ഇടുക്കി: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പഞ്ചായത്ത് പരിധിയിൽ വരുന്ന ശല്യാംപാറ പണ്ടാരപടിയിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വെള്ളത്തൂവൽ സർക്കാർ ഹൈസ്‌ക്കൂളിൽ ക്യാമ്പ് തുറന്നിട്ടുള്ളത്.

ശല്യാംപാറയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രണ്ട് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്നുള്ള 9 കുടുംബങ്ങളും പതിനൊന്നാം വാർഡിൽ നിന്നുള്ള 2 കുടുംബങ്ങളും ഉൾപ്പെടെ ആകെ 11 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. 13 പുരുഷന്മാരും 13 സ്ത്രീകളും 5 കുട്ടികളും 5 മുതിർന്ന പൗരന്മാരും ഉൾപ്പെടെ ക്യാമ്പിലാകെ 36 പേരുണ്ട്. മുതിരപ്പുഴയാറിന്റെ തീരത്തുള്ള രണ്ട് കുടുംബങ്ങളെയാണ് പതിനൊന്നാം വാർഡിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.

ശല്യാംപാറ പണ്ടാരപ്പടിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഉരുൾപൊട്ടൽ സമയത്ത് വീടുകളിൽ ആളുകൾ ഉണ്ടായിരുന്നു. മണ്ണും ചെളിയും ഒഴുകിയെത്തുന്ന ശബ്ദം കേട്ട് കുടുംബങ്ങൾ വീടുകളിൽ നിന്നും മാറി അയൽവീടുകളിൽ അഭയം പ്രാപിച്ചു.

രാത്രി പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ മണ്ണിനിടയിൽപ്പെട്ടു. കല്ലും മണ്ണും വന്നടിഞ്ഞതിനെ തുടർന്ന് കല്ലാർകുട്ടി വെള്ളത്തൂവൽ റോഡിൽ ഗതാഗതം നിലച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് നീക്കി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. അഡ്വ. എ രാജ എംഎൽഎ ഉൾപ്പെടെയുള്ളവർ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.