കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാനായി കൊച്ചിൻ ഷിപ്പ്യാർഡിൽ നടൻ മോഹൻലാൽ എത്തി. നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ മോഹൻലാലിന് മൊമന്റോയും കൈമാറി.

സന്ദർശനത്തിന്റെ ഫോട്ടോകൾ മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. അഭിമാന നിമിഷമെന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാൽ ചിത്രങ്ങൾ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചത്. കൊച്ചിൻ ഷിപ്പ് യാർഡിൽ എത്തിയ താരം നാവികസേന ഉദ്യോഗസ്ഥർക്കും കപ്പൽശാലയിലെ തൊഴിലാളികൾക്കുമൊപ്പം സയമം ചിലവഴിച്ചു.

നാവിക സേനാംഗങ്ങൾക്ക് ഒപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് മോഹൻലാൽ ഷിപ്പ്യാർഡിൽ എത്തിയത്. കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും.



കൊച്ചിൻ ഷിപ്പ്യാർഡിൽ തന്നെയായിരുന്നു കപ്പലിന്റെ നിർമ്മാണം. 2009ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 76 ശതാമനം ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ് കപ്പലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.

രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പൽ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാർട്ട്മെന്റുകളുള്ള കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോ മീറ്റർ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉൾക്കൊള്ളാനാകും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്ടറും ഉൾപ്പെടെ മുപ്പത് എയർക്രാഫ്റ്റുകളെ വഹിക്കാൻ ഐ.എൻ.എസ്. വിക്രാന്തിന് സാധിക്കും.



മിഗ്-29കെ, നാവിക സേനയുടെ എൽ.സി.എ. എയർക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റൺവേകളും എസ്.ടി.ഒ.ബി.എ.ആർ. സംവിധാനവും കപ്പലിലുണ്ടാകും.റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്.