- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസ് ടെക്നീഷ്യനെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിട്ടു; പകരം വന്നവർക്ക് രക്തം കാണുമ്പോൾ തലക്കറക്കം; സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ പ്രതിസന്ധിയിൽ; സ്വകാര്യ മേഖലക്കായി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം അട്ടിമറിക്കുന്നുവെന്ന് ആരോപണം
വയനാട്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിൽ പ്രതിഷേധവുമായി രോഗികൾ അടക്കം രംഗത്തെത്തി. സ്വകാര്യ മേഖലക്കായി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. ബ്ലോക്ക് പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന സുൽത്താൻബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡയാലിസ് സെന്ററിലാണ് രോഗികളുടെ തുടർ ചികിത്സ പ്രതിസന്ധിയിലാക്കി ടെക്നീഷ്യനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. ടെക്നീഷനും അസിസ്റ്റന്റിനും പകരം വന്നവർക്ക് രോഗികളുടെ ശരീരത്തിൽ നിന്നും രക്തം പൊടിയുന്നത് കാണുമ്പോൾ തന്നെ തലക്കറവും ശരീരം കുഴച്ചിലും വരുന്നതായാണ് ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് ഡയാലിസിസ് ടെക്നിഷ്യനായ ബ്രീജിഷിനേയും അസിസ്റ്റന്റ് ടെക്നീഷ്യയായ നൂറാ മുഹമ്മദ് അലിയെയും പുറത്താക്കിയതായി നേഴ്സിഗ് സൂപ്രണ്ട് ഫോൺ ചെയ്ത് അറിയിച്ചത്. പരിചയസമ്പന്നരായ ടെക്നിഷ്യനേയും അസിസ്റ്റന്റിനെയും മാറ്റിയതിനാൽ കഴിഞ്ഞ ദിവസം ഡയാലിസിസിനായി എത്തിയ രോഗികളിൽ പലർക്കും ചികിത്സ ലഭ്യമായില്ല എന്ന പരാതിയാണ് ഉയരുന്നത്. പുതുതായി നിയമിച്ച ആളുകൾക്ക് വൈദഗ്ദ്യം ഇല്ലാത്തതിനാൽ പല രോഗികളുടെയും കയ്യിൽ നിന്ന് രക്തം വരികയും, ഇൻജക്ഷൻ എടുക്കാൻ രക്തകുഴലുകൾ കണ്ടെത്താൻ പൊലും സാധിക്കുന്നില്ല എന്ന് രോഗികൾ ആരോപിക്കുന്നു.
പ്രശ്നം രൂക്ഷമായതിനേ തുടർന്ന് എംഎൽഎ എ.സീ ബാലകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികൾ എത്തി ചർച്ച നടത്തിയാണ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. നൂറോളം രോഗികളെ ആഴ്ചയിൽ ആറ് ദിവസം ഡയാലിസിസ് നടത്താൻ സാധിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. പത്തോളം മിഷ്യനുകൾ പ്രവർത്ത സജ്ജമായിട്ടുള്ള വലിയ ചികിത്സാ കേന്ദ്രമാണ് ഇത്. കെ.കെ ഷൈലജ ആരോഗ്യമന്ത്രി ആയിരുന്ന കാലത്താണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
തികച്ചും സൗജന്യമായി ലഭിക്കുന്ന ഡയാലിസ് ചികിത്സ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായിരുന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥ പടലപിണക്കങ്ങൾ രോഗികൾക്ക് തിരിച്ചടിയായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉപയോഗിച്ച് സൗജന്യമായി ഡയാലിസിസ് നടത്തുമെങ്കിലും മരുന്നിനും മറ്റുമായി പണം ചെലവാക്കേണ്ടി വരും ഇത് സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ച് ചികിത്സ നടത്തുന്ന രോഗികൾക്ക് ഇരുട്ടടി ആയിരുക്കുകയാണ്.
ഡയാലിസിസ് സെന്ററിന്റെ തുടക്കം മുതലുള്ള ടെക്നീഷ്യനായ ബ്രീജിഷിനെയാണ് അറിയിപ്പില്ലാതെ മെഡിക്കൽ സൂപ്രണ്ട് പുറത്താക്കിയത്. പുറത്താക്കിയ രണ്ട് ടെക്നീഷ്യന്മാരും താൽക്കാലിക നിയമനപ്രകാരം ജോലി ലഭിച്ചവരാണ്. ആഴ്ചകളോളം ഡയാലിസ് സെന്ററിലെ വൈദ്യുത ലൈൻ കണക്ഷൻ പൊട്ടികിടക്കുകയും ഡയാലിസിസിനു ആവിശ്യമായ വെള്ളം (റിവേഴ്സ്ഓസ്മോസിസ് വാട്ടർ) ലഭ്യമാകുന്ന കണക്ഷൻ തകരാറിലാവുകയും ചെയ്ത നിലയിലായിരുന്നു. ഇത് ശരിയാക്കി നൽകുവാൻ ടെക്നീഷ്യനായ ബ്രീജീഷ് മെഡിക്കൽ സൂപ്രണ്ടിന് മുന്നിൽ പലതവണ ആവിശ്യം ഉന്നയിച്ചു എങ്കിലും അവർ അതിന് തയ്യാറിയിരുന്നില്ല.
