- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ റെഡ് അലർട്ട്; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റി; ആകെ 95 ദുരിതാശ്വാസ ക്യാമ്പുകൾ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്-കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
വയനാട്- ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.
മലപ്പുറം: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.
പാലക്കാട്- റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
തൃശ്ശൂർ- ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും ബുധനാഴ്ച അങ്കണവാടികൾ അടക്കം നഴ്സറി തലം മുതൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
എറണാകുളം- ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച്ച അവധി ആയിരിക്കുമെന്ന് എറണാകുളംജില്ലാ കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.
ആലപ്പുഴ- ജില്ലയിൽ റെഡ് അലർട്ട് നില നിൽക്കുന്നതിനാൽ പ്രൊഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോട്ടയം- അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവിറക്കി.
ഇടുക്കി- ശക്തമായി തുടരുന്നതിനാലും, ജില്ലയിൽ റെഡ് അലെർട്ട് നിലനിൽക്കുന്നതിനാലും ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE / ICSE സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ (03/08/2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
പത്തനംതിട്ട- ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം- മഴതുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കൊളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലന്നും അറിയിപ്പിൽ പറയുന്നു.
എം.ജി. സർവകലാശാല പരീക്ഷ മാറ്റി
എം.ജി. സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ. റീ-അപ്പിയറൻസ് പരീക്ഷകൾ ഓഗസ്റ്റ് 10, 11 തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
ശബരിമലയിൽ നിയന്ത്രണം
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം. നിറപുത്തരി മഹോത്സവത്തിന് നാളെ നട തുറക്കാനിരിക്കെയാണ് തീർത്ഥാടകർക്ക് നയതന്ത്രണം ഏർപ്പെടുത്തിയത്. നീരൊഴുക്ക് ശക്തമായതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമേ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം പമ്പ, നെയ്യാർ, മണിമല, മണിമല, കരമന എന്നി നദികളിൽ ജലനിരപ്പ് അപകട നിരപ്പിന് മുകളിലെത്തി. അച്ചൻകോവിൽ, കാളിയാർ, തൊടുപുഴ, മീനച്ചിൽ എന്നീ നദികളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങൾ ജാഗ്രത പുലർത്തണം.
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും തുടരണം. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൃശ്ശൂരിലാണ് കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 21 ക്യാമ്പുകളിലായ 447 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയിൽ അഞ്ചു ക്യാമ്പുകളിലായി 58 പേരെയും മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിൽ ഏഴു ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരും കഴിയുന്നു. പാലക്കാട് ഒരു ക്യാമ്പിൽ 25 പേരും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാമ്പുകളിലായി 38 പേരും കണ്ണൂരിൽ മൂന്നു ക്യാമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങൾ ഇടുക്കി, കോഴിക്കോട് വയനാട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ രണ്ട് യൂണിറ്റ് കണ്ണൂർ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട് .
മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ, മരങ്ങൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കി അപടമൊഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മലയോര മേഖലയിലേക്കും ജലാശയങ്ങളിലേക്കുമുള്ള വിനോദസഞ്ചാരത്തിന് കർശന നിയന്ത്രണമുണ്ട്. അപകട സാധ്യതയുള്ള മലയോര മേഖലയിലെ രാത്രി ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ കടലാക്രമണത്തിന് സാധ്യത
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ നാളെ (03 ഓഗസ്റ്റ്) രാത്രി പതിനൊന്നര വരെ 3 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
മറുനാടന് മലയാളി ബ്യൂറോ