- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഞ്ചിയമ്മയെ ആദരിച്ച് 'പാട്ടമ്മയ്ക്കൊപ്പം' കണ്ണൂർ; നഞ്ചിയമ്മയുടേത് പ്രകൃതിയുടെ സംഗീതമെന്ന് ടി.പത്മനാഭൻ
കണ്ണൂർ: പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭൻ. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാൻ കണ്ണൂരിൽ കേരള ഫോക്ലോർ അക്കാദമി സംഘടിപ്പിച്ച 'പാട്ടമ്മയ്ക്കൊപ്പം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറയൂർ ശർക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു. കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികൾ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തിൽ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാൽ കൂടുതലായാൽ അതും ഭാരമാണ്. സംഗീതജ്ഞർക്ക് മുമ്പേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കൽ നഞ്ചിയമ്മ ചോദിച്ചു. ആ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിരുന്നു പരിപാടി.
സംവിധായകൻ സച്ചി അട്ടപ്പാടിയിലേക്ക് വഴിവെട്ടി വന്ന് പലർക്കും വഴികാട്ടിക്കൊടുത്തുവെന്ന് നഞ്ചിയമ്മ പറഞ്ഞു. എനിക്ക് പാട്ടിന്റെ വഴി പറഞ്ഞു തന്നു. ഇപ്പോൾ അട്ടപ്പാടിയിലേക്ക് ഒരു പാട് പേർ വരുന്നു. അതിൽ എനിക്ക് അഭിമാനമുണ്ട്-നഞ്ചിയമ്മ പറഞ്ഞു നിർത്തി. പിന്നെ കാത്തിരുന്നവരുടെ കാതുകളിലേക്ക് നഞ്ചിയമ്മയുടെ പാട്ടുകൾ കാട്ടരുവി പോലെ ഒഴുകിയെത്തി. മണ്ണിന്റെ മണമുള്ള പാട്ടിലൂടെ നഞ്ചിയമ്മ സദസിന്റെ മനവും മിഴിയും നിറച്ചു. തുടർന്ന് അതുൽ നറുകരയും സംഘവും നാടൻ പാട്ടിലൂടെ സദസിനെ കയ്യിലെടുത്തു.
അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ ,പ്രോഗ്രാം ഓഫീസർ പി.വി ലവ്ലിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




