തിരുവനന്തപുരം: വിവാഹ ചടങ്ങ് ഉൾപ്പെടെ സ്വകാര്യ ചടങ്ങുകൾക്ക് പൊലീസുകാരെ ഡ്യൂട്ടിക്ക് നിശ്ചയിക്കാനുള്ള തീരുമാനത്തിനെതിരെ പൊലീസ് സേനയിൽ അമർഷം പുകയുകയാണ്. ഇതു സംബന്ധിച്ച് 2022 ജൂൺ 15 നാണ് 117/2022 നമ്പർ പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എആർ ക്യാമ്പിൽ നിന്നുള്ള സേനാംഗങ്ങളെയാണ് ഇത്തരത്തിൽ ആവശ്യക്കാർക്ക് ദിവസ വേതന നിരക്കിൽ നൽകാൻ നിശ്ചയിച്ചത്. അപേക്ഷയോടൊപ്പം 0055-00-102-99-00 പൊലീസ് സപ്ലൈഡ് ടു അദർ പാർട്ടീസ് എന്ന ശീർഷകത്തിൽ ഒരു പൊലീസുകാരന് 1400 രൂപ വീതം ട്രഷറിയിലടച്ച് ചലാൻ കോപ്പി നൽകിയാൽ സേവനം ലഭിക്കും. ചടങ്ങുകളിലേക്ക് പൊലീസുകാരെ നിയമിക്കുന്നതിനുള്ള വിവേചനാധികാരം മേലുദ്യോഗസ്ഥനാണെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പാനൂർ പുത്തൂരിലെ വീട്ടിൽ വിവാഹ ചടങ്ങിൽ നാല് പൊലീസുകാർക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. രാവിലെ ഒൻപത് മണിമുതൽ അഞ്ച് മണിവരെയാണ് പൊലീസുകാർ കല്ല്യാണ വീട്ടിൽ സുരക്ഷയുടെ ഭാഗമായി പാറാവ് ജോലി ചെയ്തത്. ഉത്തരവ് നടപ്പിലാക്കിയാൽ വിവാഹ വീടുകളിലും മറ്റ് സ്വകാര്യ ചടങ്ങുകളും നടക്കുന്നിടത്ത് യൂണിഫോമിൽത്തന്നെ സെക്യൂരിറ്റി ജീവനക്കാരുടെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഇതിനെതിരെ സേനയ്ക്കുള്ളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

വിവാഹ ചടങ്ങിൽ നാല് പൊലീസുകാരെ പാറാവിന് നിയോഗിച്ചുകൊണ്ടുള്ള കണ്ണൂരിലെ അഡീഷണൽ എസ് പി പി സദാനന്ദന്റെ പേരിൽ ഇറങ്ങിയ ഉത്തരവ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഒരു പൊലീസുകാരന് 1400 രൂപ വീതം ഈടാക്കിക്കൊണ്ടുള്ള ഇടപാടായിരുന്നു അത്. അത് എത്രമാത്രം പൊലീസ് സേനയെ വേദനിപ്പിക്കുന്നുണ്ട്. പൊലീസ് യൂണിഫോം ഇട്ടവരുടെ അന്തസിനെ ബാധിക്കുന്നുണ്ട് എന്നതിന് തെളിവായി പൊലീസുകാർ മാത്രം ഉള്ള ഒരു വാട്‌സാപ് ഗ്രൂപ്പിൽ ഒരു പൊലീസ് ഓഫീസർ ഇട്ട കുറിപ്പ് ഇങ്ങനെയായിരുന്നു.



