട്ടി താമസിക്കുന്നു. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. അവിടെ നിന്നും അവർ മീൻ പിടിക്കുന്നതിന് വേണ്ടി കടലിലേക്ക് പോകുന്നു.



കടൽതീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും അവരുടെ പ്രവർത്തന മേഖലയ്ക്കും വർഷങ്ങളായി ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ വർഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതേ സമയം രാഷ്ട്രീയമായി മത്സ്യത്തൊഴിലാളികൾ കൃത്യമായ പക്ഷം ഉള്ളവരാണ്. അവിടെ ബിജെപിക്ക് കടന്നുവരാൻ സാധിക്കുന്നില്ല. കാലാകലങ്ങളായി മത്സ്യത്തൊഴിലാളികളുടെ മേഖലയിൽ കടന്നുകയറാൻ ബിജെപി ശ്രമിച്ചിട്ടും അവർക്ക് കഴിഞ്ഞിട്ടില്ല. അതാണ് അവിടുത്തെ രാഷ്ട്രീയ ഭൂമിശാസ്ത്രം.

പക്ഷെ നടൻ എന്ന സ്വീകാര്യത മുൻനിർത്തി മത്സ്യത്തൊഴിലാളികളുടെ പല പ്രശ്‌നങ്ങളിലും നേരിട്ട് ഇടപെടുകയുണ്ടായി. അങ്ങനെ തലസ്ഥാനത്ത് ഒരു ഫിഷിങ് ഹാർബർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് മനസ്സിലാക്കി. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂന്തുറ മുതൽ വേളി വരെയുള്ള പ്രദേശത്തുള്ളവർക്ക് മീൻ പിടിക്കാൻ കടലിലേക്ക് ഇറങ്ങുവാൻ സൗകര്യമില്ല. ആകെപ്പാടെ ശംഖുമുഖത്തായിരുന്നു. പിന്നെ വിഴിഞ്ഞത്താണ്. വിഴിഞ്ഞം ഇപ്പോൾ തുറമുഖ പ്രദേശമായി മാറുകയാണ്. ശംഖുമുഖം കടലെടുത്തു. മത്സ്യത്തൊഴിലാളികൾക്ക് വള്ളം ഇറക്കുന്നതിനോ മീൻ പിടിച്ചുകൊണ്ടുവരുന്നതിനോ ഉള്ള സൗകര്യം ഇല്ല.

യന്ത്രബോട്ടുകളിലാണ് പോകുന്നതെങ്കിൽ തിരിച്ച് കരയിലെത്താൻ വലിയ പ്രയാസം നേരിടേണ്ടി വരുന്നു. അതുകൊണ്ട് വലിയതുറപാലത്തിൽ ചെന്ന് കടലിലേക്ക് എടുത്ത് ചാടിയാണ് അവർ മത്സ്യബന്ധനത്തിന് പോകുന്നത്. മുട്ടിടും അതിന് പിന്നാലെ എടുത്ത് ചാടും. കടലിലെ തിര നോക്കിയുള്ള ഒരു കണക്കുകൂട്ടലിലാണ് ഈ ചാട്ടം ചാടുന്നത്. പക്ഷെ പലപ്പോഴും അപകടം ഉണ്ടാകാറുണ്ട്. നിരവധി പേർ ഈ പരിശ്രമത്തിനിടയിൽ മരിച്ചുപോയിട്ടുണ്ട്. അതൊക്കെ ഒറ്റക്കോളം വാർത്തയിൽ ഒതുങ്ങും. മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും കുടുതൽ അന്വേഷിക്കാറില്ല. ഈ മത്സ്യത്തൊഴിലാളികൾ രണ്ട് മൂന്ന് ദിവസം കടലിൽ കഴിഞ്ഞിട്ട് തിരിച്ചുവരുമ്പോൾ അവർക്ക് മീൻ കയറ്റാൻ വഴിയില്ല. വലിയ കയറിൽ കപ്പി കെട്ടി വലിച്ചു കയറ്റുകയാണ്. അല്ലെങ്കിൽ അവർ വിഴിഞ്ഞത്തുകൊണ്ടുപോകണം.

അതിനുള്ള അധിക ചെലവ്. വലിയതുറയിലെ മത്സ്യത്തൊഴിലാളികൾ മീൻ വിഴിഞ്ഞത്തുകൊണ്ടുപോകുക എന്നത് ചെലവേറിയ കാര്യമാണ്. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഒരു ഫിഷിങ് ഹാർബർ എന്നത്. അങ്ങനെ വന്നാൽ ഈ പ്രദേശത്തെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഭയമില്ലാതെ പോകാൻ കഴിയും. മീൻ പിടിച്ച് തിരികെ കരയിലേക്ക് കൊണ്ടുവരാൻ കഴിയും. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല.

