കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക് നിയമനം നൽകിയ സംഭവത്തിൽ വി സിയോട് വിശദീകരണം ചോദിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സർവ്വകലാശലയ്ക്കും സർക്കാരിനും കനത്ത തിരിച്ചടിയും അധികാര ദുർവിനിയോഗത്തിനെതിരെയുള്ള കനത്ത താക്കീതുമാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

പ്രിയാ വർഗീസിന്റെ നിയമനത്തിന് പ്രത്യുപകാരമായി വൈസ് ചാൻസലറായിരുന്ന പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ചട്ടങ്ങൾ കാറ്റിൽ പറത്തി പുനർ നിയമനം നൽകിയതും ഇത്തരം ദുരൂഹവും അസ്വാഭാവികവുമായ നടപടികളിലൂടെയാണ്.വൈസ് ചാൻസലർക്ക് ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രിയാ വർഗീസിന്റെ നിയമനം റദ്ദാക്കി വി സി സ്ഥാനം രാജിവെച്ച് പുറത്ത് പോകാൻ തയ്യാറാകേണ്ടതുമാണ്.

നിയമ വ്യവസ്ഥകൾ പാലിച്ച് വിവാദങ്ങൾക്കിടവരുത്താതെ സുതാര്യമായി നടപ്പിലാക്കേണ്ട നിയമനങ്ങൾ, ഇത്തരം വഴിവിട്ട നീക്കങ്ങളിലൂടെ നേടിയെടുക്കാൻ ഭരണ തലത്തിലുള്ളവർ തന്നെ നേതൃത്വം നൽകുന്നത് വേലി തന്നെ വിളവ് തിന്നുന്നതിന്റെ തെളിവാണെന്നും അധികാര സ്ഥാനങ്ങൾ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പ്രവർത്തികൾക്കെതിരെ ഗവർണ്ണർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.