ദുബായ്: ഓപ്പണറായി സ്ഥാനക്കയറ്റം മിന്നും പ്രകടനത്തിലൂടെ സാധൂകരിച്ച സൂര്യകുമാർ യാദവിന് ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിലും നേട്ടം. ബാറ്റർമാരുടെ പട്ടികയിൽ സൂര്യകുമാർ രണ്ടാം സ്ഥാനത്തെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്.

രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സൂര്യകുമാർ രണ്ടാം സ്ഥാനത്തെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ 44 പന്തുകളിൽ നിന്ന് താരം 76 റൺസടിച്ചിരുന്നു. ഈ പ്രകടനമാണ് റാങ്കിങ്ങിൽ തുണയായത്. പാക്കിസ്ഥാന്റെ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.

സൂര്യകുമാർ ഒഴികെ ബാറ്റർമാരുടെ റാങ്കിങ്ങിലെ ആദ്യ പത്തിൽ മറ്റൊരു ഇന്ത്യൻ താരം പോലുമില്ല. ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാർ എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡാണ് ഒന്നാമത്.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയുടെ വിജയത്തിൽ ഹീറോയായത് സൂര്യകുമാർ യാദവായിരുന്നു ഓപ്പണറായെത്തിയ സൂര്യകുമാർ 44 പന്തിൽ 76 റൺസ് നേടുകയും ചെയ്തു. നാല് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. ഇതോടെ വിമർശനങ്ങളെല്ലാ കാറ്റിൽ പറത്താനും താരത്തിനായി.

മത്സരത്തിലെ മാൻ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. ഇത്തരത്തിൽ ഒരു ഇന്നിങ്സ് കൽക്കാനായതിൽ സന്തോഷമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സൂര്യ പറഞ്ഞു. ഇന്നിങ്സിനിടെ സൂര്യകുമാർ കളിച്ച ഒരു ഷോട്ടാണ് ഇപ്പോൾ വൈറലായിരുന്നു. പത്താം ഓവറിൽ അൽസാരി ജോസഫിനെതിരെയായിരുന്നു സൂര്യയുടെ ഷോട്ട്. അൽസാരിയുടെ ബൗൺസർ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ സൂര്യകുമാർ തട്ടിയിടുകയായിരുന്നു.

മത്സരശേഷം സൂര്യകുമാർ ആരാധകർക്കൊപ്പം സമയം പങ്കിടുന്നതിന്റെ വീഡിയോ ബിസിസിഐ പങ്കവച്ചിരുന്നു, അവർക്കൊപ്പം സെൽഫിയെടുക്കുന്നതും ഓട്ടോഗ്രാഫ് നൽകുന്നതും 30 സെക്കൻഡുള്ള വീഡിയോയിൽ കാണാം. ബിസിസിഐ പങ്കുവച്ച വീഡിയോ കാണാം.