ബെംഗളൂരു: ഡേറ്റിങിനായി പുരുഷന്മാരെ തേടിയ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്‌നവിഡിയോ പകർത്തുകയും സ്വർണവും 2.2 ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ചിക്കഗൊല്ലരഹട്ടി സ്വദേശിനി ആർ.മംഗള (30), ഭർത്താവ് രവികുമാർ (35), ഇവരുടെ സഹായികളായ ശിവകുമാർ (29), ശ്രീനിവാസ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 20ന് ആയിരുന്നു സംഭവം. വിവാഹമോചിതയായ 32 വയസ്സുള്ള യുവതിയാണ് ആക്രമണത്തിന് ഇരയായത്. യുവതിയുടെ സുഹൃത്താണ് അറസ്റ്റിലായ മംഗള. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി തന്റെ സുഹൃത്തു വഴി മെയ്‌ മാസത്തിലാണ് മംഗളയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാവുകയും ചെയ്തു. ഈ അടുപ്പത്തില്ുണ്ടായ വിശ്വാസത്തിന്റെ പുറത്ത് തനിക്ക് പുരുഷന്മാരുമായി ഡേറ്റിങിന് താൽപര്യമുണ്ടെന്ന് യുവതി പറഞ്ഞു. യുവതിക്ക് അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ആളിനെ കണ്ടെത്തി നൽകാമെന്നു മംഗള വാഗ്ദാനം ചെയ്തു.

ഇടയ്ക്കിടെ യുവതിയുടെ വീടു സന്ദർശിച്ചിരുന്ന മംഗള, അവരുടെ ആഡംബര ജീവിതരീതിയും മനസ്സിലാക്കിയിരുന്ന. പിന്നീട്, ഭർത്താവ് രവികുമാറുമായി ചേർന്നു യുവതിയെ തട്ടിക്കൊണ്ടുപോകാനും പണം കവരുന്നതിനു പദ്ധതി തയാറാക്കുകയായിരുന്നു. ജൂലൈ 20നു മംഗള യുവതിയെ ഫോണിൽ വിളിച്ച്, ഡേറ്റിങ്ങിനായി ഒരാളെ കിട്ടിയിട്ടുണ്ടെന്നും മഹാലക്ഷ്മി ലേഔട്ടിലെ സ്വിമ്മിങ് പൂളിന് സമീപം കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് കാത്തുനിന്ന യുവതിയെ, ശിവകുമാർ കാറിലെത്തി കൂട്ടിക്കൊണ്ടുപോയി. എന്നാൽ വഴിയിൽവച്ച് രവികുമാറും ശ്രീനിവാസും കാറിൽ കയറി. യുവതി ഇത് എതിർത്തപ്പോൾ, തവരെകെരെയിലെ ഒഴിഞ്ഞസ്ഥലത്തു കാർനിർത്തിശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. യുവതിയെ വിവസ്ത്രയാക്കുകയും നഗ്‌നവിഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു.

പിന്നീട്, വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തിയശേഷം യുവതിയുടെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പണവും തട്ടിയെടുത്തു. എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപയും ഓൺലൈൻ ട്രാൻസ്ഫർ വഴി 84,000 രൂപയും പിൻവലിച്ചു. ആകെ 2.2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ആഘാതം വിട്ടുമാറിയശേഷമാണ് യുവതി പരാതി നൽകിയത്. പിന്നാലെ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.