ബൈബിളിന് ചരിത്രത്തിന്റെ നേർസാക്ഷ്യം. ചർച്ച് ഓഫ് അപ്പോസ്തൽസ് എന്ന് വിളിക്കുന്നിടത്തെ മറഞ്ഞുകിടന്ന ഒരു മൊസൈക്ക് കല്ലറയിൽ കണ്ടെത്തിയ ചില ലിഖിതങ്ങളാണ് ബൈബിൾ കാലഘട്ടത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നത്. ഇപ്പോൾ വടക്കൻ ഇസ്രയേലിലുള്ള എൽ- അറാജ് നഗരം തന്നെയാണ് അപ്പോസ്തലനായ പത്രോസ് ജനിച്ചു എന്ന് ബൈബിളിൽ പറയുന്ന ബെത്സൈദ എന്നാണ് ഈ ലിഖിതങ്ങൾ തെളിയിക്കുന്നത്.

പുരാതന ഗ്രീക്ക് ലിപിയിൽ എഴുതപ്പെട്ടിരിക്കുന്ന ലിഖിതത്തിൽ അപ്പോസ്തലന്മരുടേ തലവനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രാർത്ഥനയാണുള്ളത്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ പ്രഥമനായി ഗണിക്കപ്പെടുന്ന പത്രോസ് തന്നെയാണ് അവരുടെ തലവൻ എന്നറിയപ്പെടുന്നതും. ബൈസാന്റിൻ കാലഘട്ടത്തിൽ പണിത പള്ളിയിൽ ഉത്ഖനനം നടത്തുന്നതിനിടെ 2021-ൽ ആയിരുന്നു ഗവേഷകർ ഈ മോസൈക്ക് കണ്ടെത്തിയത്. നിരവധി പാളികളായി കിടന്നിരുന്നതിനാൽ, കേടുപടുകൾ കൂടാതെ അവ നീക്കം ചെയ്യാൻ ഒരുപാട് സമയമെടുത്തു.

തീർത്തും സുപ്രധാനമായ ഈ കണ്ടുപിടുത്തം പത്രോസ് ജനിച്ചത് ബെത്സൈദയിലാണോ കേപെർനോമിലാണോ എന്ന് ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിനുകൂടി പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. പള്ളിയിലെ, പൂജാദ്രവ്യങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ തറയുടെ ഒരു ഭാഗമായിരുന്നു ലിഖിതം രേഖപ്പെടുത്തിയിരിക്കുന്ന മൊസൈക്. പത്രോസ് ജനിച്ചത് ബെത്ദൈദയിലാണോ കേപ്പർനോമിലാണോ എന്നത് പുരാവസ്തു ഗവേഷകർക്കിടയിൽ ദീർഘനാളായി നിലനിൽക്കുന്ന ഒരു തർക്കമായിരുന്നു. പത്രോസിന്റെയും ആൻഡ്രുവിന്റെയും ജന്മ സ്ഥലത്തെ കുറിച്ച് ബൈബിളിൽ വ്യക്തമായ പരാമർശം ഇല്ലെന്നതും തർക്കത്തിന് സാധ്യത വർദ്ധിപ്പിച്ചു.

ജോൺ 1:44 ൽ പറയുന്നത് ഫിലിപ്പ്, ആൻഡ്രുവിനേയും പത്രോസിനേയും പോലെ ബെത്സൈദ പട്ടണത്തിൽ ജനിച്ചു എന്നാണ്. അതേസമയം മാത്യു 4:13 ൽ യേശുക്രിസ്തു പത്രോസിനേയും ആൻഡ്രുവിനേയും ആദ്യമായി കണ്ടുമുട്ടിയതിനെ പരാമർശിക്കുമ്പോൾ അവരെ കേപ്പർനോമിൽ വെച്ച് കണ്ടു മുട്ടി എന്നാണ് പറയുന്നത്. ഇത്, ഈ സഹോദരങ്ങൾ ജീവിച്ചിരുന്നത് ഇവിടെയായിരുന്നു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പരാമർശമാണ്. എന്നാൽ, ഇപ്പോൾ നടത്തിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത് പത്രോസിന് ഈ ബസലിക്കയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും, ഇത് അദ്ദേഹത്തിനായി സമർപ്പിക്കപ്പെട്ടതാണ് എന്നുമാണെന്ന് ന്യുയോർക്കിലെ ന്യാക്ക് കോളേജിലെ പുരാവസ്തു ഗവേഷകനായ സ്റ്റീവൻ നോട്ട്ലി പറയുന്നു.

മാത്രമല്ല, ഇപ്പോൾ കണ്ടെത്താനായ പള്ളിയുടെ അവശിഷ്ടങ്ങൾ എ. ഡി 725ൽ ഇവിടെ സന്ദർശിച്ച ഇംഗ്ലണ്ട് സ്വദേശിയും എയ്ഷ്സ്റ്റേറ്റിലെ ബാവേറിയൻ ബിഷപ്പുമായ സെയിന്റ് വില്ലിബാൾഡിന്റെ വിവരണത്തോട് സമാനതകളുള്ളതാണ്. ഒരു തീർത്ഥാടനത്തിന്റെ ഭാഗമായ്റ്റി എ. ഡി. 725 ൽ ഇവിടം സന്ദർശിച്ച ബിഷപ്പ് പത്രോസിന്റെയും ആൻഡ്രുവിന്റെയും ജന്മ സ്ഥലമായ ബെത്സൈദയിൽ പത്രോസിനായി സമർപ്പിക്കപ്പെട്ട പള്ളിയുണ്ടെന്ന് എഴുതിയിരുന്നു. പത്രൊസിന്റെ ജന്മഗൃഹം ഇരുന്നിടത്താണ് പള്ളി സ്ഥിതി ചെയ്യുന്നത് എന്നും എഴുതിയ അദ്ദേഹം പള്ളിയെ കുറിച്ച് ഒരു ചെറു വിവരണവും തയ്യാറാക്കിയിരുന്നു.

ഒന്നാം നൂറ്റാണ്ടിൽ അവശേഷിപ്പിച്ച വിലപ്പെട്ട വിവരങ്ങൾ എന്തെങ്കിലും ലഭ്യമാകുമോ എന്നറിയുവാനായിരുന്നു ഇവിടെ ഉത്ഖനനം നടത്തിയത്. അത്തരത്തിൽ ഒന്ന് ലഭിച്ചാൽ ബൈബിളിൽ പറയുന്ന ബെത്സൈദ ഏതെന്ന് വ്യക്തമാക്കാൻ ആകുമായിരുന്നു. ഇപ്പോൾ ലിഖിതം മാത്രമല്ല കണ്ടുകിട്ടിയത്, വളരെ സുപ്രധാനമായ ഒരു പള്ളിയും അതിനോട് ചേർന്നുള്ള മൊണാസ്ട്രിയും കണ്ടെത്താനായി.

എ. ഡി. 749 ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്ന് പള്ളി പൂർണ്ണമായും തകരുകയും മണ്ണിനടിയിൽ ആവുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.അതിനു ശേഷം അപ്പൊസ്തലന്മാരുടെ പള്ളി എന്നറിയപ്പെടുന്ന ഇത് വിസ്മൃതിയിൽ ആണ്ടു പോവുകയായിരുന്നു.