വിവാഹ സൽക്കാരത്തിന് നാല് പൊലീസുകാരെ വാടകയ്ക്ക് കൊടുത്തിരിക്കുന്നു. അതും 1400 രൂപയ്ക്ക്. ഒരു പൊലീസുകാരന്റെ ഒരു ദിവസത്തെ വാടക 350 രൂപ. സഞ്ചയന വീട്ടിലും മറ്റും കെട്ടുന്ന ടാർപോളിന് ഇതിലും കൂടുതൽ വാടകയുണ്ട്. പി എസ് സി പരീക്ഷ പാസായി ജോലിക്കു കയറുന്ന പൊലീസുകാരന്റെ ചുമതലയല്ല, കല്യാണത്തിനും അടിയന്തരത്തിനും നാല് കെട്ടിനും പെണ്ണുകാണലിനും വീടിന് മുന്നിൽ ചെന്ന് സല്യൂട്ട് അടിച്ച് നിൽക്കുന്നത്. പൊലീസുകാരന് 350 രൂപയാണ് വാടകയെങ്കിൽ എഡിജിപിക്കും ഡിജിപിക്കും രണ്ടായിരത്തിൽ കൂടുതലാകില്ല വാടക. അപ്പോൾ മുന്തിയ വീട്ടിലെ വിശേഷത്തിന് മുന്തിയ ഈ വർഗത്തിനെ വിടുന്നതല്ലെ ഒരു ഗും. സാധാ പി എസ് സി പരീക്ഷ എഴുതവരേക്കാൾ തിളക്കം ഐപിഎസ് കിട്ടിയവർക്കല്ലെ. ഏതുകൊമ്പത്തെ ഏമാനാണ് പറഞ്ഞ് അയച്ചതെങ്കിലും അയാളുടെ ആത്മാഭിമാനത്തിന്റെ വില ഓട്ടക്കാലണയായിരിക്കും. ഇത്തരം ഏമാന്മാരുടെ സ്റ്റേഷൻ പരിധിയിൽ നാല് കല്യാണവും ചോറൂണും അടിയന്തരവും ഒത്തുവന്നാൽ സ്‌റ്റേഷനിൽ കാവൽ നിൽക്കാൻ വെളിയിൽ നിന്നും ആളിനെ വാടകയ്ക്ക് എടുക്കേണ്ടി വരും. ഇതുപോലുള്ള കോന്തൻ ഏമാന്മാരാണ് ആത്മാഭിമാനമുള്ള നട്ടെല്ലുള്ള സത്യസന്ധരായ പൊലീസുകാർക്കും കൂടി പേരുദോഷം ഉണ്ടാക്കുന്നത്. അവസരം കിട്ടിയാൽ ഈ ജാതികൾ പൊലീസ് ജീപ്പ് ടാക്‌സി ഓടാൻ നൽകും. സ്വന്തം ഓഫീസ് മുറി വാടകയ്ക്കും നൽകും. നാണംകെട്ട വർഗം. ഇതൊരു പൊലീസ് ഓഫീസറുടെ കുറിപ്പാണ്.

രണ്ടാമത്തെ വാർത്ത ഇങ്ങനെ. ദുബായിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കബളിപ്പിച്ചുകൊണ്ട് അഞ്ച് ലക്ഷം ദിർഹവുമായി മലപ്പുറം വാഴക്കാടുള്ള ആഷിക് എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ മുങ്ങിയെന്ന ഒരു പരാതി വാഴക്കാട് പൊലീസ് സ്റ്റേഷനിൽ കിട്ടുന്നു. അതെക്കുറിച്ചുള്ള പരാതിയിൽ അന്വേഷണം നടക്കുന്നു എന്നുമുള്ള വാർത്ത കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തുവരുന്നു. തൊട്ടുപിന്നാലെ ഈ ആഷികിന്റെ ഒരു വീഡിയോ പുറത്തുവരുന്നു സുഹൃത്തുക്കൾ വഴി പുറത്തുവിട്ടതാണ്. ആഷിക് വീഡിയോയിൽ പറയുന്നത് ഞാൻ ഒരിടത്തേക്കും മുങ്ങിയിട്ടില്ല. ഞാൻ സുരക്ഷിതമായി ഒരിടത്തുണ്ട്. എന്റെ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഒളിവിൽ കഴിയുന്നതെന്ന്. അഞ്ച് ലക്ഷം ദിർഹവുമായി ദുബായിലെ സ്ഥാപനം ഉടമയെ കബളിപ്പിച്ചു മുങ്ങിയ ആഷിക് തീർച്ചയായും ഒരു കുറ്റവാളിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. വാഴക്കാട് പൊലീസ് ഇയാളെ പിടികൂടി അകത്തിടുമെന്ന് തന്നെയാണ് വിശ്വാസം.

