വിടെ അതിവേഗ റെയിലിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ അമേരിക്കയിൽ അതിവേഗ വിമാനങ്ങൾ എത്തുകയാണ്. ദീർഘദൂര യാത്രകളുടെ സമയം പകുതിയായി കുറക്കുന്ന 20 ഓവർച്ചർ ജെറ്റുകൾ വാങ്ങുവാൻ അമേരിക്കൻ എയർലൈൻസ് തയ്യാറായതോടെയാണിത്. പ്രമുഖ വിമാന നിർമ്മാതാക്കളായ ബൂം സൂപ്പർസോണിക് ആണ് ഇതിന്റെ നിർമ്മാതാക്കൾ. ഇപ്പോഴും വികസന ഘട്ടത്തിൽ ഇരിക്കുന്ന ഓവർച്ചറിന് മണിക്കൂറിൽ ഏകദേശം 1300 മൈൽ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയും. നിലവിലെ വാണിജ്യ വിമാനങ്ങളുടെ വേഗതയുടെ ഇരട്ടിയോളം വരും ഇത്.

നിലവിൽ ഒമ്പത് മണിക്കൂർ എടുക്കുന്ന ലണ്ടൻ-മിയാമി യാത്ര ഈ വിമാനത്തിൽ 5 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ കഴിയും. 40 അധിക വിമാനങ്ങൾ കൂടി വാങ്ങാൻ ഉദ്ദേശിക്കുന്ന അമേരിക്കൻ എയർലൈൻസ് ഇപ്പോൾ 20 ജറ്റുകൾക്കുള്ള മുൻകൂർ തുക നൽകിക്കഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. 65 മുതൽ 80 പേർക്ക് വരെ യാത്ര ചെയ്യാൻ കഴിയുന്ന ഈ വിമാനങ്ങൾ 2029-ൽ ആദ്യ യാത്ര നടത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

എയർലൈൻസോ വിമാന നിർമ്മാതാക്കളോ ഈ വിമാനത്തിന്റെ വിലയെ കുറിച്ചോ, അമേരിക്കൻ എയർലൈൻസ് നൽകിയ മുൻകൂർ ഡെപ്പോസിറ്റ് എത്രയെന്നതിനെ കുറിച്ചോ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം യുണൈറ്റഡ് എയർലൈൻസും 15 അതിവേഗ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അമേരിക്ക എയർലൈൻസ് അതിവേഗ വിമാനങ്ങളുടെ അമേരിക്കയിലെ രണ്ടാമത്തെ ഉപഭോക്താവായി മാറിയിരിക്കുകയാണ്.

20 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ്-ഫ്രഞ്ച് വിമാന കമ്പനിയായ കോൺകോർഡ് ഇറക്കിയ അതിവേഗ സൂപ്പർസോണിക് ഫ്ളൈറ്റ് പക്ഷെ പരാജയപ്പെടുകയായിരുന്നു. അമിതമായ നിരക്കായിരുന്നു യാത്രക്കാരെ ആകർഷിക്കുന്നതിൽ വിഘാതമായിരുന്നത്. എന്നാൽ, തങ്ങൾ നിർമ്മിക്കുന്ന വിമാനം തീർത്തും വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും നിരക്കിൽ കാര്യമായ വർദ്ധനവ് ആവശ്യമായി വരില്ലെന്നും ബൂം സി ഇ ഒ ബ്ലേയ്ക്ക് ഷോൾ പറഞ്ഞു.

അതേസമയം, വ്യവസ്ഥാപിതമായ ബോയിങ്ങ് പോലുള്ള വിമാന നിർമ്മാണ കമ്പനികൾക്ക് പോലും ഒരു പുതിയ വിമാനത്തിനോ, വിമാനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കോ ഫെഡറൽ ഏവിയേഷന്റെ അനുമതി ലഭിക്കാൻ വർഷങ്ങൾ എടുക്കുമ്പോൾ, ചുരുങ്ങിയ കാലത്തിനുള്ളിൽ വിമാനം പുറത്തിറക്കും എന്ന ബൂമിന്റെ അവകാശവാദത്തിൽ വിമർശകർ സംശയമുന്നയിക്കുന്നുമുണ്ട്. എഞ്ചിൻ നിർമ്മാണം ഇനിയും തുടങ്ങേണ്ടതായാണ് ഇരിക്കുന്നത്. റോൾസ് റോയ്സ് പോലുള്ള കമ്പനികളുമായി ഇക്കാര്യം ബൂം ചർച്ച ചെയ്യുകയാണ്.

കാറിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മനുഷ്യ റോബോട്ട്

ടെസ്ലയുടെ സ്വപ്ന പദ്ധതിയായ ഹുമനോയ്ഡ് റോബോട്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് എലൺ മസ്‌ക് രംഗത്തെത്തി. വ്യാവസായിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി നിർമ്മിക്കുന്ന റോബോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദിനമായ സെപ്റ്റംബർ 30 ന് പുറത്തിറക്കും. 2021 ആഗസ്റ്റിലായിരുന്നു ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം പുറത്തു വന്നത്.

ആവർത്തിച്ചു ചെയ്യേണ്ടതും, മടുപ്പുളവാക്കുന്നതും അതുപോലെ ഏറെ അപകടം പിടിച്ചതുമായ ജോലികളിൽ നിന്നും മനുഷ്യരെ ഒഴിവാക്കുക എന്നതാണ് ടെസ്ലയുടെ മനുഷ്യ റോബോട്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. പാചകം, പുൽത്തകിടി വെട്ടി നിരപ്പാക്കുക, പ്രായമായവരെ ശുശ്രൂഷിക്കുക തുടങ്ങിയ ജോലികളും ഇവയ്ക്ക് ചെയ്യാൻ കഴിയും എന്ന് മസ്‌ക് ചൈന സൈബർസ്പേസ് മാസികയിൽ എഴുതിയ ലേഖനത്തിൽ മസ്‌ക്എഴുതുന്നു. മനുഷ്യനോട് സാമ്യമുള്ള അവയവങ്ങളോടു കൂടിയാണ് ഈ റോബോട്ടുകൾ നിർമ്മിക്കപ്പെടുക എന്നും മസ്‌ക് എഴുതുന്നു.

ഒരു ശരാശരി മനുഷ്യന്റെ ഭാരമുള്ള ഈ റോബോട്ടുകൾക്ക് ഭാരമേറിയ വസ്തുക്കൾ ഉയർത്താനും, അതിവേഗം നടക്കുവാനും കഴിയും. അതിന്റെ മുഖത്തുള്ള സ്‌ക്രീൻ വഴിയായിരിക്കും റോബോട്ടിനോട് സംവേദിക്കുക. മനുഷ്യർക്ക് കൂടുതൽ അടുത്തിടപഴകാനുള്ള സാഹചര്യം ഒരുക്കുവാനാണ് ഇതിനെ മനുഷ്യന്റെ രൂപത്തിൽ തന്നെ നിർമ്മിക്കുന്നതെന്നും മസ്‌ക് പറയുന്നു. മനുഷ്യർക്ക് സാധ്യമായ കാര്യങ്ങൾ എല്ലാം ചെയ്യാൻ ഈ റോബോട്ടിന് കഴിയും എന്നാണ് മസ്‌ക് അവകാശപ്പെടുന്നതും.

ഇതിന്റെ പ്രോട്ടോ ടൈപ്പ് അടുത്തമാസം ഇറങ്ങും. അതിനു ശേഷാം ഇതിന്റെ ഇന്റലിജൻസ് വികസിപ്പിക്കുവാനും, വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മാണം നടത്തുന്നതിനുള്ള സൗകര്യം തയ്യാറാക്കുവാനും ആരംഭിക്കും. ടെസ്ല കാറുകളിൽ ഉപയോഗിക്കുന്ന ഓട്ടോ പൈലറ്റ് കമ്പ്യുട്ടറുകൾ ഇതിലും ഉപയോഗിക്കും. റോബോട്ടിന്റെ മുഖത്ത് ഓട്ടോ പൈലറ്റ് കാമറകൾ ഘടിപ്പിക്കും. ടെസ്ലയുടെ തന്നെ ഫുൾ സെൽഫ് ഡ്രൈവിങ് കമ്പ്യുട്ടർ ഉപയോഗിച്ച് ആയിരിക്കും റോബോട്ട് പ്രവർത്തിക്കുക.