കണ്ണൂർ: പിതാവുമായി ഗൂഢാലോചന നടത്തി ഭർത്താവിനെ വീട്ടിൽ നിന്നും പുറത്താക്കി മൂന്ന് കോടി വില വരുന്ന വീടും സ്ഥലവും കൈക്കലാക്കിയെന്ന പരാതിയിൽ ഭർത്താവിന് അനുകൂലമായി കോടതി വിധി. കൈക്കലാക്കിയ വീടുംസ്ഥലവും പരാതിക്കാരന് വിട്ടുനൽകാനാണ് കോടതി ഉത്തരവിട്ടത്.

വളപട്ടണം ടോൾ ബൂത്തിനടുത്തു താമസിക്കുന്ന കണ്ണൂർ ടൗണിലെ സോഫ്റ്റ് ഹോട്ടൽ ഉടമ കച്ചായി മാക്കൂൽ മുഹമ്മദലിയുടെ പരാതിയിലാണ് കുടുംബകോടതി ജഡ്ജ് ഡി.അജിത്ത് കുമാറിന്റെ വിധി. 2004- മുതൽ 2007-വരെ കാലയളവിൽ തന്റെ സമ്പാദ്യം കൊണ്ടുവാങ്ങിയ സ്ഥലത്ത് വെച്ച വീടും, സ്ഥലവും ഭാര്യഷഹനാസും പിതാവും ചേർന്ന് ഗൂഢാലോചന നടത്തി കൈക്കലാക്കിയെന്നാണ് പരാതി.

വീട്ടിൽ നിന്നും ഇറക്കിവിട്ടതിന് പുറമേ തന്റെ പേരിൽ വ്യാജമായി ക്രിമിനൽ കേസും നൽകിയെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്നാണ് വീടും സ്ഥലവും മുഹമ്മദാലിക്ക് തിരിച്ചു നൽകാൻ ഷഹനാസിനോട് കോടതി ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ. കെ. ആർ സതീശൻ ഹാജരായി.