- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീപോർട്ട്-എയർപോർട്ട് റോഡിനായി ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരം നൽകുന്നതിൽ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പക; കള്ളക്കേസിൽ കുരുക്കി ഭാവി തകർക്കാൻ എറണാകുളം എഡിഎം ശ്രമിക്കുന്നു; ഭീഷണിപ്പെടുത്തി എന്ന് റവന്യൂ റിക്കവറി തഹസിൽദാർ
കൊച്ചി: സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട പാലത്തിന്റെ അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കുന്നതിന് വസ്തുവിന് നഷ്ടപരിഹാരം നൽകുന്നതിൽ ഉന്നത ഉദ്യോഗസ്ഥന്റെ താൽപര്യങ്ങൾക്ക് വഴങ്ങാതെ നിയമപരമായി പ്രവർത്തിച്ചതിന് പകപോക്കുന്നുവെന്ന പരാതി നൽകി റവന്യൂ റിക്കവറി തഹസിൽദാർ. കള്ളക്കേസിൽ കുരുക്കി ഭാവി തകർക്കാൻ എറണാകുളം എഡിഎം ഷാജഹാൻ എസ് ശ്രമിക്കുന്നുവെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ പരാതിയിൽ വിനോദ് മുല്ലശ്ശേരി ഉന്നയിക്കുന്നത്.
അപ്രോച്ച് റോഡിനായി അബ്ദുൾ ലത്തീഫ്' എന്നയാളുടെ ഭൂമിക്ക് നിയമപരമായി 2.35 കോടി രൂപ മാത്രമേ നിയമപരമായി നഷ്ടപരിഹാരം നൽകുവാൻ പറ്റുകയുള്ളൂ എന്നിരിക്കെ 4.06 കോടി നൽകാൻ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം തഹസിൽദാറോട് ആവശ്യപ്പെട്ടുവെങ്കിലും അത് കൂട്ടാക്കാതെ നിയമപരമായി പ്രവർത്തിച്ചതിനാണ് കള്ളക്കേസിൽ കുരുക്കി സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
എറണാകുളം എഡിഎം ഷാജഹാൻ എസ് നിരന്തരമായി വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഉപദ്രവിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. 2021 സെപ്റ്റംബർ മാസം വരെ നെടുമ്പാശ്ശേരി അന്തർദ്ദേശിയ വിമാനത്താവളം പൊന്നുംവില തഹസിൽദാറായിരുന്ന ഘട്ടത്തിൽ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് തനിക്ക് വ്യാജ ആരോപണങ്ങളും ഭീഷണികളും നേരിടേണ്ടി വരുന്നതെന്ന് വിനോദ് മുല്ലശ്ശേരി ലാന്റ്റവന്യു കമ്മിഷണർക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.
അപ്രോച്ച് റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ അവാർഡ് തയ്യാറാക്കി നൽകേണ്ടതായി വന്ന അബ്ദുൽ ലത്തീഫ് എന്നയാളുടെ കൈവശം ഇരുന്നതും മിച്ചഭൂമിയായി പ്രഖ്യാപിച്ചതുമായ ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ചാണ് ഉന്നത ഉദ്യോഗസ്ഥൻ അനാവശ്യമായി ഇടപെടൽ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
2012-ൽ നോട്ടിഫിക്കേഷൻ നടത്തി 2016-ൽ ലാൻഡ് ട്രാൻസ്ഫർ വഴി കൈമാറ്റം ചെയ്ത ഭൂമിയാണിത്. ഈ വസ്തുവിൽ കുറെ വിറ്റു പോകുകയും, ബാക്കി ബാങ്കിൽ ഈടു വച്ചിരിക്കുകയുമായിരുന്നു. വസ്തുവിന് നഷ്ടപരിഹാരം നൽകിയപ്പോൾ ടൈറ്റിൽ ലഭിച്ച 3.10.2018 മുതലുള്ള പലിശ സഹിതം 2.35 കോടിയാണ് കണക്കാക്കിയത്. നോട്ടിഫിക്കേഷൻ നടത്തിയ 2012 മുതൽ കണക്കാക്കിയാൽ 4.06 കോടി രൂപ നൽകേണ്ടി വരും.