എന്നാൽ മറുനാടൻ മലയാളിയുടെ പ്രതിനിധി വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പൊലീസ് ഓഫീസറോട് കാര്യം തിരക്കി. അദ്ദേഹത്തിന് അങ്ങനെയൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്. ഞങ്ങൾ അന്വേഷിക്കുന്നത് ഈ ആഷികിന്റെ തിരോധാനം മാത്രമാണ് എന്നും മറുനാടൻ മലയാളിയുടെ പ്രതിനിധിയോട് പറഞ്ഞു. ഈ അഞ്ചു ലക്ഷം ദിർഹം മോഷ്ടിച്ചു എന്നതിന് ഔദ്യോഗികമായി ഒരു പരാതിയില്ല. സ്വാഭാവികമായും ദുരൂഹത തോന്നും. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ആ സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായിട്ടുണ്ട്. ആ പരാതി ഇങ്ങനെയാണ്. ഷുഹൈബ് കൊളക്കത്ത്. അൽകരാമ, ദുബായ് എന്ന ഫ്രം അഡ്രസിൽ നിന്നും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വാഴക്കാട് പൊലീസ് സ്റ്റേഷൻ എന്ന പേരിലാണ് പരാതി നൽകിയിരിക്കുന്നത്.

അഞ്ച് ലക്ഷം ദിർഹം കൊടുത്തതും യുവാവിനെ കാണാനില്ല എന്നതും വിശദീകരിക്കുന്ന കത്താണ് പരാധിക്ക് ആധാരം. അഞ്ച് ലക്ഷം ദിർഹവുമായി മുങ്ങി എന്ന പരാതി നിലനിൽക്കുന്നു. പി പി സദാനന്ദൻ എന്ന അഡീഷണൽ എസ് പി പൊലീസുകാരെ വിവാഹത്തിന് കാവൽ നിൽക്കാൻ വിട്ടു എന്ന വാർത്തയും തമ്മിൽ ചില ബന്ധങ്ങളുണ്ട്. ആദ്യമെ പറയട്ടെ. സദാനന്ദൻ എന്ന അഡീഷണൽ എസ് പി കാവലിന് പൊലീസ് ഉദ്യോഗസ്ഥരെ വിട്ട ഉത്തരവുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പറയുന്നുണ്ട്. അത് കള്ളമാണ്. സദാനന്ദൻ ഒപ്പിട്ടിട്ടു തന്നെയാണ് അത് പൊയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അത് കണ്ടെത്തിയിട്ടുണ്ട്.

സദാനന്ദൻ അതിന് പറയുന്ന ന്യായികരണം, ലോക്‌നാഥ് ബഹ്‌റ ഡിജിപിയായിരുന്നപ്പോൾ ഇറക്കിയ ഉത്തരവ് അനുസരിച്ച് അങ്ങനെ കൊടുക്കാൻ അവകാശമുണ്ട് എന്നാണ്. താനറിഞ്ഞില്ല എന്ന് പറയുന്നത് സംശയം ഉണർത്തുന്ന കാര്യമാണ്. അഞ്ച് ലക്ഷം കാണാതെ പോയി എന്ന് പറയുന്നത് ഒരു കള്ളകഥയാണ്. അതാണ് പൊലീസ് ഇപ്പോഴും കേസ് എടുക്കാത്തത്. അഞ്ച് ലക്ഷം ദിർഹം നഷ്ടപ്പെട്ടെങ്കിൽ നഷ്ടപ്പെട്ടയാളുടെ സുഹൃത്തല്ല പരാതി നൽകേണ്ടത്. നഷ്ടപ്പെട്ടവരാണ് പരാതി നൽകേണ്ടത്. പണം നഷ്ടപ്പെട്ടവൻ പരാതി നൽകിയതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല. അപ്പോൾ അവിടെ ദുരൂഹതയുണ്ടാകുന്നു. പൊലീസിനെ ഇടപെടുത്തി ഈ പ്രശ്‌നം രഹസ്യമായി തീർക്കാൻ ചിലർ പരിശ്രമിക്കുന്നു എന്ന് വ്യക്തമാകുന്നു.

