ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ പൂജ ഗെഹ്ലോട്ട് വെങ്കല മെഡൽ നേടി. സ്‌കോട്‌ലൻഡ് താരത്തെ 12-2 എന്ന സ്‌കോറിൽ തറപറ്റിച്ചാണ് പൂജയുടെ വിജയം. അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ് പൂജ.

കോമൺവെൽത്ത് ഗെയിംസിൽ ഇന്നും ഇന്ത്യക്ക് നേട്ടങ്ങളുടെ ദിനമായിരുന്നു. വനിതാ ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ ഫൈനലിൽ കടന്നു. എഡ്ജ്ബാസ്റ്റണിൽ നടന്ന ഒന്നാം സെമിയിൽ 4 റൺസിന് ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലേ വെള്ളി മെഡൽ നേടി. ഇന്ത്യയ്ക്ക് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ സ്റ്റീപ്പിൾ ചേസ് വിഭാഗത്തിൽ മെഡൽ ലഭിക്കുന്നത്.

10,000 മീറ്റർ നടത്തത്തിൽ ഇന്ന് ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. അത്‌ലറ്റിക്‌സിൽ നേരത്തെ തേജസ്വിൻ ശങ്കറും മുരളി ശ്രീശങ്കറും മെഡൽ നേടിയിരുന്നു.

ലോൺ ബോളിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടത്തിലെത്തി. പുരുഷ വിഭാഗം ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. ഫൈനലിൽ ഉത്തര അയർലൻഡിനോട് തോൽവി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു.

സുനിൽ ബഹദൂർ (ലീഡ്), നവ്നീത് സിങ് (സെക്കൻഡ്), ചന്ദൻ കുമാർ സിങ് (തേഡ്), ദിനേശ് കുമാർ (സ്‌കിപ്) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഫൈനലിൽ അയർലൻഡ് ഇന്ത്യയെ 18-5 എന്ന സ്‌കോറിന് തോൽപ്പിച്ചു. 2022 കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോളിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്.

വനിതാ വിഭാഗം ടീം ഇനത്തിൽ ഇന്ത്യ സ്വർണമെഡൽ നേടിക്കൊണ്ട് ചരിത്രം കുറിച്ചിരുന്നു. ലോൺ ബോളിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയായിരുന്നു ഇത്. വനിതകൾക്ക് പിന്നാലെ പുരുഷന്മാരും മെഡൽ നേടിയതോടെ ഇന്ത്യ ലോൺ ബോളിൽ ആധിപത്യം സ്ഥാപിക്കുകയാണ്.