ശബരിമല: ശബരിമലയിൽ നിറപുത്തിരി പൂജ ദർശിച്ച് അയ്യപ്പഭക്തർ. വ്യാഴാഴ്ച പുലർച്ചെ 5.30-നാണ് നിറപുത്തിരി ചടങ്ങുകൾ ആരംഭിച്ചത്. ഭഗവാനുമുന്നിൽ പൂജിച്ച് പുണ്യംനിറച്ച നെൽക്കതിരുകൾ സ്വീകരിച്ച് ഭക്തർ മലയിറങ്ങി. ഇനിയുള്ള നാളുകളിൽ നാടിനും വീടിനും സമൃദ്ധിനിറയ്ക്കുന്നത് ഈ കതിരുകളെന്നാണ് വിശ്വാസം.

കൊല്ലങ്കോട്, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നിന്നുമാണ് പൂജയ്ക്കുള്ള നെൽക്കറ്റകൾ എത്തിച്ചത്. ഒപ്പം ഭക്തർ കൊണ്ടുവന്നവയുമുണ്ടായിരുന്നു. പതിനെട്ടാംപടിക്ക് മുന്നിലായിവെച്ചിരുന്ന കറ്റക്കെട്ടുകൾ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശിരസ്സിലേറ്റി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആചാരവൂർവം ക്ഷേത്രത്തെ ഒരുതവണ പ്രദക്ഷിണംവെച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. മണ്ഡപത്തിൽ മഹാവിഷ്ണുവിനും മഹാലക്ഷ്മിക്കുമായി പൂജകൾ നടത്തി. തുടർന്ന് നിറപുത്തിരി പൂജകൾക്കായി കതിരുകൾ ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. 5.40-നും ആറിനും ഇടയിൽ ഭഗവാനുമുന്നിൽ നിറപുത്തിരിപൂജ നടന്നു.

പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി. മാളികപ്പുറത്തും സമാനചടങ്ങുകൾ മേൽശാന്തി ശംഭു നമ്പൂതിരി നമ്പൂതിരിയുടെ കാർമികത്വത്തിൽനടന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ ദർശനത്തിനായി എത്തിയിരുന്നു. പൂജകൾ പൂർത്തിയാക്കി രാത്രി ഹരിവരാസനം പാടി നടയടച്ചു. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16-നാണ് ഇനി നട തുറക്കുക.

നിറപുത്തിരി പൂജയ്ക്കുശേഷം നട അടച്ചതോടെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ ഒരുവർഷത്തെ പൂജാകാലയളവ് പൂർത്തിയായി. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് ചിങ്ങം ഒന്നിന് നടതുറക്കുന്നത്. അടുത്ത ഒരുവർഷം അദ്ദേഹത്തിന്റെ കാർമികത്വത്തിൽ പൂജകൾ നടക്കും.