ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോളിന് സ്വർണം. ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. മലയാളി താരം അബ്ദുല്ല അബൂബക്കർ വെള്ളി നേടി (17.02 മീറ്റർ). ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജംപിൽ ഇന്ത്യൻ താരം സ്വർണം നേടുന്നത്. വ്യക്തിഗത ഇനത്തിൽ ആദ്യമായാണ് ഒരു മലയാളിത്താരം സ്വർണം നേടുന്നത്.

ബെർമൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ പ്രവീൺ ചിത്രാവൽ നാലാം സ്ഥാനത്ത് എത്തി. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണിത്. നേരത്തെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എൽദോസ് പോൾ ട്രിപ്പിൾ ജമ്പ് ഫൈനലിലെത്തിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ ഈയിനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും എൽദോസ് സ്വന്തമാക്കിയിരുന്നു.

ആദ്യ ശ്രമത്തിൽ 16.92 മീറ്റർ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ. ആദ്യ ശ്രമത്തിൽ 14.62 മീറ്റർ മാത്രമാണ് എൽദോസിന് കണ്ടെത്താനായത്. മൂന്നാം ശ്രമത്തിലാണ് എൽദോസ് സുവർണദൂരമായ 17.03 മീറ്റർ കണ്ടെത്തിയത്. അബ്ദുള്ള അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റർ കണ്ടെത്താനായത്. മത്സരത്തിൽ പതിനേഴ് മീറ്റർ മറികടക്കാനായത് ഇരുവർക്കും മാത്രമാണ്. ഗെയിംസിൽ ഇന്ത്യയുടെ 16 ാം സ്വർണമാണ് എൽദോസ് കുറിച്ചത്. ഇതുവരെ ഇന്ത്യ 16 സ്വർണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

ബോക്സിംഗിൽ നിതു ഗംഗസ്സിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തിൽ അമിത് പാംഗൽ ഇന്ന് സ്വർണം നേടിയിരുന്നു. വനിതകളുടെ മിനിമം വെയ്റ്റ് വിഭാഗത്തിലാണ് നിതു സ്വർണം നേടിയത്. അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ തകർത്തപ്പോൾ നിതു ഇംഗ്ലണ്ടിന്റെ തന്നെ ഡെമി ജേഡ് റെസ്താനെതിരെയാണ് വിജയിച്ചത്. പുരുഷന്മാരുടെ ബോക്‌സിങ്ങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി.

നേരത്തെ ഹോക്കിയിൽ ഇന്ത്യൻ വനിതകൾ വെങ്കലം നേടിയിരുന്നു. വെങ്കല മെഡൽ മത്സരത്തിൽ ന്യൂസിലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വീഴ്‌ത്തിയത്. നിശ്ചിത സമയം ഇരു ടീമും 1-1ന് സമനിലയിലെത്തി. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ 2-1നാണ് ഇന്ത്യയുടെ ജയം. 2006ന് ശേഷം ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്

മത്സരത്തിൽ ഒരു ഗോളിന്റെ ലീഡെടുത്ത ഇന്ത്യയ്‌ക്കെതിരെ അവസാന സെക്കൻഡുകളിലാണ് ന്യൂസീലൻഡ് സമനില ഗോൾ നേടിയത്. അതേസമയം വനിതാ സിംഗിൾസ് ബാഡ്മിന്റനിൽ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോൽപിച്ചത്. സ്‌കോർ 21-19, 21-17.