- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജഹാൻ വധക്കേസിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ല; പരാതിയുമായി കൊട്ടേക്കാട് സ്വദേശികളുടെ ബന്ധുക്കൾ; അഭിഭാഷക കമ്മിഷനെ നിയോഗിച്ച് കോടതി; പൊലീസ് സ്റ്റേഷനിൽ പരിശോധന
പാലക്കാട്: സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ (40) കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയിൽ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താൻ അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.
കോടതിയുടെ നിർദേശപ്രകാരം അഭിഭാഷക കമ്മിഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മിഷൻ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മറ്റു പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
ആവാസും ജയരാജും പൊലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ അഭിഭാഷക കമ്മീഷൻ പരിശോധന നടത്തിയത്. തുടർന്ന് പാലക്കാട് നോർത്ത സ്റ്റേഷനിലും പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാർ പറഞ്ഞു.
സിപിഎം. പ്രാദേശിക നേതാവായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസിൽ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് 14 രാത്രിയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. കുന്നങ്കാട് ജംക്ഷനിൽ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് 31), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്‌ത്തിയ സംഘത്തിലെ കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവർ അറസ്റ്റിലായിരുന്നു.
എന്നാൽ പ്രതികൾ ഇവർ മാത്രമല്ലെന്നും കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മൂന്നു പേർ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ ആദ്യ വാദത്തിൽ നിന്നും പൊലീസ് മലക്കം മറിഞ്ഞിരുന്നു. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