കോട്ടയം:  സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ഓഗസ്റ്റ് 2,3,4 തിയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി.

മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി. ആർ പ്രേംകുമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

തൃശൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും അങ്കണവാടികൾ അടക്കം നഴ്‌സറി തലം മുതൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

എറണാകുളം ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച്ച അവധി ആയിരിക്കുമെന്ന് കലക്ടർ രേണുരാജ് അറിയിച്ചു.

കോട്ടയം ജില്ലയിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ പി.കെ. ജയശ്രീ ഉത്തരവായി.

ആലപ്പുഴ ജില്ലയിൽ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കു മാറ്റമില്ല.

ഇടുക്കി- ശക്തമായി തുടരുന്നതിനാലും, ജില്ലയിൽ റെഡ് അലെർട്ട് നിലനിൽക്കുന്നതിനാലും ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ (03/08/2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

പാലക്കാട് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ബുധനാഴ്ച നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ. റീ-അപ്പിയറൻസ് പരീക്ഷകൾ ഓഗസ്റ്റ് 10, 11 തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

തൃശ്ശൂരിൽ മഴമൂലം 7 വീടുകൾ ഭാഗികമായി തകർന്നു. ചാലക്കുടിയിൽ മൂന്നും, തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട് മേഖലയിൽ ഓരോ വീടുകളുമാണ് തകർന്നത്. ജലനിരപ്പ് ഉയർന്നതിനാൽ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളും ഒഴിപ്പിക്കാൻ നടപടി തുടങ്ങി. രാത്രിയാവുന്നതിന് മുമ്പ് ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചാലക്കുടി പുഴയുടെ വെട്ടുകടവ് പാലത്തിനു താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഒഴുകിയെത്തിയ മരങ്ങൾ നീക്കം ചെയ്തു.

ഇരിങ്ങാലക്കുടയിൽ കനത്ത മഴയിൽ വീടുകളുടെ മതിൽ ഇടിഞ്ഞ് വീണു,പൊറുത്തിശ്ശേരിയിലും ആസാദ് റോഡിലുമാണ് മതിലുകൾ തകർന്ന് വീണത്. പൊറുത്തിശ്ശേരി കല്ലട ബസ് സ്റ്റോപ്പ് പരിസരത്തുള്ള പുത്തൂർ രമേശിന്റെ വീടിന്റെ മതിലാണ് തകർന്ന് വീണത്. വേളാങ്കണ്ണി നഗറിൽ പടമാടൻ പോൾ, കടങ്ങോട്ട് ആനി,കോട്ടോളി ആനി, പയ്യപ്പിള്ളി എൽസി എന്നിവർ താമസിക്കുന്ന നാല് വീടുകളുടെ പുറകിലുള്ള മതിലാണ് വീണത്. അപകട ഭീഷണിയെ തുടർന്ന് അംഗൻവാടിയിലേക്കും ബന്ധുവീടുകളിലേക്കുമായി ഇവർ മാറി. കണ്ണൂരിൽ ഒഴുക്കിൽ പെട്ട മൂന്ന് പേരുടെ മൃതദേഹവും കിട്ടി. എൻ ഡി ആർ എഫും സൈന്യവും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചു.

ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

ആറ് നദികളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. അച്ചൻകോവിലാറും, ഗായത്രിപ്പുഴ ,മീനച്ചിലാർ എന്നിവയിൽ ഓറഞ്ച് അലർട്ട് ആണ്. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിലും പ്രളയ മുന്നറിയിപ്പ് ഉണ്ട്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്.