നഷ്ടപരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട് അബ്ദുൽ ലത്തീഫ് ഒരു പരാതി എഡിഎമ്മിന് നൽകുകയും, അത് പ്രകാരം 17.8.2021 തീയതി 11:30ന് തന്നെ വിചാരണ എന്ന പേരിൽ എഡിഎമ്മിന്റെ ചേമ്പറിൽ വിളിച്ചുവരുത്തി 2012 മുതലുള്ള പലിശ സഹിതം 4.06 കോടി രൂപ നൽകണമെന്നും, ബാങ്കിൽ ഈടുവച്ചിട്ടുള്ള / ക്ലേയിം ഉള്ള വസ്തുവിന്റെ നഷ്ടപരിഹാരത്തുക അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും നിർബന്ധപൂർവ്വം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. റവന്യൂമന്ത്രിക്ക് പരാതി നൽകിയെന്ന പേരിൽ തന്നെ ഭീഷണിപ്പെടുത്തി. നഷ്ടപരിഹാരം നൽകുന്നതിൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ തനിക്കെതിരായ റിപ്പോർട്ട് മന്ത്രിക്ക് കൈമാറുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആവർത്തിച്ചു
എന്നാൽ ഭീഷണിക്ക് വഴങ്ങാതെ പൊസ്സസറി റൈറ്റ് ലഭിച്ച 2018 മുതലുള്ള പലിശ മാത്രമാണ് കൂട്ടിയത്. അതായത് 2.35 കോടി രൂപ. കക്ഷിക്ക് 1.70 കോടി രൂപയുടെ കുറവ് വന്നു. കൂടാതെ അഡീഷണൽ എജിയുടെ പേരിൽ തനിക്ക് വ്യാജ ഭീഷണി നേരിടേണ്ടിയും വന്നു. ആവശ്യം നിയമവിരുദ്ധമായതിനാൽ താൻ അനുസരിച്ചില്ല. ഇതിന്റെ വിരോധത്താൽ ഒരാഴ്ച തികച്ച് ഓഫീസിൽ തുടരാൻ അനുവദിക്കാതെ വൈറ്റില കൊച്ചിൻ കോർപ്പറേഷൻ ഓഫീസിലേക്ക് സ്ഥലം മാറ്റി. തുടർന്ന് വീഴ്ച ഉണ്ടാക്കുന്നതിനായി പുതിയ ഓഫീസിലെ ജീവനക്കാരെ ഓരോരുത്തരെയായി മൂന്ന് -നാല് ആഴ്ച ഇടവേളകളിലായി സ്ഥലം മാറ്റി.
മാറ്റിയ ജീവനക്കാർക്ക് പകരം പുതിയ ആളെ തരാതെ സർവീസിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച ഒരു ആളെ മാത്രം ഉൾപ്പെടുത്തി ജോലിയിൽ ബുദ്ധിമുട്ടുകൾ മനഃപൂർവം സൃഷ്ടിച്ചു. തുടർന്ന് 2021 ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയിൽ വീട്ടിൽ നിന്നും 60 കിലോമീറ്റർ അധികം ദൂരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി റവന്യൂ റിക്കവറി ഓഫീസിലേക്ക് വീണ്ടും സ്ഥലം മാറ്റി.
കൊച്ചി റവന്യു റിക്കവറി ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരും എഡിഎമ്മിന്റെ ബന്ധുകൂടിയുമായ വ്യക്തി ഉൾപ്പെട്ട ഓഫീസിലെ ഹാജരുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം റിപ്പോർട്ട് നൽകുവാൻ തന്നെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാർക്ക് അനുകൂലമല്ലാതിരുന്ന വസ്തുതകൾ താൻ കണ്ടെത്തി. ഇതിന്റെ പേരിലും വൈരാഗ്യം ഇരട്ടിച്ചു.
താൻ പ്രോസ്‌പെക്റ്റീവ് ഡെപ്യൂട്ടി കളക്ടർ ട്രെയിനിങ്ങിൽ ആയിരുന്ന ഘട്ടത്തിൽ എറണാകുളം കളക്ടറേറ്റിലെ ഇൻസ്‌പെക്ഷൻ സീനിയർ സൂപ്രണ്ട് , ജൂനിയർ സൂപ്രണ്ട് , ക്ലാർക്ക് എന്നിവരെ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനക്ക് എത്തിയ സീനിയർ സൂപ്രണ്ട് പരിശോധന വിഷയത്തിൽ നിന്നും മാറി തന്നെ മനപ്പൂർവ്വം കുടുക്കുന്നതിനും, വ്യക്തിഹത്യ നടത്തുന്ന രീതിയിലും ആണ് ഓഫീസിൽ പെരുമാറിയത്. ഓഫീസിൽ എത്തിയ സീനിയർ സൂപ്രണ്ട് വനിതാ ജീവനക്കാരെ ഒറ്റയ്ക്ക് വിളിച്ച് 'തഹസിൽദാർ സ്ത്രീകളോട് എങ്ങനെയാണ് ' എന്ന് ചോദിച്ചു. മോശമായ ഒരു അഭിപ്രായം സ്റ്റാഫിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്ന് മറ്റു രീതിയിൽ ഉള്ള അലിഗേഷൻ തഹസിൽദാരിൽ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് നടത്തിയത്.
