ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ ഏർപ്പെടുന്ന ഏറ്റവും സുപ്രധാനമായ വ്യാപാര കരാർ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഒരുങ്ങുന്നതിനിടയിൽ അതിനെതിരായ പ്രതിഷേധത്തിന് ബ്രിട്ടനിൽ ശക്തി വർദ്ധിക്കുന്നു. സ്വതന്ത്ര വ്യാപാര കരാർ വഴി വിപണിയിലെത്തുന്ന ഇന്ത്യൻ വിഭവങ്ങളോടെ വിലയുടെ കാര്യത്തിൽ മത്സരിക്കുന്നത് ബ്രിട്ടനിലെ കർഷകർക്ക് ഉപകാരം ചെയ്യില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഇന്ത്യയിലേയും യു കെയിലേയും നയതന്ത്ര ഉദ്യോഗസ്ഥരും മറ്റു ബന്ധപ്പെട്ട അധികൃതരും കരാറിന്റെ അവസാന മിനുക്കുപണിയിലാണ്. ഏതാനും മാസങ്ങള്ക്കുള്ളിൽ തന്നെ ഈ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും എന്നാണ് കരുതുന്നത്. അതിനിടയിലാണ് ഇന്ത്യയുമായി കരാർ ഒപ്പുവയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ അനാവശ്യ ധൃതി കാണിക്കുന്നു എന്ന് ആരോപിച്ച് വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്. വളരെ അപകടകരമാം വിധം വൻ അളവിലുള്ള കീടനാശിനികൾ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളിൽ ഉണ്ടാകും എന്നാണ് ഒരു വിഭാഗം പ്രതിഷേധക്കാർ ആരോപിക്കുന്നത്.

പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് യു കെ (പാൻ യു കെ) യിൽ നിന്നുള്ള പുതിയ റിപ്പോർട്ടിൽ വാണിജ്യ വിദഗ്ദ്ധയായ ഡോ. എമിലി ലിഡ്ഗേറ്റ് നൽകുന്ന മുന്നറിയിപ്പ്, ഇന്ത്യയിൽ ഉദ്പാദിപ്പിക്കുന്ന കാർഷിക വിളകളിലും ധാന്യങ്ങളിലും ഉയർന്ന നിരക്കിലുള്ള കീടനാശിനികളുടെ സാന്നിദ്ധ്യം ഉണ്ടാകും എന്നാണ്, പ്രത്യേകിച്ച് ഗോതമ്പ്, തേയില എന്നിവയിൽ. ഇത്തരത്തിൽ വിഷാംശം അടങ്ങിയ ഭക്ഷ്യവസ്തുക്കൾബ്രിട്ടനിൽ എത്താൻ കാരണമാകും എന്നതിനു പുറമെ യു കെയിലെ കർഷകർക്ക് വിനയായി ഭവിക്കാവുന്ന വിപണി മത്സരത്തിനും ഈ കരാർ വഴിയൊരുക്കും എന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുമായുള്ള കരാറിനു കാണിക്കുന്ന അനാവശ്യ ധൃതി യു കെക്ക് വിനാശകരമായി ബാധിക്കുമെന്ന് പാൻ യു കെയിലെ പോളിസി, കാംപെയിൻ വിഭാവങ്ങളുടെ തലവൻ ജോസീ കോഹനും ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യൻ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കരാർ ആകും എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ഈ കരാർ ഒരുപാട്ഉപകാരം ചെയ്യും.

കാരാർ സാധ്യമാകുന്നതിനായി ഇന്ത്യൻ സർക്കാർ അനുവദനീയമായ കീടനാശിനിയുടെ അളവിൽ കൂടുതൽ അയവുകൾ വരുത്തുവാനായി ലോബിയിങ് ചെയ്യുകയാണെന്ന് ഡോ. എമിലി ലിഡ്ഗേയ്റ്റ് ആരോപിക്കുന്നു. ബ്രിട്ടന്റെ നിയന്ത്രണങ്ങളിൽ അയവുകൾ വരുത്തുമ്പോൾ അത് പ്രതികൂലമായി ബാധിക്കുക ബ്രിട്ടീഷ് കർഷകരെയായിരിക്കും എന്നും അവർ പറയുന്നു.