രോഗികളെ പുറത്തുള്ള്ള മറ്റ് ഹോസ്പിറ്റലിൽ എത്തിച്ച് ഡയാലിസിസ് നടത്താനാണ് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞത്. താലൂക്ക് ഹോസ്പിറ്റലിനു ചുറ്റുമായി അഞ്ചോളം സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്വകാര്യ മേഖലയെ സഹായിക്കാനാണ് മെഡിക്കൽ സൂപ്രണ്ടിന്റെ ശ്രമം എന്ന് ആരോപണമുണ്ട്. വൈദ്യൂതിയും ജലവും ലഭ്യമാകുന്ന പൈപ്പുകൾ മനപ്പൂർവ്വം നശിപ്പിക്കുകയാണോ എന്ന് സംശയം ഉള്ളതിനാൽ സി.സി.റ്റി.വി സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
നിരവധി തവണ പരാതി പറഞ്ഞതിനേ തുടർന്ന് ലൈനുകൾ ശരിയാക്കി പ്രവർത്തനസജ്ജമാക്കി എങ്കിലും ചികിത്സ പുനരാരംഭിക്കുവാൻ സൂപ്രണ്ട് തയ്യാറായില്ല. തുടർന്ന് രോഗികൾ പ്രശ്നമുണ്ടാക്കിയപ്പോൾ ടെക്നിഷ്യന്റെ റിസ്‌കിലാണ് ഡയാലിസിസ് ആരംഭിക്കുന്നത് എന്ന് തന്നെ കൊണ്ട് വെള്ളപേപ്പറിൽ എഴുതി വെപ്പിച്ചാണ് ചികിത്സ പുനരാരംഭിച്ചത് എന്ന് ബ്രജീഷ് ആരോപിക്കുന്നു. ശനിയാഴ്ച രാത്രിയിൽ നഴ്സിങ് സൂപ്രണ്ട് ഫോൺ ചെയ്താണ് തന്നെ പുറത്താക്കിയിരിക്കുന്നതായി അറിയിച്ചത്.
നഴ്സിങ് സൂപ്രണ്ടിന്റെ അധികാരപരിധിയിൽ അല്ല തങ്ങളുടെ ജോലി. മെഡിക്കൽ സൂപ്രണ്ട് തയ്യാറാക്കിയതാണ് തന്റെയും സഹപ്രവർത്തകയുടെയും പുറത്താക്കൽ നാടകം. ഔദ്യോഗികമായി അറിയിക്കുക എന്ന നടപടി മെഡിക്കൽ സൂപ്രണ്ട് സ്വീകരിച്ചിട്ടില്ല എന്നും, തന്നെ ഹോസ്പിറ്റൽ കൊമ്പൗണ്ടിൽ പോലും കയറ്റരുത് എന്ന് മെഡിക്കൽ സൂപ്രണ്ട് വാട്ട്സ് അപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടതായും പുറത്താക്കൽ നടപടി നേരിട്ട ബ്രീജീഷ് ആരോപിക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനമാണ് ഡയാലിസിസ് ടെക്നീഷ്യനെയും അസിസ്റ്റന്റിനെയും പുറത്താക്കാൻ കാരണം എന്ന് മെഡിക്കൽ സൂപ്രണ്ട് സേതുലക്ഷ്മി മറുനാടനോട് പ്രതികരിച്ചു. ദിവസവും ഡയാലിസിസുമായി ബന്ധപ്പെട്ട കണക്ഷനുകൾ തകരാറിലാകുന്നത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ടെക്നീഷ്യൻ നൽകിയ മറുപടി അംഗീകരിക്കാവുന്നത് ആയിരുന്നില്ല. മിഷ്യന്റെ പ്രവർത്തന തകരാറുകൾ ടെക്നിഷ്യന്റെ വീഴ്ചയാണ് എന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.
ജനങ്ങളുടെ ജീവൻ വെച്ചുള്ള ഈ ചികിത്സയിൽ ആരോപണ വിധേയനെ മാറ്റണം എന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനമാണ് അത് താൻ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. രോഗകളുടെ ജീവന് സുരക്ഷ നൽകാൻ വേണ്ടിയാണ് ഈ തീരുമാനം. ടെക്നിക്കൽ അസിസ്റ്റിന്റെ സർട്ടിഫിക്കേറ്റ് അംഗീകാരമുള്ളത് അല്ല എന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കൂടുതൽ ഉത്തരവാദിത്വമുള്ള ഇത്തരം ജോലികളിൽ അംഗീകാരമുള്ള സർട്ടിഫിക്കേറ്റിന്റെ ആധികാരികതക്കാണ് പ്രാധാന്യം അതുകൊണ്ടാണ് ടെക്നിക്കൽ അസിസ്റ്റന്റിനെയും മാറ്റേണ്ടി വന്നത്. ഡയാലിസിസ് സെന്ററിലേക്ക് കൂടുതൽ ടെക്നീഷ്യന്മാരേയും ഹെഡ് നഴ്സ് അടക്കമുള്ള നഴ്സുമാരുടെ സംഘത്തെയും നിയമിച്ചിട്ടുണ്ട്. സാഹചര്യം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് എത്തിച്ച് പ്രവർത്തനം മെച്ചപ്പെടുത്താണ് തീരുമാനം എന്ന് മെഡിക്കൽ സൂപ്രണ്ട് സേതുലക്ഷമി അറിയിച്ചു.