കണ്ണൂർ: അസമിലെ ഷില്ലോങ്ങിൽ കുളിമുറിയിൽ തലയിടിച്ച് വീണതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ ജവാൻ പി.വി ഉല്ലാസിന്റെ ഭൗതീകശരീരം കണ്ണൂരിലെത്തിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തളിപറമ്പ് തഹസിൽദാർ സി.രാധാകൃഷ്ണൻ, ഡെപ്യൂ.കമാൻഡന്റ് സജീ എന്നിവർ ഏറ്റുവാങ്ങി.

കേരളാ പൊലീസ്, അസം റൈഫിൾസ് എക്സ് സർവീസ്മെൻ വെൽഫയർ അസോ, കർമ ചാരിറ്റബിൾ സൊസൈറ്റി, ടീം സോൾജിയർസ് കണ്ണൂർ, സുഹൃത്തുക്കൾ, എന്നിവർ ചേർന്ന് വിലാപയാത്രയായി സൈനികന്റെ ജന്മദേശമായ ധർമ്മശാലക്ക് കൊണ്ടുപോയി. പൂർണസൈനികബഹുമതികളോടെ കടമ്പേരി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

ഡി. എസ്.സി കണ്ണൂർ ഗാർഡ് ഓഫ് ഹോണർ നൽകി. ഷില്ലോങ് സൈനിക ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കിടെ അന്ത്യം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. സൈനിക കേന്ദ്രത്തിലെ ക്വാർട്ടേഴ്സിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണമായി മാറിയത്.

ധർമശാല 'നിഫ്റ്റി'ന് സമീപത്തെ ഏരുമ്മൽ അപ്പ നായരുടെയും പുത്തൻവീട്ടിൽ പുഷ്പവല്ലിയുടെയും മകനാണ്. ഭാര്യ: സിമി ഉല്ലാസ്. മകൾ: ലക്ഷ്മി നന്ദ (ബിരുദ വിദ്യാർത്ഥിനി, പയ്യന്നൂർ കോളേജ്) സഹോദരങ്ങൾ: റീത്ത സുരേശൻ (അലവിൽ), ഉമേഷ് (കുവൈത്ത്).