കണ്ണൂർ: കേന്ദ്രസർക്കാർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഹർ ഘർ തിരംഗ പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുംബശ്രീ നിർമ്മിച്ച പതാകകൾ 90 ശതമാനം സകൂളുകളിലും വിതരണം ചെയ്തില്ല.

ദേശീയ പതാകയോട് സർക്കാർ അനാദരവ് കാണിച്ചിരിക്കുകയാണ്. ദേശീയതയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും വലിയ വെല്ലുവിളിയാണ് സർക്കാരിന്റെ നടപടി. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുള്ള കമ്മ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം അട്ടിമറിച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ ആഘോഷപൂർവ്വം വാർഷികം ആഘോഷിക്കുമ്പോൾ കേരളം മാറി നിൽക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. രാജ്യ സ്നേഹികളുടെ ആഗ്രഹത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസ്ഥാനസർക്കാർ തമസ്‌ക്കരിച്ചിരിക്കുകയാണ്. വിഘടനവാദത്തിന്റെ വെടിയൊച്ചയാണ് ഇതിലൂടെ മുഴങ്ങുന്നത്, രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ നമുക്ക് ബാധകമല്ലെന്ന് വിളിച്ചു പറയുകയാണ് സർക്കാർ.

പതാകകൾ വീടുകളിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുകളേയും കുടുംബശ്രീയേയും ഏൽപ്പിച്ച സർക്കാർ ഇത് ജനങ്ങളിലെത്തിയെന്ന് ഉറപ്പുവരുത്താതെ ഗുരുതരവീഴ്ചയാണ് വരുത്തിയത്. 90 ശതമാനം വിദ്യാലയങ്ങളിലും പതാകയെത്തിയില്ല. പലയിടങ്ങളിലും വികൃതവും വികിലവുമായ ദേശീയപതാകകളാണ് വിതരണം ചെയ്തത്. സിപിഎമ്മിന്റെ ഹിഡൺ അജണ്ടയാണ് ഇതിന് പിന്നിലെന്നും ആസൂത്രിത അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹർ ഘർ തിരംഗ പദ്ധതി പ്രഖ്യാപിച്ച ഘട്ടം മുതൽ ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ള വർഗ്ഗീയ വിഘടന വാദികളേയും തീവ്രവാദികളെയും പ്രീണിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സർക്കാരിന്റെ ദേശവിരുദ്ധതയേയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവം അട്ടിമറിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ പരാതി നൽകുമെന്നും കൃഷണദാസ് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രാജ്യ വിരുദ്ധ പരാമർശം നടത്തിയ എംഎൽഎയും മുന്മന്ത്രിയുമായ കെ.ടി. ജലീൽ രാജ്യാദോഹകുറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ വക്കാലത്താണ് കെ.ടി. ജലീൽ ഏറ്റെടുത്തിരിക്കുന്നത്. പാക്കിസ്ഥാനു വേണ്ടി കങ്കാണി പണിയാണ് ജലീൽ ചെയ്യുന്നത്. ഈ വിഷയത്തിൽ സിപിഎം മൗനം പാലിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നും ജലീൽ ഇപ്പോഴും പഴയ സിമിയുടെ നേതാവിന്റെ വഴിയെ തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

രാജ്യദ്രോഹം പരാമർശം നടത്തിയിട്ടും സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും മൗനത്തിലാണ്. കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിന്റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ ആക്രോശിച്ച പാർട്ടി ജലീൽവിഷയത്തിൽ പഠിക്കട്ടെ എന്ന നിലപാടിലാണ്. ഹർ ഘർ തിരംഗ പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കാൻ നടത്തിയശ്രമം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും രാജ്യദ്രാഹ പ്രവർത്തി നടത്തിയ ജലീൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നും ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അയാൾക്ക് അർഹതയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.