2021 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ കൃഷ്ണകുമാർ ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മോദി അപ്പോൾതന്നെ രണ്ട് മന്ത്രിമാരെ സ്ഥലം സന്ദർശിക്കാൻ വിട്ടു. മുരളീധരനും പ്രഹ്‌ളാദ് ജോഷിയും അവിടെ നേരിട്ടെത്തി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നു. തുടർന്ന് കൃഷ്ണകുമാറും സംഘവും ഡൽഹിയിൽ പോയി കേന്ദ്ര ഫിഷറീസ് മന്ത്രിയെ നേരിട്ടുകണ്ടു. ഫിഷറീസ് മന്ത്രി സഹമന്ത്രിയായ എൽ മുരുകനെ ചുമതലയേൽപ്പിക്കുന്നു. കർണാടകയുടെ ഫിഷറീസ് മന്ത്രിയെക്കൂടി ടീമിൽ ഉൾപ്പെടുത്തുന്നു. അങ്ങനെ അവർ നീണ്ട പരിശ്രമങ്ങളും പഠനങ്ങളും നടത്തി ഏതാണ്ട് 160 - 170 കോടി രൂപ മുടക്കി വലിയതുറയിൽ ഒരു ഫിഷറീസ് ഹാർബർ തുടങ്ങാം എന്ന് ഒടുവിൽ കണ്ടെത്തുന്നു.

പഠനങ്ങൾ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു. അതുമായി മുന്നോട്ട് പോയി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടു. ഒടുവിൽ കേന്ദ്രസർക്കാർ അറുപത് ശതമാനം തുക ഇതിനായി വിനിയോഗിക്കാം. സ്ഥലം ഏറ്റെടുക്കുന്നത് അടക്കം നാൽപത് ശതമാനം തുക സംസ്ഥാന സർക്കാർ കണ്ടെത്തണം എന്ന് നിർദ്ദേശിക്കുന്നു. അവിടെ ആ പരിശ്രമത്തിന് ഇടവേള വരുന്നു.

കാരണം ഇപ്പോൾ ഈ ഹാർബർ വന്നാൽ അത് ബിജെപിക്ക് ഗുണം ഉണ്ടാകും. തീരദേശത്ത് ബിജെപി വളരാൻ കാരണമാകും. അതുകൊണ്ട് ഒരു കാരണവശാലും അതിന് അനുവദിക്കരുത് എന്നാണ് ഭരണകക്ഷിയായ സിപിഎം തീരുമാനം. എന്തുകൊണ്ട് ഇത്രയും കാലമായിട്ടും ഒരു ഫിഷിങ് ഹാർബർ ഇല്ലാത്തത് എന്ന ചോദ്യത്തിന് മറുപടികളില്ല. എന്നിട്ടും പദ്ധതി നടപ്പാക്കുന്നതിന് സിപിഎം എതിരു നിൽക്കുകയാണ്.

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ വലിയ പ്രഖ്യാപനങ്ങൾ നടത്തും. പുലിമുട്ടുകൾ നിർമ്മിക്കുമെന്ന് പറയും. മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്നതിന് വിഷയം പഠിക്കാൻ വിദഗ്ധ സംഘത്തെ വയ്ക്കും. പണം ചെലവിട്ട് പഠിക്കും പക്ഷെ പദ്ധതികൾ നടപ്പാകുകയില്ല. കടൽഭിത്തിയുടെ കാര്യം പോലെ അഴിമതികൾ മാത്രം ആണ് ശേഷിക്കുന്നത്.

ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കടൽഭിത്തികൾ തകർന്ന് തരിപ്പണം ആയിട്ടും തീരം സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതുപോലെ ഫിഷിങ് ഹാർബർ എന്ന ആവശ്യത്തോടും മുഖം തിരിച്ച് പോകുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ ഫിഷിങ് ഹാർബർ വന്നാൽ അതിന്റെ മൈലേജ് ബിജെപിക്ക് കിട്ടും കൃഷ്ണകുമാറിന് കിട്ടും എന്നതിനാൽ ഇടതു നേതാക്കൾ എതിരായി നിൽക്കുന്നു. കടുത്ത ബിജെപി വിരുദ്ധത ഉയർത്തി അടിമകളെപ്പോലെ മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങളാണ് ഇടതു നേതാക്കൾ നടത്തുന്നത്. ഇവിടെയുള്ളവരെ കടുത്ത സംഘവിരോധികാളിക്കി മാറ്റിയിരിക്കുകയാണ്

ഹാർബറിന്റെ വിഷയത്തിൽ അടക്കം ഇടപെട്ടുകൊണ്ട് കൃഷ്ണകുമാർ നടത്തുന്ന പ്രവർത്തനങ്ങളാൽ അദ്ദേഹത്തിന് പ്രദേശത്ത് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. ഫിഷിങ് ഹാർബർ കൂടി യാഥാർത്ഥ്യമായാൽ മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ സിപിഎമ്മിനെ കൈവിടുമോ എന്ന ആശങ്കയാണ് പദ്ധതി നടപ്പാക്കാതിരിക്കാൻ തടസ്സം സൃഷ്ടിക്കുന്നത്.

