- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദത്തിനെതിരെ സമാധാന പ്രതിജ്ഞ: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: രാജ്യത്തുടനീളം ശക്തിപ്രാപിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതും ജനസമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഭീകരവാദത്തിനെതിരെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ സമാധാന പ്രതിജ്ഞയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് വിവിധ സ്ഥലങ്ങളിൽ സമാധാന പ്രതിജ്ഞാ പരിപാടികൾ നടത്തുന്നത്.
സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ കീഴിലുള്ള 14 റീജിയണൽ കൗൺസിലുകൾ, വിവിധ രൂപതകൾ, കത്തോലിക്കാസംഘടനകൾ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ദേശസ്നേഹികളും സമാധാനപ്രതിജ്ഞയിൽ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് ഭരണഘടനാപരമായി ഭാരതപൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നിരിക്കെ അതിനെ തകർക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ രാജ്യത്തു വളരാൻ അനുവദിക്കാനാവില്ലെന്നും ദേശസ്നേഹവും സമാധാനവും ഈ മണ്ണിൽ നിലനിർത്തുവാൻ രാജ്യസ്നേഹികളും സമാധാനകാംക്ഷികളുമായിട്ടുള്ളവർ ഈ സമാധാന പ്രതിജ്ഞയിൽ അണിചേരാനായി മുന്നോട്ടുവരണമെന്നും ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.