തിരുവനന്തപുരം: പുരാതന കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ നിന്നും ലോാക്കറും മൂർഖൻ പാമ്പിനേയും കണ്ടെത്തി. ഓാണാഘോഷത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന നെയ്യാർ മേളയ്ക്ക് വേദിയായ ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണർ വൃത്തിയാക്കിയപ്പോഴാണ് ഒരു ലോക്കറും മൂർഖൻ പാമ്പിനെയും കണ്ടെത്തിയത്. തിരുവനന്തപുരം ആറാലുംമൂടിലാണ് സംഭവം.

മൂർഖനെ കണ്ട് പകച്ചുനിന്ന പൊലീസ് വാവ സുരേഷിനെ സ്ഥലത്തെത്തിച്ച് മൂർഖനെ പിടികൂടി. മൂർഖനെ പിടിച്ച വാവാ സുരേഷിനെ നാട്ടുകാർ അനുമോദിക്കുകയും ചെയ്തു. ഇതിനുശേഷം പൊലീസും ഫയർഫോഴ്സും ചേർന്നാണ് കിണറ്റിൽ കിടന്ന ലോക്കർ പുറത്തെടുത്തത്. എന്നാൽ ലോക്കറിൽ നിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ലോക്കറിനെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.

മോഷണമുതൽ ഉപേക്ഷിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. തിരുവിതാംകൂർ രാജാവിന്റെ ഭരണകാലഘട്ടത്തിൽ നിർമ്മിച്ചതായി പറയപ്പെടുന്ന കിണർ ആണ് വൃത്തിയാക്കിയത്.