അപ്പോൾ ആഷിക് എന്തിനാണ് ഒളിവിൽ പോയിരിക്കുന്നത് എന്നതാണ് വിഷയം. അന്വേഷണത്തിൽ മനസിലാക്കിയിടത്തോളം സ്വർണമാണ് ഈ കമ്പനിയിൽ നിന്നും ആഷിക് കൊണ്ടുപോന്നിട്ടുള്ളത്. സ്വർണമാണ് കടത്തിയിരിക്കുന്നത്. അതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. മലബാറിലെ സ്വർണക്കടത്തുകളുടെ വാർത്തകൾ അറിയുമ്പോൾ നമ്മൾ ഞെട്ടിത്തരിച്ചുപോകും. ഇങ്ങനെ കൊണ്ടുവരുന്ന സ്വർണം പിടിച്ചുപറിക്കുന്ന മറ്റു സംഘങ്ങളും അവിടെയുണ്ട്. അർജുൻ ആയങ്കി അടക്കമുള്ളവരുടെ സംഘം. ഈ സംഘങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ദുരുഹമായ ഇടപാടുകളുടെ ഭാഗമാണ് സ്വർണവുമായി കടന്ന കാര്യം മറച്ചുവച്ച് അവർ ബോധപൂർവം അഞ്ച് ലക്ഷം ദിർഹം എന്ന കഥ ഉണ്ടാക്കിയിരിക്കുന്നത്.

പാനൂരിലെ പൊലീസ് കാവലുമായി ഇതിന് എന്ത് ബന്ധം എന്ന് തോന്നാം. അന്വേഷണത്തിൽ മനസിലായത്, ഈ കടത്തിക്കൊണ്ട് വന്ന സ്വർണം പാനൂരിലെ സ്വർണക്കടയിലേക്ക് എത്തിക്കേണ്ടതായിരുന്നു. ആ സ്വർണക്കടയിൽ എത്തിക്കേണ്ടിയിരുന്ന സ്വർണവുമാണ് ആഷിക് കടന്നുകളഞ്ഞത് എന്നാണ് സൂചന. അൻസാർ എന്നയാളുടെ മകളുടെ വിവാഹത്തിന് വേണ്ടിയിട്ടാണ് പൊലീസുകാരെ കാവലിന് നിയോഗിച്ചത്. ഈ അൻസാർ ഒരു സ്വർണക്കട മുതലാളിയാണ്. ഈ സ്വർണക്കടയിലേക്ക് എത്തിക്കേണ്ട സ്വർണമാണ് ആഷിക് കൊണ്ടുവന്നത് എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ഇക്കാര്യങ്ങൾ പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കേണ്ടതാണ്. എന്നാൽ പൊലീസ് ഇത് അന്വേഷിക്കുന്നില്ല. അത്രമാത്രം ബന്ധം അൻസാറുമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് സ്വർണകടത്ത് ചർച്ചയാകാൻ അനുവദിക്കില്ല.

പൊലീസിന്റെ ലക്ഷ്യം ആഷികിനെ കണ്ടെത്തി ഈ സ്വർണം വീണ്ടെടുത്തുകൊടുക്കുകയാണ്. ഈ കാര്യം തെറ്റാണെങ്കിൽ പൊലീസ് അന്വേഷിക്കണം. ആരാണ് പൊലീസിനെ വാടകയ്ക്ക് കൊടുത്തത് നിഷേധിക്കുന്നത്. പി പി സദാനന്ദൻ എന്ന ഒരു അഡീഷണൽ എസ് പിയാണ്. കേരളാ പൊലീസിനെ നിയന്ത്രിക്കുന്ന സൂപ്പർ ഡിജിപി ഈ സദാനന്ദൻ ആണ്. വാസ്തവത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പി ശശി അധികാരമേറ്റതിന് ശേഷം ഐപിഎസ് ഉദ്യോഗസ്ഥന്മാർ ചിത്രത്തിന് പുറത്താണ്. പി ശശി നേരിട്ട് ഡിവൈഎസ്‌പിമാരെയാണ് നിയന്ത്രിക്കുന്നത്. ആ ഡിവൈഎസ്‌പിമാരെ നിയന്ത്രിക്കാൻ രണ്ട് സീനിയർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നു വടക്കൻ മേഖലയിലെ ചുമതല പി പി സദാനന്ദനും തെക്കൻ കേരളത്തിന്റെ ചുമതല ഇ എസ് ബിജിമോനുമാണ്. ഇ എസ് ബിജിമോൻ എന്ന് പറയുന്നത് മന്ത്രി വാസവന്റെ മരുമകൻ ആണ്. ഈ രണ്ട് പേരുമാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഇവർ ഡിവൈഎസ്‌പിമാരെ വിളിക്കുന്നു. ഡിവൈഎസ്‌പിമാർ സിഐമാരെ വിളിക്കുന്നു. മുകളിലേക്കുള്ള പൊലീസ് സംവിധാനം നിർജീവമാണ്.

