- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫർസീനെ നാടുകടത്താനുള്ള നീക്കത്തിനു പിന്നിൽ പിണറായിപ്പക; ആദ്യം നാടു കടത്തേണ്ടയാൾ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു തന്നെയുണ്ടെന്നും അഡ്വ. മാർട്ടിൻ ജോർജ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ തീർത്താലും തീരാത്ത പകയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. പിണറായി വിജയന്റെ കല്പന അനുസരിച്ചാണോ അതോ പിണറായി വിജയനെ പ്രീതിപ്പെടുത്താനാണോ ബന്ധപ്പെട്ട പൊലീസ് അധികാരികൾ ഇത്തരമൊരു ശുപാർശ നൽകിയതെന്ന് വ്യക്തമാക്കണം.
പാർട്ടിക്കകത്ത് പ്രതിഷേധമുയർത്തിയാൽ അമ്പത്തൊന്നു വെട്ടിൽ തീർക്കുന്ന സിപിഎം നേതാക്കളുടെ രാഷ്ട്രീയപ്പകയുടെ ഇരയാണ് ഫർസീൻ മജീദ്. ഫർസീനെതിരായ കള്ളക്കേസുകളെ തള്ളിക്കളഞ്ഞു കൊണ്ടാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടു പോലും ഫർസീനടക്കമുള്ളവർക്ക് കോടതി ജാമ്യമനുവദിച്ചത്. കോടതിയിൽ തിരിച്ചടി നേരിട്ടതിന്റെ ജാള്യതയിൽ പിണറായി വിജയനും കൂട്ടരും നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ജനാധിപത്യപരമായും നിയമപരമായും കോൺഗ്രസ് നേരിടും.
മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ വിഹരിക്കുന്ന കൊടുംക്രിമിനലുകൾക്കെതിരേ കാപ്പ ചുമത്താൻ ഭയക്കുന്ന ഭരണകൂടം രാഷ്ട്രീയസമരങ്ങളിൽ പങ്കെടുത്ത് പൊലീസ് കേസുകളിൽ പെട്ട ഒരു യുവാവിനെ കൊടുംക്രിമിനലായി ചിത്രീകരിക്കാൻ നോക്കുന്നത് അപഹാസ്യമാണ്. രാഷ്ട്രീയകേസുകളുടെ എണ്ണം പറഞ്ഞുള്ള കാപ്പ ചുമത്തലാണെങ്കിൽ സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും എസ്എഫ്‌ഐയുടേയുമൊക്കെ എത്ര നേതാക്കൾക്കാണ് സ്വന്തം ജില്ലയിൽ പ്രവർത്തിക്കാൻ സാധിക്കുക.
മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നത് ഇത്രയ്ക്കു വലിയ കുറ്റമാണ് കേരളത്തിലെങ്കിൽ ഇവിടെ ജനാധിപത്യസർക്കാരാണെന്ന് പറയുന്നത് ആദ്യം അവസാനിപ്പിക്കണം. ഏകാധിപതികൾ പോലും ചെയ്യാത്ത കാര്യമാണ് കേരളത്തിൽ പിണറായി വിജയനും കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. സ്വർണക്കടത്തും തീവ്രവാദപ്രവർത്തനങ്ങളും രാജ്യദ്രോഹപ്രവർത്തനങ്ങളും നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിടുന്നവരാണ് മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നതിനെ കാപ്പ ചുമത്താൻ മാത്രമുള്ള ക്രിമിനൽ പ്രവർത്തനമായി വ്യാഖ്യാനിക്കുന്നത്. പഴയ ചരിത്രവും പശ്ചാത്തലവുമൊക്കെ ഇഴകീറി പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കുന്നതെങ്കിൽ ആദ്യം നാടു കടത്തേണ്ടയാൾ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു തന്നെയുണ്ടെന്ന് മാർട്ടിൻ ജോർജ് പരിഹസിച്ചു.




