വകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിലെ റിസോഴ്‌സ് പേഴ്സൺമാർക്കായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ തീവ്ര പരിശീലന പരിപാടി തിരുവനന്തപുരത്ത് ആരംഭിച്ചു. കേരള വികസനത്തിലെ പുതുതലമുറ പ്രശ്നങ്ങളെ അഭിസംബോധനം ചെയ്യുക എന്ന ശ്രമകരമായ പ്രവർത്തനമാണ് നവകേരളം കർമപദ്ധതി റിസോഴ്‌സ് പേഴ്സൺമാർ നിർവഹിക്കേണ്ടതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ച സംസ്ഥാന കോർഡിനേറ്റർ ഡോ. ടി. എൻ. സീമ പറഞ്ഞു.

കേരളത്തിന്റെ നവീകരണ പ്രക്രിയയിലെ സുപ്രധാന ഇടപെടലാണ് നടത്തേണ്ടത്. കേരള സമൂഹം നവീകരണത്തിന്റെ പുതിയ ദിശയിലേയ്ക്ക് ചുവടു വെയ്ക്കുന്ന ഈ ഘട്ടത്തിൽ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന കൃത്യമാണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. അത്തരം പ്രശ്‌നങ്ങൾ ഫലപ്രദമായി നേരിടാനും പരിഹരിക്കാനുമാണ് ഹരിതകേരളം മിഷൻ, ലൈഫ്, ആർദ്രം, വിദ്യാകിരണം എന്നീ വികസന മിഷനുകളും കേരള പുനർനിർമ്മാണ പദ്ധതിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡോ. ടി. എൻ. സീമ പറഞ്ഞു.

നവകേരളം കർമപദ്ധതി മാർഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയിൽ 160 പേർ പങ്കെടുക്കുന്നുണ്ട്. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്റർ കേരളയിലാണ് പരിശീലനം നടക്കുന്നത്. നവകേരളം കർമപദ്ധതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. തദ്ദേശ സ്വയംഭരണ മന്ത്രി . എം. വി. ഗോവിന്ദൻ മാസ്റ്റർ അടുത്ത ദിവസം പരിശീലകരെ അഭിസംബോധന ചെയ്യും.