- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതുക്ലാസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതി; അതിജീവിതയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുന്നു; 11 പെൺകുട്ടികൾ കൂടി പീഡിപ്പിക്കപ്പെട്ടുവെന്ന മൊഴിയിലും അന്വേഷണം
തലശേരി: കണ്ണൂരിൽ മയക്കുമരുന്ന് നൽകി ഒൻപതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. തന്നെപ്പോലെ പതിനൊന്നു പെൺകുട്ടികൾ കൂടി സിന്തറ്റിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന കുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്.
എന്നാൽ അതിജീവിതയായ കുട്ടിയുടെ മൊഴിയിലുള്ള വൈരുദ്ധ്യം പൊലിസിനെ കുഴയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോൾ പൊലിസ് നടത്തിവരുന്നത്. ഇതിനിടെ അതിജീവിതയുടെ പിതാവ് നേരത്തെ പോക്സോകേസിൽ പ്രതിയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2019-ൽ മഹാരാഷ്ട്രയിലെ ഖർഗർ പൊലിസ് രജിസ്റ്റർ ചെയ്ത കേസാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. സ്വന്തം മകളെ പീഡിപ്പിച്ചുവെന്നു കാണിച്ചു കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്.
എന്നാൽ ഈ കേസ് കുടുംബപ്രശ്നവുമായി ഉടലെടുത്തുണ്ടായതായാണ് സൂചന. അതിജീവിതയുടെ കുടുംബം ഇപ്പോൾ ഒന്നിച്ചുതന്നെയാണ് കഴിയുന്നത്. ഇതിനിടെ അതിജീവിതയെ കൂടാതെ മറ്റു പതിനൊന്നുപേർ പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലിൽ പൊലിസിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറ്റാരോപിതനായ 15 വയസുകാരനെതിരെ മറ്റു പെൺകുട്ടികളാരും പരാതി നൽകിയിട്ടില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ അതിജീവിതയായ പെൺകുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലിസിന്റെ തീരുമാനം.
ഇതിനിടെ കണ്ണൂരിലെ സ്‌കൂളുകളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തെ തുടർന്ന് ജില്ലയിലെ സ്‌കൂളുകളിൽ ഇന്ന് എക്സൈസ് പരിശോധന ശക്തമാക്കി. സ്‌കൂളുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. സിറ്റി, പയ്യാമ്പലം, മട്ടന്നൂർ തുടങ്ങി വിവിധയിടങ്ങളിൽ പരിശോധന നടന്നുവെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. കണ്ണൂർ നഗരത്തിലെ ലഹരിയുടെ ഉറവിടമെന്ന് കരുതുന്ന കക്കാട് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പൊലിസും എക്സൈസും ചേർന്ന് നടത്തുന്ന സംയുക്ത റെയ്ഡിലൂടെ മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികൾ ഇല്ലാതാക്കാനാണ് ശ്രമം.




