ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ വെയ്ൽസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ ടീമിന്റെ സെമി പ്രവേശനം.

ടൂർണമെന്റിൽ രണ്ടാം ഹാട്രിക്ക് നേടിയ ഹർമൻപ്രീത് സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഗുർജന്റ് സിങ്ങാണ് മറ്റൊരു ഗോൾ നേടിയത്. ഗാരെത് ഫർലോങ്ങിന്റെ സ്റ്റിക്കിൽ നിന്നായിരുന്നു വെയ്ൽസിന്റെ ആശ്വാസ ഗോൾ.

നേരത്തെ ബോക്‌സിംഗിൽ സെമിയിലെത്തിയ അമിത് പംഗാലും ജൈയ്സ്മിൻ ലംബ്രോയിയയും സാഹർ അലാവത്തും ഇന്ത്യക്കായി മെഡലുകൾ ഉറപ്പിച്ചിരുന്നു. ഇതോടെ ബോക്‌സിംഗിൽ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചവരുടെ എണ്ണം ആറായി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സെമിയിലെത്തിയ ഹിമ ദാസും വനിതകളുടെ ഹാമർ ത്രോയിൽ ഫൈനലിലെത്തിയ മഞ്ജു ബാലയും ഇന്ത്യയുടെ പ്രതീക്ഷകളാണ്.

ബാഡ്മിന്റൺ സിംഗിൾസ് മത്സരങ്ങളിൽ പി വി സിന്ധുവും കിഡംബി ശ്രീകാന്തും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ഗെയിംസിൽ അഞ്ച് സ്വർണം ഉൾപ്പെടെ ഇതുവരെ 18 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ന് രാത്രി 12ന് നടക്കുന്ന ലോങ് ജംപ് ഫൈനലിൽ മലയാളി താരം ശ്രീശങ്കർ മത്സരിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയാണ് ശ്രീശങ്കർ ഫൈനലിന് യോഗ്യത നേടിയത് എന്നത് ഇന്ത്യയുടെ പ്രതീക്ഷ കൂട്ടുന്നു.

സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപീക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം ക്വാർട്ടറിലെത്തിയിരുന്നു. വെയിൽസിന്റെ എമിലി വിറ്റ്ലോക്ക്- പീറ്റർ ക്രീഡ് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം മറികടന്നത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്‌കോർ 11-8, 11-4.

അതേസമയം, ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജോഷ്‌ന ചിന്നപ്പ-ഹരീന്ദർ പാൽ സഖ്യം പ്രീ ക്വാർട്ടറിൽ പുറത്തായി. അതേസമയം വനിതാ ഡബിൾസിൽ സുനൈന കുരുവിളയും അൻഹാത് സിംഗും പുരുഷ ഡബിൾസിൽ വേലവൻ സെന്തിൽകുമാർ-അഭയ് സിങ് സഖ്യവും പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്.