ചക്കരക്കൽ: സ്‌കൂൾ ബസിന്റെ അടിയിൽ കിടന്ന് ജോലി ചെയ്യവെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ദാരുണമായി മരിച്ച ചൂളയിലെ ടി.പി.ഇലക്ട്രിക്കൽ ഷോപ്പിലെ തൊഴിലാളി ജിബിൻ ദേവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ജിബിന്റെ ഭൗതികശരീരം ചൂള സ്വീറ്റ് ഓഡിറ്റോറിയം പാർക്കിംങ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വച്ചു. നൂറുകണക്കിനാളുകൾ ഇന്ന് രാവിലെ തന്നെ നാടിന് പ്രിയപ്പെട്ട ജിബിൻദേവിനെ ഒരു നോക്കു കാണാൻ ചൂളയിലും പരിസരത്തും എത്തിയിരുന്നു.

2005ൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി വിദ്യാഭ്യാസത്തിന് ശേഷം വീട്ടിനടുത്തുള്ള ടി.പി.ഇലക്ട്രിക്കൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ചക്കരക്കൽ പ്രദേശത്തെ വാഹന ഉടമകൾക്കും തൊഴിലാളികൾക്കും ജിബിനിന്റെ വിയോഗം ദുഃഖം സൃഷ്ടിച്ചു.

വാഹനം ഒന്ന് സെൽഫ് എടുത്തില്ലെങ്കിൽ, ലൈറ്റ് പ്രവർത്തിക്കാതെ വന്നാൽ ഏത് അർദ്ധരാത്രിയിൽ പോലും ഒരു ഫോൺകോൾ ചെയ്താൽ വന്ന് റിപ്പയർ ചെയ്യുന്ന സ്വഭാവമായിരുന്നു ജിബിനിന്റേത്. ഒരാളോട് പോലും ദേഷ്യപ്പെടാതെയെന്നും ചിരിച്ച് കൊണ്ട് ജോലിയിൽ മുഴുകുന്ന ജിബിൻ രാത്രി ജോലി നിർത്തി വീട്ടിലേക്ക് മടങ്ങുമ്പോൾ പോലും ആരെങ്കിലും വന്നാൽ ഇപ്പോൾ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാറില്ല.

ജിബിന്റെ വിയോഗം ചക്കരക്കൽ മേഖലയെ ശോകമൂകമാക്കി. ഇന്ന് രണ്ട് മണിക്ക് ശേഷം വീട്ടിൽ നിന്നു മൃതദേഹം പയ്യാമ്പലത്തേക്കെടുത്തത് കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും സൃഹൃത്തുക്കളുടെയുംവിലാപങ്ങൾക്കിടയിലാണ്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, വാർഡ് മെമ്പർ എം വി അനിൽകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബാബുരാജ്, എം. ഷാജർ, ചക്കരക്കൽ ലോക്കൽ സെക്രട്ടറി എം.കെ.മോഹനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.കെ. മോഹനൻ, കെ.സി. മുഹമ്മദ് ഫൈസൽ, മണ്ഡലം പ്രസിഡന്റ് എം. സുധാകരൻ, ബിജെപി നേതാവ് കെ.പി.ഹരീഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പ്രദിപൻ, സെക്രട്ടറി എം.കെ.നസീർ, സമിതി യൂണിറ്റ് സെക്രട്ടറി ബി. സുഭാഷ് സിഐടിയു നേതാക്കളായ കെ.ബഷീർ, പി ചന്ദ്രൻ ഓട്ടോമൊബെൽ അസോസിയേഷൻ വർക്ക്ഷോപ്പ്കേരള (അഅണഗ ) സംസ്ഥാന ജോ: സെക്രട്ടറി റെന്നി കെ മാത്യു, ജില്ലാ നേതാക്കളായ രത്നദാസ് ,സി.എഫ്.രാജു, സുനിൽ തലശ്ശേരി, സണ്ണി മാത്യു എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജ്ലി അർപ്പിച്ചു.