കോഴിക്കോട്: വ്‌ലോഗർ മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്‌സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് ഭാര്യയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസിൽ മെഹ്നുവിന്റെ ഭാര്യയുടെ മതാപിതാക്കളേയും പ്രതിയാക്കേണ്ട സാഹചര്യമുണ്ടാകും. പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം നടത്താൻ കൂട്ടു നിന്നവരെല്ലാം കേസിൽ കുടുങ്ങും.

മെഹ്നുവിന്റെ ഭാര്യയുടേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയതുകൊലപാതകമാണെന്ന സംശയം വർധിപ്പിച്ചിരുന്നു.

എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങിയുണ്ടായതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ഹൈക്കോടതി മെഹ്നാസിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസിൽ അറസ്റ്റ്. അസ്വാഭാവിക മരണക്കേസ് അന്വേഷണത്തിനിടെയാണ് പ്രായം തികയും മുമ്പാണ് വിവാഹം എന്നു തെളിഞ്ഞത്.

കഴിഞ്ഞ മാർച്ച് ഒന്നിനാണ് മെഹ്നാസിന്റെ ഭാര്യയെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നീലേശ്വരം സ്വദേശിയായ മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. മരിക്കുന്നതിന് തൊട്ടു മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അവർ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായിരുന്നു.

വ്‌ലോഗിങ്ങിന് പുറമെ ഭർത്താവുമൊത്ത് ചേർന്ന് മ്യൂസിക് ആൽബങ്ങളും ചെയ്തിരുന്നു. ഫാഷൻ, ഫുഡ്, യാത്ര തുടങ്ങിയവയിലെ വീഡിയോകളായിരുന്നു ചെയ്തിരുന്നത്. വിവാഹസമയത്ത് മെഹ്നുവിന്റെ ഭാര്യയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയിൽ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു മെഹ്നുവിന്റെ ഭാര്യ. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ അവരെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുതലേന്നുവരെ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്ന അവരുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മെഹ്നാസ് ഭാര്യയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. മെഹ്നാസിന് ഒപ്പം മുറി ഷെയർ ചെയ്തിരുന്ന ജംഷാദ് റെക്കോർഡ് ചെയ്ത മരിച്ച പെൺകുട്ടിയും ജംഷാദും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്.

രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോ പൊലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണിൽ നിന്നാണ് വീണ്ടെടുത്തത്. 25 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ തന്നെ നിരന്തരം മർദിക്കുന്നതിൽ ഉള്ള പരാതികളാണ് പറയുന്നത്. 'ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാൻ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും' എന്നെല്ലാം വീഡിയോയിൽ പറയുന്നുണ്ട്.