- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം നൽകാൻ കൈയിൽ പണമില്ലെന്ന് കെ.എസ്.ആർ.ടി.സി; ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നൽകണമെന്ന് ഹൈക്കോടതി; ഡ്യൂട്ടി പരിഷ്‌കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: കെഎസ്ആർടിസിയിലെ ശമ്പളം വിതരണം വൈകുന്നതിൽ കടുത്ത അമർഷം അറിയിച്ച് ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു. ഡ്യൂട്ടി പരിഷ്‌കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ശമ്പളം നൽകാൻ കൈയിൽ പണമില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചത്. പണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിന് യൂണിയനുകളുമായി ചർച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ശമ്പളംനൽകാതിരുന്നത് ചോദ്യ ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടാണ് കെ.എസ്.ആർ.ടിസിയും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
കൈയിൽ പണമില്ല, അതുകൊണ്ട് ശമ്പളം നൽകാൻ കഴിയുന്നില്ലെന്നതാണ് തങ്ങളുടെ അവസ്ഥ എന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്. നിലവിലെ പ്രതിസന്ധി യൂണിയനുകളുമായി ചർച്ച ചെയ്ത് വരികയാണെന്നും കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന് കോടതി നിർദേശിച്ചു.
കടുത്ത അതൃപ്തിയാണ് ശമ്പളം വൈകുന്നതിൽ കോടതി രേഖപ്പെടുത്തിയത്. ആദ്യം നിങ്ങൾ ശമ്പളം നൽകൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിന്റെ സഹായത്തോടെ മാത്രമേ കെ.എസ്.ആർ.ടി.സിക്ക് ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം കണ്ടെത്തുന്നതിനുള്ള നടപടിയുണ്ടാകണം എന്ന ഒരു അഭിപ്രായവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ശമ്പള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് 24ലേക്ക് മാറ്റി.
കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ-ഗതാഗതമന്ത്രിമാർ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായില്ല. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.
8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. യൂണിയൻ നേതാക്കൾക്ക് സ്ഥലംമാറ്റമുൾപ്പടെയുള്ളവയിൽ നിന്നുള്ള സംരക്ഷണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവും പ്രതിഷേധത്തിലാണ്. നിലവിൽ 329 പേർക്കാണ് ഇത്തരത്തിൽ സംരക്ഷണമുള്ളത്. ശമ്പളം കൃത്യമായി നൽകുന്നതിലും കാര്യമായ തീരുമാനങ്ങളുണ്ടായില്ല. നാളെ വീണ്ടും ചർച്ച നടക്കും.
കെഎസ്ആർടിസിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികൾക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച കെ എസ് ആർ ടി സി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ രൂക്ഷ വിമർശനം