കേവലം 41-ാം വയസ്സിൽ, പ്രശസ്ത പോപ്പ് സ്റ്റാർ ഡാരിയസ് കാംപ്ബെൽ ഡാനിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. മിനെസൊട്ടയിലെ റോക്കെസ്റ്റെറിലുള്ള തന്റെ അപ്പാർട്ട്മെന്റിൽ ഓഗസ്റ്റ് 11 നാണ് ഡാരിയസ് ഡാനിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് അറിവായിട്ടില്ല. എന്നാൽ, സംശയിക്കത്തക്കതായ സാഹചര്യമോ പശ്ചാത്തലമോ മരണത്തിനില്ല എന്ന് പൊലീസ് അറിയിച്ചു.

1980-ൽ ഗ്ലാസ്ഗോയിലായിരുന്നു ഡാനിഷിന്റെ ജനനം. സ്‌കോട്ടിഷ് വംശജയായ അമ്മയുടെയും ഇറാനിയൻ വംശജനായ അച്ഛന്റെയും പുത്രനായി ജനിച്ച ഡാനിഷ് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിൽ നിന്നും ഇംഗ്ലീഷിലും തത്വശാസ്ത്രത്തിലും ബിരുദം നേടുകയുണ്ടായി. 2001-ൽ ഐ ടി വി പോപ്പ് സ്റ്റാർസ് എന്ന പരിപാടിയിലൂടെയായിരുന്നു ഡനിഷ് പ്രശസ്തനാകുന്നത്. ബ്രിട്ട്നി സ്പിയേഴ്സിന്റെ ബേബി വൺ മോർ ടൈം എന്ന ഗാനവുമായി എത്തിയ ഈ യുവ ഗായകൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയായിരുന്നു. തൊട്ടടുത്ത വർഷം പോപ്പ് ഐഡോളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനത്തിന് അർഹനായതോടെ ഡാനിഷ് പ്രശസ്തിയിലേക്ക് കുതിച്ചുയരുകയായിരുന്നു.

കനേഡിയൻ നടിയായ നടാഷ ഹെൻസ്ട്രിഡ്ജുമായി പ്രണയത്തിലായ ഡാനിഴ് പിന്നീട് 2011-ൽ ഇവരെ വിവാഹം കഴിച്ചുവെങ്കിലും അധികം താമസിയാതെ വിവാഹമോചനത്തിലെത്തുകയായിരുന്നു. എക്സ് ഫാക്ടർ ഐക്കൺ സൈമൺ കോവെൽ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചതോടെയായിരുന്നു ഡാനിഷ് കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്. കലാരംഗത്തുള്ള ആരും ആഗ്രഹിക്കുന്നത്ര ആകർഷണീയമായ കരാർ നിരസിച്ചതിന് പക്ഷെ ഡാനിഷിന് നിരാശപ്പെടേണ്ടി വന്നില്ല. കളർബ്ലൈൻഡിൽ ഒന്നാം സ്ഥാനക്കാരനായി തിളങ്ങി ഈ താരം.

അദ്ദേഹത്തിന്റെ ആദ്യ സോളോ ആൽബം ഡൈവ് ഇൻ ഒരു സൂപ്പർ ഹിറ്റായിമാറി. ആദ്യത്തെ സ്റ്റേജ്ഷോ ഷിക്കാഗോയിൽ നടത്തിയതും അനേകരെ ആകർഷിച്ചുകൊണ്ടായിരുന്നു. ഇതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഈ സ്‌കോട്ടിഷ് സ്റ്റാർ തന്റെ കാമുകിയുമൊത്ത് അമേരിക്കയിലായിരുന്നു സ്ഥിരതാമസം. 2011- കാമുകിയായ കനേഡിയൻ നടി നടാഷയെ വിവാഹം കഴിച്ചെങ്കിലും ഏറെ വൈകാതെ ഇരുവരും വഴിപിരിഞ്ഞു.

2010-ൽ ഡാനിഷ് സഞ്ചരിച്ചിരുന്ന കാർ അമിതവേഗത്തിൽ ഒരു ചുമരിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന് താരത്തിന് കഴുത്തിന് പരിക്കേറ്റിരുന്നു. പിന്നീട് ഫ്രെഞ്ച് 2 ഒ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് വേണ്ടി വാട്ടർ ഫിൽറ്ററുകൾ പ്രൊമോട്ട് ചെയ്യുവാനുള്ള കാമ്പയിനിടയിൽ തെംസ് നദിയിലെ ജലം കുടിച്ച് മരണത്തിനടുത്തു വരെ എത്തുകയും ചെയ്തിരുന്നു. 2017-ൽ ആയിരുന്നു ഈ സംഭവം. അന്ന് തീർത്തും ബോധം നശിച്ച അവസ്ഥയിൽ എത്തിയിരുന്നു ഡാനിഷ്.

സംഗീതത്തോടൊപ്പം തീയറ്റർ ആർട്സിലും ഡാനിഷ് പ്രശസ്തനായിരുന്നു. വെൽഷ് ഗായിക കാതെറിൻ ജെൻകിൻസും, മെക്സിക്കൻ ഗായകൻ റോളാൻഡോ വില്ലാസനും ജഡ്ജിമാരായി ഉണ്ടായിരുന്ന ഐ ടി വി ഷോയിൽ വിജയിച്ചതിനെ തുടർന്ന് ലണ്ടനിൽ ഒ 2 അറീനയിൽ അരെങ്ങേറിയ കാർമെൻ പ്രൊഡക്ഷന്റെ ഓപ്പറയിലൂടെയായിരുന്നു അദ്ദേഹം തീയറ്റർ ആർട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് ഡാനിയൽ റാഡ്ക്ലിഫിന്റെ ഇംപേരിയത്തിലും(2016), ടുമൊറോ (2018) യിലും കോ എക്സിക്യുട്ടീവ് ഡയറക്ടറായും ഡാനിഷ് പ്രവർത്തിച്ചിട്ടുണ്ട്.