കേളകം: കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ രണ്ടുഫാമുകളിലെ പന്നികളെ പൂർണമായും ഉന്മൂലനം ചെയ്തു. പന്നിപ്പനി പ്രതിരോധ ദൗത്യസംഘത്തിന്റെ ആദ്യ ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായുള്ള ദയാവധം ഇതോടെ പൂർത്തിയായി. രോഗം സ്ഥിരീകരിച്ച രണ്ടു ഫാമിലെ പന്നികളെ മുഴുവൻ ദയാവധത്തിന് വിധേയമാക്കി. തുടർന്ന് ഇവയെ ശാസ്ത്രീയമായി മറവു ചെയ്തു.

കർഷകരുടെ കടുത്ത പ്രതിഷേധത്തിനിടയിലും, കണ്ണൂർ ജില്ലയിൽ ആകെ 247 പന്നികളെയാണ് ദയാവധം നടത്തിയത്. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധ പ്രവർത്തന നിയമ പ്രകാരം രണ്ടു ഫാമിലെ കർഷകർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവുകൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. കൊല്ലുന്ന പന്നികളുടെ ഭാര നിർണയം നടത്തി അവയുടെ ഇറച്ചി മൂല്യത്തിനനുസിച്ച് നഷ്ടപരിഹാരം നൽകുന്നതിന് നിശ്ചിതമായ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം കണ്ണൂർ ജില്ലയിലെ രണ്ടു ഫാമുകളിലെ കർഷകർക്ക് 15 ലക്ഷം രൂപയോളം നഷ്ടപരിഹാരത്തുകയായി നൽകും.

പന്നിപ്പനി ബാധിച്ച രണ്ടാമത്തെ ഫാമിലെ അണു നശീകരണ പ്രവർത്തനങ്ങളും പൂർത്തിയായതോടെ മൃഗസംരക്ഷണവകുപ്പിന്റെ ഇരുപതംഗ ദ്രുത കർമ്മ സേന കണിച്ചാർ പഞ്ചായത്തിലെ ബേസ് ക്യാമ്പിൽ നിന്നും പിൻ വാങ്ങി.. ഇനിയുള്ള മൂന്നു മാസക്കാലം 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവയലൻസ് സോണിൽ മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂരിലുള്ള പ്രാദേശിക രോഗനിർണയ ലബോറട്ടറിയുടെ നേതൃത്വത്തിൽ നിരീക്ഷണ പഠനങ്ങൾ നടത്തുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. എസ്. ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു എന്നിവർ അറിയിച്ചു. ഇതിനിടെ കണ്ണൂർജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളിൽ പന്നികളെ അറവിനായി കൊണ്ടുവരുന്നതുംപന്നിമാംസം കടത്തുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.

ജില്ലയിലെ മുന്നൂറിലേറെ ഫാമുകളിൽ പന്നിപ്പനി ബാധയുണ്ടോയെന്നറിയാനായി മൃഗസംരക്ഷണവകുപ്പ് സ്പെഷ്യൽ ടീം പരിശോധന നടത്തിവരികയാണ്. ഈസാഹചര്യത്തിലാണ് അതിർത്തിയിൽ ജാഗ്രത കർശനമാക്കിയത്. രണ്ടായിരത്തിലേറെ പന്നികളെയാണ് കർഷകർ വളർത്തുന്നത്. ഇതിൽ ഭൂരിഭാഗവും മലയോര ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ്. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇറച്ചിമാലിന്യവും മറ്റു ജൈവമാലിന്യവുമാണ് ഇവയ്ക്കു തീറ്റയായി നൽകുന്നത്. ഇതു ശേഖരിക്കുന്നതിനായി പ്രത്യേകതൊഴിലാളികൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. പന്നിവളർത്തൽ ആദായകരമായഒരുതൊഴിലായാണ് കർഷകർ പരിഗണിക്കുന്നത്. ഇതുകൊണ്ടു ജീവിക്കുന്ന ഒട്ടേറെ കർഷക കുടുംബങ്ങൾ കണ്ണൂർ ജില്ലയിലുണ്ട്. എന്നാൽഇപ്പോഴുണ്ടായ ആഫ്രിക്കൻപന്നിപ്പനി കർഷകരിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ഇതിനെതിരെയുള്ള മുൻകരുതൽ പ്രവർത്തനങ്ങളുമായാണ് സർക്കാർ ഇപ്പോൾ മുൻപോട്ടുപോകുന്നത്.