തലശേരി: പാനൂരിൽ ആഡംബര വിവാഹത്തിന് കാവലിനായി സിവിൽ പൊലിസ് ഓഫിസർമാരെ വാടകയ്ക്കു വിട്ടു നൽകിയ സംഭവത്തിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. അഡീഷണൽ എസ്‌പി പി പി സദാനന്ദന്റെ ഓഫീസിലെ സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീഷണൽ എസ് പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കമ്പ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നൽകിയത്.

അഡീഷണൽ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരിൽ ഉത്തരവ് നൽകിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ വീട്ടിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അനുമതിയോടെ അല്ലെന്ന് അഡീഷണൽ എസ് പി സദാനന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാനൂർ പുത്തൂരിലെ പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂർ എ ആർ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നൽകിയ കണ്ണൂർ അഡീഷണൽ സൂപ്രണ്ടിന്റെ ഉത്തരവാണ് വിവാദമായത്. സംഭവം പൊലീസിനുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

പാനൂർ പുത്തൂരിലെ പ്രവാസി വ്യവസായിയും ജൂവലറി ഉടമയുമായ വ്യക്തിയുടെ മകളുടെ വിവാഹത്തിനാണ് നാല് പൊലീസുകാരെ വിട്ട് നൽകിയത്. ജൂലൈ 31 നടന്ന നടന്ന കല്യാണത്തിന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസുകാരെ വിട്ട് നൽകിയത്. ഒരു പൊലീസുകാരന് 1400 രൂപ വീതം ഈടാക്കുകയും ചെയ്തിരുന്നു.

എന്നാൽ സംഭവത്തിൽ പൊലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ കെ ആർ ബിജു പ്രതിഷേധവുമായി രംഗത്തുവന്നതോടെ സംഭവം വിവാദമായത്. പൊലിസിന്റെ അഭിമാനം കെടുത്തുന്ന തരത്തിൽ വിൽപ്പന ചരക്കാക്കിയെന്നായിരുന്നു ആരോപണം.