കണ്ണൂർ: മോദി സർക്കാർ നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നയിച്ച ആസാദി കി ഗൗരവ് പദയാത്രയുടെ സമാപനം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷം ഉണ്ടെന്ന് കരുതി നിയമ നിർമ്മാണസഭകളെ നോക്കുകുത്തിയാക്കിയും ഉദ്യോഗസ്ഥ വിഭാഗത്തെ ഉപയോഗിച്ച് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തിയും ഭരണം കൈപ്പിടിയിലാക്കുന്ന മോദി രാജ്യത്തുണ്ടായിരുന്ന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്താൻ പോകുന്ന ഭാരത് ജോഡോ യാത്ര സമരത്തിന്റെ തുടക്കം മാത്രമാണ്. വരും കാലങ്ങളിലും ശക്തമായ പോരാട്ടം കോൺഗ്രസ് നടത്തും. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങൾ ഉയർത്തിയുള്ള യാത്രയിൽ കർഷകരെയും മൽസ്യതൊഴിലാളികളെയും പരമ്പരാഗത വ്യവസായത്തിലേർപ്പെട്ടവരെയും കണ്ട് അവരുമായി സംവദിച്ചാണ് യാത്ര നടത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

സാധാരണക്കാർ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിൻ മേൽ പോലും നികുതി ഈടാക്കി കണ്ണീര് കുടിപ്പിക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് വിളകൾക്ക് ന്യായമായ വില കിട്ടുന്നില്ല. ചെറുകിട സംരംഭങ്ങൾ എല്ലാം അടച്ച് പൂട്ടുകയാണ്. അതേ സമയം കോർപ്പറേറ്റുകൾക്ക് യഥേഷ്ടം ആനുകൂല്യങ്ങൾ നൽകുന്നു. ഈ ദുർഭരണത്തിനെതിരെയുള്ള ശക്തമായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ജാഥാ ലീഡർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് സംസാരിച്ചു. സജീവ് ജോസഫ് എംഎൽഎ.

ടി ഒ മോഹനൻ,കെ സി വിജയൻ, എം നാരായണൻ കുട്ടി,പി ടി മാത്യു, ഡോ. കെ വി ഫിലോമിന, എൻ പി ശ്രീധരൻ, കെ പ്രമോദ്, എം പി ഉണ്ണിക്കൃഷ്ണൻ, രജനി രമാനന്ദ്, സി ടി ഗിരിജ, കെ സി മുഹമ്മദ് ഫൈസൽ, റഷീദ് കവ്വായി, ടി ജയകൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ,രാജിത്ത് നാറാത്ത്, കെ സി ഗണേശൻ,ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, സുദീപ് ജെയിംസ്, രാജീവൻ കപ്പച്ചേരി, തുടങ്ങിയവർ സംബന്ധിച്ചു. തളിപ്പറമ്പ് മന്നയിൽ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് മാർട്ടിൻ ജോർജിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തത് .ടി ജയകൃഷ്ണൻ ആദ്യക്ഷതയും , ലളിതാ ദേവി സ്വാഗതവും. ടി കെ അജിത്ത് കുമാർ സ്വാഗതവും കല്ലിക്കോടൻ രാഗേഷ് ആശംസയും അർപ്പിച്ചു സംസാരിച്ചു.