ആറന്മുള: ആറന്മുള പാർത്ഥസാരഥിയുടെ വള്ളസദ്യ വഴിപാടുകളുകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 11.30-ന് എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാർ ക്ഷേത്ര കൊടിമരച്ചുവട്ടിൽ ഭഗവാന് സദ്യവിഭവങ്ങൾ വിളമ്പുന്നതോടെ 67 ദിവസത്തെ നദീ ഉത്സവത്തിന് തുടക്കമാകും. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ വള്ളസദ്യ നടക്കുന്നത്.

ആദ്യദിനം വെൺപാല, ഇടനാട്, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി കിഴക്ക്, തെക്കേമുറി, മാരാമൺ പള്ളിയോടങ്ങൾക്കാണ് വള്ളസദ്യ വഴിപാട് നടക്കുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷതവഹിക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മുഖ്യാതിഥിയാകും.

പമ്പയിലെ ജലനിരപ്പുയർന്നു നിൽക്കുന്നതിനാൽ പള്ളിയോടങ്ങൾ നദിക്ക് കുറുകെ തുഴയരുതെന്നും ഒരു പള്ളിയോടത്തിൽ 40 പേരിൽ കൂടുതൽ കയറാൻ പാടില്ലന്നും ജില്ലാ ദുരന്തനിവാരണസമിതി പള്ളിയോട സേവാസംഘത്തിന് നിർദ്ദേശംനൽകി.

സമിതി നിർദ്ദേശം വഴിപാടിനെത്തുന്ന കരകളിൽ അറിയിച്ചതായും ദുരന്തനിവാരണ സമിതിയുടെ നിർദ്ദേശം പാലിക്കുമെന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി വി.പിള്ള എന്നിവർ അറിയിച്ചു.