കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. കെ.വി മനോജ്കുമാർ അറിയിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിനായി സിറ്റി പൊലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനി പഠിച്ച സ്‌കൂൾ കമ്മിഷൻ സന്ദർശിച്ചു വസ്തുതാപരമായ കാര്യങ്ങളിൽ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ പൊലീസിന്റെ പങ്കാളിത്തത്തോടെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ പറഞ്ഞു.

സ്‌കൂളുകളുടെ നടത്തിപ്പിൽ തദ്ദേശ സ്ഥാപനങ്ങളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ഒത്തുചേർന്ന് പ്രവർത്തിക്കണം. രക്ഷിതാക്കളുടെ നിരന്തര ഇടപെടൽ സ്‌കൂളുകളിൽ ഉണ്ടായാൽ ലഹരി മാഫിയയെ അകറ്റാനാവും. ലഹരി ഉപയോഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ കാര്യത്തിൽ അദ്ധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പൊലീസിനെ അറിയിക്കാൻ മടിക്കരുത്.

വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ 'ഹോപ്' ഉൾപ്പെടെയുള്ള പദ്ധതികൾ പൊലീസ് നടപ്പിലാക്കുന്നുണ്ട്. വിദ്യാർത്ഥികൾ സ്‌കൂളിൽ വരുന്നതിന്റെയും പോകുന്നതിന്റെയും വിവരങ്ങൾ സ്‌കൂളുകളിൽ സൂക്ഷിക്കണം. സ്‌കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂനിറ്റുകൾ ആരംഭിക്കുന്നത് വലിയ മാറ്റം വരുത്തും. സംസ്ഥാനത്തെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണൂർ ജില്ലയിൽ പോക്‌സോ കേസുകൾ കുറവാണ്. ചില പോക്‌സോ കേസുകളിൽ കുട്ടികൾ മുതിർന്നവരുടെ ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.