പി പി സദാനന്ദൻ എന്ന അഡീഷണൽ എസ് പി ഉത്തരവിട്ടിരിക്കുന്ന കാര്യം നോക്കുക. കമ്മീഷണർ അറിഞ്ഞിട്ടെയില്ല. കമ്മീഷണറുടെ തലയിൽ വയ്ക്കാൻ ശ്രമം നടന്നിരുന്നു. ശിക്ഷ എന്ന നിലയിൽ കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്‌തേക്കാം. എന്നാൽ കമ്മീഷണർ എന്ന നിലയിൽ അറിഞ്ഞിട്ടില്ല. അതിന് മുകളിലുള്ള ഉദ്യോഗസ്ഥരും അറിഞ്ഞിട്ടില്ല. ശ്രദ്ധിക്കേണ്ട ഒരു കാര്യം പിണറായി വിജയന് ഏറ്റവും വിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് പി പി സദാനന്ദൻ. എസ് ഐ ആയി പൊലീസിൽ കയറി ഒൻപത് വർഷം കണ്ണൂരിൽ എസിപിയായിരുന്നു. കേരളത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് അങ്ങനെ ഇരിക്കാൻ സാധിക്കില്ല. പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരം കണ്ണൂരിൽ ഒൻപതുകൊല്ലം എസിപിയായി പി പി സദാനന്ദൻ ഇരുന്നു. സാധാരണ റിട്ടയർമെന്റിനോട് അടുക്കുമ്പോളാണ് ചുമതല നൽകുക. ഇപ്പോൾ അഡീഷണൽ എസി പിയായി ചുമതല വഹിക്കുന്നു. ഐപിഎസ് ഒന്നും ഇല്ല. കേരളത്തിൽ സിപിഎമ്മിനെ വെള്ളപൂശാനുള്ള ന്യായികരിക്കാനുള്ള എല്ലാ അന്വേഷണ സംഘത്തിലും ഈ സദാനന്ദൻ ഉണ്ടാകും. കണ്ണൂരിലെ അഡിഷണൽ എസിപിയാണ്. അദ്ദേഹം എങ്ങനെയാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ എടുത്ത വധശ്രമക്കേസിന്റെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നത്.

സർക്കാരിനെ വെള്ളപൂശാനുള്ള എല്ലാ അന്വേഷണ സംഘത്തിലും അദ്ദേഹം ഉണ്ട്. സിപിഎം നേതാക്കൾക്ക് പൊലും അദ്ദേഹത്തോട് അതൃപ്തിയുണ്ട്. പക്ഷെ പിണറായി വിജയന് ഇത്രയും വിശ്വസ്തനായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇല്ല. ആർക്കെതിരെ പക വീട്ടണമെങ്കിലും അദ്ദേഹത്തെ ഏൽപ്പിച്ചാൽ അത് ഭംഗിയായി ചെയ്യും. അതുകൊണ്ടാണ് ഇത്രയും കാലം ഉയർന്ന പദവിയിൽ അദ്ദേഹത്തിന് തുടരാൻ സാധിച്ചത്. മാഫിയ സംഘങ്ങളും പൊലീസുമായുള്ള ബന്ധം എങ്ങനെയാണ് എന്ന വ്യക്തമാക്കുന്നതാണ് സമീപ കാലത്തെ ഈ സംഭവങ്ങൾ. ഇത്തരം ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതൊന്നും അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് യാതൊരു വഴിയുമില്ല. പബ്ലിക് റിലേഷൻ പുറത്തുവിടുന്ന വിവരങ്ങൾ അറിഞ്ഞ് സന്തോഷിക്കാനെ നിർവാഹമുള്ളു.