തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചുകൊണ്ടുള്ള അധികൃതരുടെ നടപടി മരവിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണു നടപടി. റിസർച് സ്‌കോറിൽ പിന്നിലായിരുന്ന പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവർണറുടെ നിർണായക തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ നൽകിയ വിശദീകരണം ഗവർണർ തള്ളി. വൈസ് ചാൻസലറിന് കാരണം കാണിക്കൽ നോട്ടിസും നൽകും.

ചട്ടങ്ങൾ മറികടന്നായിരുന്നു പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. സ്വജനപക്ഷപാതവും ചട്ടലംഘനവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ, പ്രിയയുടെ നിയമന വിവാദത്തിൽ നിർണായക തീരുമാനം അര മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വൈകിട്ട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.

താൻ ചാൻസിലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയതിന് പിന്നാലെയാണ് നിയമനത്തിന് സ്റ്റേ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രന് കത്ത് നൽകുകയും ചെയ്തിരുന്നു.

റിസർച്ച് സ്‌കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വിസിയുടെ നിലപാട്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കിയിരുന്നു. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിയാണ് ഗവർണറുടെ നടപടി.

തൃശ്ശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് കണ്ണൂർ സർവകലാശാല നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.

എന്നാൽ യുജിസി. ചട്ടപ്രകാരം എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയത് എന്ന പരാതി ഉയർന്നിരുന്നു. യുജിസി. ചട്ടങ്ങൾ പൂർണമായും അവഗണിച്ച് പ്രിയയ്ക്ക് നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്‌കോറിൽ ഏറ്റവും പിന്നിലായിരുന്ന പ്രിയ വർഗീസ്, അഭിമുഖത്തിലെ മാർക്കു വന്നപ്പോൾ ഒറ്റയടിക്ക് ഒന്നാമതെത്തിയതായി വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. റിസർച് സ്‌കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്‌കറിയയെയാണ് 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തിയത്. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്‌കറിയയ്ക്ക് 30.

വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചു നൽകുന്ന മാർക്കാണ് റിസർച് സ്‌കോർ. എന്നാൽ ഇന്റർവ്യൂവിലെ പ്രകടനമാണു റാങ്ക് തീരുമാനിക്കുന്നതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. തൃശൂർ കേരളവർമ കോളജ് അദ്ധ്യാപികയായ പ്രിയ നിലവിൽ ഡപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാണ്.

പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശരേഖ പുറത്തായത്. പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയില്ലെന്നു ക്യാംപെയ്ൻ കമ്മിറ്റി നേരത്തെ തന്നെ ആരോപിച്ചിരുന്നു. 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയയ്ക്ക് അഭിമുഖത്തിൽ 30 മാർക്കും സി.ഗണേശിന് 28 മാർക്കും നൽകിയതു പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകണമെന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നതിന്റെ തെളിവാണെന്നു ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. രേഖകൾ ഗവർണർക്കു സമർപ്പിച്ചതായും അവർ അറിയിച്ചിരുന്നു.