ചെറിയ വീഴ്ചകൾ കണ്ടെത്തി അത് തഹസിൽദാരുടെ മാത്രം വീഴ്ചയായി ചിത്രീകരിച്ചാണ് സീനിയർ സൂപ്രണ്ട് റിപ്പോർട്ട് തയ്യാറാക്കിയത്. അതാത് ദിവസത്തെ ഹാജർ, ലീവ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തിയതും ഓഫീസിൽ ഡ്യൂട്ടി രജിസ്റ്റർ, മൂവ്‌മെന്റ് രജിസ്റ്റർ തുടങ്ങിയവ സൂക്ഷിച്ചിട്ടുള്ളത് വളച്ചൊടിച്ച് മോശമായി ചിത്രീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഓഫീസിന്റെ നേട്ടങ്ങളും ജോലിഭാരവും എല്ലാം മറച്ചുവെച്ച് ഓഫീസിലെ നിസ്സാര വീഴ്ചകൾ പർവ്വതീകരിച്ചും വളച്ചൊടിച്ചും അത് തഹസിൽദാരുടെ മാത്രം വീഴ്ചയായി ചിത്രീകരിച്ചാണ് സീനിയർ സൂപ്രണ്ട് റിപ്പോർട്ട് തയ്യാറാക്കിയത്. പരിശോധന സമയത്ത് ഓഫീസിൽ വച്ച് എടുത്ത ജീവനക്കാരുടെ മൊഴികൾ തന്റെ ഉദ്ദേശത്തിന് സഹായകരമല്ല എന്ന് കണ്ടു ആയത് മറച്ചുവെച്ച് റിപ്പോർട്ടിനൊപ്പം നൽകാതെയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. താൻ ഹയർ ഗ്രേഡ് ലഭിച്ച സീനിയർ തഹസിൽദാർ ആണ്. കളക്ടറേറ്റിലെ ഇൻസ്‌പെക്ഷൻ സീനിയർ സൂപ്രണ്ട് വളരെ ജൂനിയറും പ്രൊബേഷൻ പോലും കഴിയാത്ത ആളുമാണ്. സീനിയർ സൂപ്രണ്ടിന്റെ ചുമതല എടുത്തത് 2022 ഏപ്രിൽ പകുതിയോട് കൂടിയാണ്. സീനിയർ ആയ ഉദ്യോഗസ്ഥനെതിരെ ഉള്ള ആരോപണം വളരെ ജൂനിയർ ആയ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തുന്നത് KCS (CC & A ) റൂൾസിന് എതിരാണ്. മാത്രമല്ല എന്റെ Immediate Supervisor ആയ ഡെപ്യൂട്ടി കളക്ടർ (റവന്യൂ റിക്കവറി)യുടെ റിപ്പോർട്ടോ അഭിപ്രായമോ ഇക്കാര്യത്തിൽ തേടിയിട്ടില്ല.
റിപ്പോർട്ടിന്റെ പകർപ്പ്, സാക്ഷി മൊഴികൾ ഒന്നും തരാതെയും അവ എന്നിൽ നിന്ന് മറച്ചുവെച്ചും ആണ് 6.6.2022 ആം തീയതി എഡിഎം വിചാരണ നടത്തിയത്. വിചാരണവേളയിൽ എന്താണ് എന്നിൽ കണ്ട കുറ്റം എന്ന് അറിയിക്കാതെ, 'നിങ്ങൾക്ക് എന്താണ് പറയുവാനുള്ളത് ' എന്ന് മാത്രം ചോദിക്കുകയാണ് എഡിഎം ചെയ്തത്. കുറ്റം എന്നറിയാതെ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിട്ട് ഞാൻ പോരുകയാണ് ഉണ്ടായത്. ഇത് മനപ്പൂർവ്വം തന്നെ കുടുക്കുന്നതിനായി ചെയ്തതാണ് എന്ന് സംശയിക്കുന്നു. തുടർന്ന് വിവരാവകാശ നിയമപ്രകാരം ഫയലിന്റെ പകർപ്പുകളും, നോട്ട് ഫയലും ആവശ്യപ്പെട്ടു എങ്കിലും പരിശോധന വേളയിൽ എടുത്ത മൊഴികളോ അന്വേഷണ കുറുപ്പുകളോ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
നോട്ടിൽ എഡിഎം ആറുമാസത്തിനുള്ളിൽ മൂന്ന് തവണ സ്ഥലം മാറ്റിയെന്നും താൻ നിരന്തര പ്രശ്‌നക്കാരനാണ് എന്ന് എഴുതിയത് തെറ്റാണെന്നും പരാതിയിൽ പറയുന്നു. അത്തരം ആരോപണങ്ങൾ ഒന്നുമില്ല. ആറുമാസത്തിനുള്ളിൽ ഒരുതവണ മാത്രമേ ഓഫീസ് മാറ്റിയിട്ടുള്ളൂ. എന്നോടുള്ള വ്യക്തിവൈരാഗ്യവും കടുത്ത പകയും ആണ് ഇപ്രകാരം ഒരു കള്ളക്കേസ് തയ്യാറാക്കി ജില്ല വിട്ട് സ്ഥലം മാറ്റണമെന്ന് ശുപാർശ സഹിതം ഫയലിൽ എഴുതി കളക്ടറെ കൊണ്ട് ഓർഡർ ഇടുവിച്ചത്. എഡിഎം ഷാജഹാൻ എസ് ഇപ്രകാരം ചെയ്തതിന് പിന്നിൽ അദ്ദേഹത്തിന് തന്നോട് ഒരു വർഷത്തിലധികം നീണ്ട കടുത്ത പകയാണ് എന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