- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർപ്പുങ്കൽ പാലം ഗതാഗതത്തിന് ഭാഗികമായി തുറന്നു കൊടുത്തു
പാലാ:ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി പഴയ പാലത്തിലൂടെ രണ്ടുമാസത്തേക്ക് നിർത്തിവെച്ച വാഹന ഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി. കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
ഓട്ടോറിക്ഷകളും കാറുകളും ചെറിയ ആംബുലൻസുകളും ഉൾപ്പെടെയുള്ള ചെറു വണ്ടികളാണ് ആദ്യഘട്ടത്തിൽ കടത്തിവിടാൻ തീരുമാനിച്ചിട്ടുള്ളത്. രണ്ട് മീറ്റർ ഉയരവും രണ്ട് മീറ്റർ വീതിയുമുള്ള ക്രോസ് ബാർ ചേർപ്പുങ്കൽ പഴയ പാലത്തിന്റെ ഇരുവശവും സ്ഥാപിച്ചിട്ടുണ്ട് . വലിയ ആംബുലൻസും വലിപ്പം കൂടിയ മറ്റ് വാഹനങ്ങളും ഇപ്പോൾ പാലത്തിലൂടെ കടത്തിവിടാൻ കഴിയാത്തതുകൊണ്ട് ഇക്കാര്യത്തിലുള്ള നിരോധനം കർശനമായി തുടരുന്നതാണ് .പുതിയ പാലം നിർമ്മാണത്തിന്റെ അനുബന്ധമായുള്ള ഗാബിയോൺ സംരക്ഷണഭിത്തി പൂർത്തീകരിച്ചതിനു ശേഷമേ എല്ലാ വാഹനങ്ങളും കടത്തിവിടാൻ കഴിയുകയുള്ളുവെന്ന് പൊതുമരാമത്ത് ബ്രിഡ്ജസ് വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 15ന് മുമ്പായി ചെറു വണ്ടികൾക്ക് വേണ്ടി ഗതാഗതം പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎമാർ സ്ഥലം സന്ദർശിച്ച നൽകിയ ഉറപ്പ് പാലിക്കപ്പെട്ടതിൽ നാട്ടുകാർ സംതൃപ്തി രേഖപ്പെടുത്തി. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഏതാനും ദിവസം നിർമ്മാണം മുടങ്ങിയെങ്കിലും ദോഷകരമായി ബാധിക്കാതെ മറ്റു ജോലികൾ ക്രമീകരിക്കാൻ കഴിഞ്ഞതിലൂടെയാണ് ഇപ്പോൾ ഭാഗികമായി ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടുള്ളത്.ചേർപ്പുങ്കൽ പുതിയ പാലത്തിന്റെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി ഇന്ന് സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം അഡ്വ. മോൻസ് ജോസഫ് എംഎൽഎയും മാണി സി. കാപ്പൻ എംഎൽഎയും അറിയിച്ചു.
പുതിയ പാലത്തിനു വേണ്ടിയുള്ള ഗർഡറുകൾ സ്ഥാപിച്ച ശേഷമുള്ള ആദ്യത്തെ ബീമിന്റെ ഗ്രൗട്ടുംഗും സ്ട്രസിംഗും പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടാമത്തെ ബീമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 12ന് തുടക്കം കുറിക്കുന്നതാണ്. 15 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ബീമിന്റെ പ്രവർത്തിയിലേക്ക് കടക്കാവുന്ന വിധത്തിൽ നിർമ്മാണ കാര്യങ്ങൾക്രമീകരിക്കുന്നതിന് എംഎൽഎമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ റിവ്യൂ മീറ്റിങ് വിളിച്ച് നിർമ്മാണ പുരോഗതി വീണ്ടും വിലയിരുത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ചേർപ്പുങ്കൽ പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സംഭവിച്ച എസ്റ്റിമേറ്റ് ന്യൂനതകൾ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കൈകൊണ്ട തീരുമാനപ്രകാരമുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചെങ്കിലും ധനകാര്യ വകുപ്പിൽ നിന്നും ഉണ്ടാകേണ്ട അന്തിമ അനുമതി ഉത്തരവ് ഇതുവരെയും ഇറങ്ങാത്ത പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് മോൻസ് ജോസഫും മാണി സി. കാപ്പനും വ്യക്തമാക്കി.ഓഗസ്റ്റ് 22 മുതൽ ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളന കാലഘട്ടത്തിൽ ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ചേർപ്പുങ്കൽ പള്ളി അസിസ്റ്റന്റ് വികാരി റവ: ഫാ: ടോം വാഴയിൽ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കൊഴുവനാൽ ബ്ലോക്ക് മെമ്പർ ജോസ് സി. പൊയ്കയിൽ , കിടങ്ങൂർ ബ്ലോക്ക് മെമ്പർ ഡോ. മേഴ്‌സി ജോൺ മൂലക്കാട്ട് , വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കൽ, അഡ്വ.പി.എൻ. ബിനു , മിനി ജെറോം, ആനീസ് കുര്യൻ ,ജഗൻ നിവാസ് പിടിക്കാപറമ്പിൽ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. എസ്. ജയൻ , സെന്നി തകിടിപ്പുറം, ബേബി മുളവേലിപ്പുറം, പി.ടി. ജോസ് പാരിപ്പള്ളി, സതീഷ് കുമാർ ശ്രീനിലയം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.