കൊച്ചി: ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകുന്ന പദ്ധതിയായ ലൈഫ് മിഷന് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിൽ ബാങ്കിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് സംസ്ഥാന സർക്കാരിനു സംഭാവനയായി നൽകിയത്.

ഫെഡറൽ ബാങ്ക് ചെയർമാനും സ്വതന്ത്ര്യ ഡയറക്ടറുമായ സി ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനു ഭൂമി സംബന്ധമായ രേഖകൾ കൈമാറി. ഭൂമിയും വീടുമില്ലാത്ത 40 കുടുംബങ്ങൾക്കാണ് ലൈഫ് മിഷൻ മുഖേന ഈ ഭൂമി പ്രയോജനപ്പെടുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ അർഹരായ ഭവനരഹിതർക്ക് വീടു നിർമ്മിക്കാൻ ഭൂമി കണ്ടെത്താനായി 'മനസോടിത്തിരി മണ്ണ്' എന്ന പേരിൽ ക്യാംപയിൻ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി സർക്കാരിനു സൗജന്യമായി നൽകിയത്.

ഞങ്ങൾക്കു പ്രവർത്തിക്കാനും വളരാനും ഇടം തന്ന സമൂഹത്തിന്റെ സുസ്ഥിരതയും ദീർഘകാല അഭിവൃദ്ധിയും ഉറപ്പുവരുത്താൻ ഫെഡറൽ ബാങ്ക് എല്ലായ്‌പ്പോഴും ബാധ്യസ്ഥമാണ്. ഭവനരഹിതർക്ക് വീടൊരുക്കാൻ സഹായകമാകുന്ന ഈ ഉദ്യമത്തിൽ സർക്കാരിനെ പിന്തുണക്കാനായതിൽ അതിയായ അഭിമാനമുണ്ട്. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ലോൺ കലക്ഷൻ ആൻഡ് റിക്കവറി വിഭാഗം മേധാവിയുമായ രാജനാരായണൻ എൻ പറഞ്ഞു. മറ്റു ബാങ്കുദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.