അതായത് വലിയതുറയിലെയും സമീപ പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് അപകടം കൂടാതെ മീൻപിടിക്കാൻ പോകുന്നതിന് വേണ്ട സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് പിണറായി സർക്കാർ. എന്തായാലും സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെയില്ല. ഏതെങ്കിലും തരത്തിൽ കേന്ദ്രവുമായി ധാരണയിലെത്തി പദ്ധതി നടപ്പാക്കാൻ വേണ്ട ഒരു ശ്രമവും നടത്തുന്നില്ല.

ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയതോടെ കൃഷ്ണകുമാർ വീണ്ടും ഇടപെട്ടു. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറടക്കം തിരുവനന്തപുരത്ത് എത്തുകയുണ്ടായി.രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രി വന്നതെന്ന് മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി.

മത്സ്യത്തൊഴിലാളികളുടെ ദുരിതം കൃഷ്ണകുമാർ കേന്ദ്രമന്ത്രി ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജയശങ്കർ സ്ഥലം സന്ദർശിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ബിജെപി പ്രദേശത്ത് ഒരു സായാഹ്ന ധർണ നടത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ കാര്യം പറഞ്ഞത് വീണ്ടും കൃഷ്ണകുമാർ ശ്രദ്ധയിൽകൊണ്ടുവന്നു. സൗജന്യമായി പാർപ്പിടം നിർമ്മിച്ചു കൊടുക്കാനുള്ള പദ്ധതി ഉണ്ടായിട്ടും കടപ്പുറത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് എന്തുകൊണ്ട് വീട് കിട്ടുന്നില്ല എന്ന കാര്യം കൃഷ്ണകുമാർ ഉന്നയിച്ചു. തീരദേശവാസികളുടെ അവകാശം എന്തുകൊണ്ട് നിഷേധിക്കുന്നു എന്നതിന്റെ കാരണം കൃഷ്ണകുമാർ വേദിയിൽ പറഞ്ഞു.

ഫിഷിങ് ഹാർബറിനായി മത്സ്യത്തൊഴിലാളികൾ നൽകിയ മെമോറാണ്ടം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറിയിരുന്നു. അന്ന് പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ച് മടങ്ങുന്നതിന് മുമ്പ് രണ്ട് കേന്ദ്രമന്ത്രിമാരെ സ്ഥലം സന്ദർശിക്കുന്നതിന് അടക്കം ചുമതലപ്പെടുത്തി. തുടർന്ന് പദ്ധതിക്കായി കേന്ദ്രമന്ത്രിമാർ നടത്തിയ ഇടപെടലും കേന്ദ്ര ഫിഷറീസ് മന്ത്രിയെ നേരിട്ടു കണ്ട് വിഷയം അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ വിവരങ്ങളും കൃഷ്ണകുമാർ വേദിയിൽ ആവർത്തിച്ചു.

കേന്ദ്രഫിഷറീസ് സഹ മന്ത്രി എൽ മുരുകൻ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് വേണ്ട കാര്യങ്ങൾ കേന്ദ്രമന്ത്രി നേരിട്ട് ധരിപ്പിച്ചു. യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

കടൽപ്പാലത്തിന് മുകളിൽ നിന്നും കട്ടമരം തള്ളിയിട്ട് ചാടിയാണ് മത്സ്യത്തൊഴിലാളികൾ പോകുന്നത്. ധാരാളം പേർക്ക് പരിക്കേൽക്കുന്നു. മരിക്കുന്നു. ഇതിനൊക്കെ ശാശ്വതമായ പരിഹാരം കാണുന്നതിനാണ് ഫിഷിങ് ഹാർബർ നിർമ്മിക്കുവാനുള്ള പദ്ധതി മുന്നോട്ട് വച്ചത്. ട്രജിങ് നടത്തി ലഭിക്കുന്ന മണൽ പ്രദേശത്തെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാം.

പദ്ധതി നടപ്പാക്കുന്നതിന് മത്സ്യത്തൊഴിലാളികളുടെ നിവേദനം വാങ്ങി വീണ്ടും കേന്ദ്രസർക്കാരിന് മുന്നിൽ വയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി. വലിയ തുറ ഹാർബർ നടപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ കൃഷ്ണകുമാർ തുടരുകയാണ്. ഇടത് സർക്കാർ എതിർപ്പു തുടരുന്ന പശ്ചാത്തലത്തിൽ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടിയാണ് കൃഷ്ണകുമാറും ബിജെപിയും നടത്തുന്നത്.