- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേശ്വരത്ത് വൻ ക്ഷേത്ര കവർച്ച; പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ഊർജിതം
മഞ്ചേശ്വരം: ഹൊസങ്കടിയിൽ വൻ ക്ഷേത്ര കവർച. കവർച ചെയ്ത പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഡിവൈഎസ്‌പി വി വി മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
ഹൊസങ്കടിയിലെ അയ്യപ്പ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ശ്രീകോവിലിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ പഞ്ചലോഹ വിഗ്രഹവും വെള്ളിയിൽ തീർത്ത പ്രഭാവലയവും രണ്ട് ഭണ്ഡാരങ്ങളുമാണ് കവർന്നത്. കവർച ചെയ്ത വസ്തുക്കൾ കുറ്റിക്കാട്ടിൽ വച്ച് പൊളിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഭയന്ന് പിന്മാറി എന്നാണ് പൊലീസിന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ലക്ഷക്കണക്കിന് സ്വാമിമാർക്ക് മാലയിട്ട് നൽകിയ ക്ഷേത്രത്തിലെ സ്വാമിയെ ചുമക്കാനുള്ള ശക്തി കള്ളന്മാർക്ക് ഇല്ല എന്നാണ് ഒരു വിശ്വാസി പറഞ്ഞത്. മാത്രമല്ല സ്വാമി കള്ളന്മാരുടെ മനസ്സിൽ പാകിയ ഭയം ആണ് വിഗ്രഹവും മറ്റു വസ്തുക്കളും ഉപേക്ഷിച്ച് കടന്നു കളയാൻ കാരണമായതെന്നും പലരും വിശ്വസിക്കുന്നു.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവർച ചെയ്ത വിവരം കണ്ടത്. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും കാസർകോട് നിന്നെത്തിയ വിരലടയാള വിദഗ്ദരും പൊലീസ് നായയും രാസപരിശോധന വിദഗ്ദരും പരിശോധന തുടരുകയാണ്. സ്വർണമാണെന്ന് കരുതിയാണ് മോഷ്ടാക്കൾ കവർച്ചയ്ക്കെത്തിയതെന്നാണ് പൊലീസ് നിഗമനം. പഞ്ചലോഹം വിറ്റഴിക്കാൻ പ്രയാസമാണെന്ന് കരുതിയായിരിക്കാം ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
മുൻ ക്ഷേത്ര കവർചക്കാരെ കേന്ദ്രീകരിച്ചും മറ്റുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവൈഎസ്‌പി വി വി മനോജ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്