മാവേലിക്കര: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിനൊപ്പം 75ാം പിറന്നാൾ ആഘോഷിക്കാൻ കാത്തിരുന്ന ഇരട്ട സഹോദരങ്ങളിൽ മരിച്ചു. പുന്നമ്മൂട് തൂമ്പുങ്കൽ റോസ് മാൻസനിൽ ടി.മാത്യു വർക്കിയാണ് ഇന്നലെ പുലർച്ചെ മരിച്ചത്. പിറന്നാൾ ദിവസത്തിന്് 13 ദിവസം മുൻപാണ് മരം. 1947 ഓഗസ്റ്റ് 15നു പുലർച്ചെ അഞ്ചിനാണ് ഇരട്ട സഹോദരങ്ങളായ മാത്യു വർക്കിയും ടി.എം.പോളും ജനിച്ചത്.

തൂമ്പുങ്കൽ വർക്കി മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ്. വിദ്യാഭ്യാസത്തിനു ശേഷം പോൾ നാട്ടിൽ തുടർന്നപ്പോൾ മാത്യു വർക്കി അക്കൗണ്ടന്റായി ബെംഗളൂരുവിലേക്കു പോയി. വിരമിച്ച ശേഷം നാട്ടിലേക്കു മടങ്ങി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങൾ കാരണം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച 1.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: ഓമല്ലൂർ പുത്തൻപീടികയിൽ കോഴിക്കുന്നത്ത് റോസി. മക്കൾ: മനോജ് മാത്യു (ദുബായ്), പരേതനായ വിനോദ് മാത്യു. മരുമകൾ: തഴക്കര വടക്കേതലയ്ക്കൽ പറമ്പിൽ തെക്കേതിൽ സ്മിത മനോജ് (ദുബായ്)