കോട്ടയം: ചിങ്ങം ഒന്ന് കർഷക കരിദിനം പ്രഖ്യാപിച്ച് വൻ പ്രതിഷേധവുമായി ഇൻഫാം. ബഫർ സോൺ ഉൾപ്പെടെ ഭൂവിഷയങ്ങൾ അടിച്ചേൽപ്പിച്ച് കർഷകദ്രോഹ സമീപനവുമായി സർക്കാർ നീങ്ങുമ്പോൾ കൃഷിവകുപ്പ് നടത്തുന്ന കർഷകദിനാചരണം കർഷകരോട് നീതിപുലർത്തുന്നതല്ലെന്നും വിവിധ കർഷകസംഘടനകൾ സഹകരിച്ച് നടത്തുന്ന കർഷക കരിദിന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും ഇൻഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.

ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളിൽ കർഷകരുടെ കരിദിന പ്രതിഷേധ മാർച്ചുകളും ധർണ്ണയും പന്തംകൊളുത്തി പ്രകടനങ്ങളുമുണ്ടാകും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുമ്പിലേയ്ക്ക് കർഷകർ ജാഥ നടത്തും. വിവിധ കർഷകസംഘടനകൾ ഒത്തുചേർന്നുള്ള കരിദിന പ്രതിഷേധത്തിൽ ഇൻഫാം പങ്കുചേരും. കർഷകർ നിലനിൽപ്പിനായി നിരന്തരം പോരാടുമ്പോൾ സംരക്ഷണമൊരുക്കേണ്ട കൃഷിവകുപ്പ് ദ്രോഹിക്കുന്ന വകുപ്പായി അധഃപതിച്ചിരിക്കുന്നുവെന്നും ഇൻഫാം ദേശീയ സമിതി കുറ്റപ്പെടുത്തി.

ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി രക്ഷാധികാരി ബിഷപ് റെമീജിയസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, സെക്രട്ടറി ജനറൽ അഡ്വ. വി സി.സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണം നടത്തി. വൈസ് ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ എന്നിവർ കർഷക കരിദിന പ്രതിഷേധപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.

ജോയി തെങ്ങുംകുടി, ഫാ. ജോസഫ് മോനിപ്പള്ളി, ജോസ് എടപ്പാട്ട്, ഫാ. ജോസ് പെണ്ണാപറമ്പിൽ, മാത്യു മാമ്പറമ്പിൽ, സണ്ണി മുത്തോലപുരം, സണ്ണി തുണ്ടത്തിൽ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കൾ സംസാരിച്ചു.