മുംബൈ: ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്പരകളുടെ വിശദമായ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കുന്നത്.

അടുത്ത മാസം 11ന് ഏഷ്യാ കപ്പ് പൂർത്തിയാകുന്നതോടെ ഒരാഴ്ചത്തെ ഇടവേളയാണ് ഈ രണ്ടു പരമ്പരകൾക്കും ഇടയിലുള്ളത് സെപ്റ്റംബർ 20ന് മൊഹാലിയിലാണ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നടക്കുക. രണ്ടാം മത്സരം സെപ്റ്റംബർ 23ന് നാഗ്പൂരിൽ നടക്കും. 25ന് ഹൈദരാബാദിൽ നടക്കുന്ന മത്സരത്തോടെ ഓസീസിനെതിരായ പരമ്പര പൂർത്തിയാവും.

സെപ്റ്റംബർ 28ന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. മൂന്ന് വർഷത്തിനുശേഷമാണ് കേരളത്തിൽ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നത്. 2019ൽ ആണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അവസാന രാജ്യാന്തര മത്സരം നടന്നത്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് അന്ന് ജയിച്ചിരുന്നു.

രണ്ടാം ട്വന്റി 20 ഒക്ടോബർ രണ്ടിന് ഗോഹട്ടിയിൽ നടക്കും. മൂന്നാം ട്വന്റി 20 മത്സരം മൂന്നിന് ഇൻഡോറിൽ ആയിരിക്കും നടക്കുക. ലോകകപ്പിന് തൊട്ടു മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബർ ആറിന് ലക്‌നോവിലാണ് ആദ്യ ഏകദിന, ഒമ്പതിന് രണ്ടാം ഏകദിനം റാഞ്ചിയിലും 11ന് മൂന്നാം ഏകദിനം ഡൽഹിയിലും നടക്കും.

ഇതിനുശേഷം ട്വന്റി 20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോകും. ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരെ ആണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. മെൽബണിലാണ് മത്സരം നടക്കുക.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലും പാക്കിസ്ഥാനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടേറ്റ തോൽവി ഇന്ത്യ സെമി കാണാതെ പുറത്താകാൻ കാരണമാകുകയും ചെയ്തു.