- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾമാറാട്ടം നടത്തി 1.64 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിർണായകമായി; രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ
കൊല്ലം: കൊല്ലം ആര്യങ്കാവിൽ ആൾമാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ. ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക്ക് സജിമോൻ, ക്ലീനിങ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ സുധീഷ് എന്നിവരാണ് പിടിയിലായത്.
കോഴഞ്ചേരിയിൽ നിന്നും ആര്യങ്കാവിലെ ലോട്ടറികടയിലേക്ക് കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന 1,64,058 രൂപയുടെ ലോട്ടറി ടിക്കറ്റാണ് കടയിലെ ജീവനക്കാരെന്ന വ്യാജേന കണ്ടക്ടറുടെ പക്കൽ നിന്നും ഇവർ വാങ്ങിയത്.
ഇക്കഴിഞ്ഞ 16ന് രാത്രി പത്ത് മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്റിന് കൊടുത്തുവിട്ട ടിക്കറ്റാണ് പ്രതികൾ കണ്ടക്ടറെ കബളിപ്പിച്ച് തട്ടിയെടുത്തത്. ലോട്ടറിന്റെ ഏജന്റിന്റെ ജീവനക്കാർ എന്ന പേരിലാണ് ഇരുവരും എത്തിയത്.
ബസ് എത്തുന്ന സമയം പിന്നിട്ടിട്ടും ലോട്ടറി ലഭിക്കാതെ വന്നതോടെ കടയുടമ ബസ് കണ്ടക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് രണ്ടുപേർ ടിക്കറ്റ് കൈപ്പറ്റിയ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോൾ സജിമോനും സുധീഷുമാണ് തട്ടിയെടുത്തതെന്നു മനസ്സിലായി. തെന്മല പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോട്ടറികൾ സജിമോന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു.
ആര്യങ്കാവ് ഡിപ്പോയിലേക്കുള്ള സ്‌പെയർപാട്‌സുകളാണെന്ന് തെറ്റിധരിച്ചാണ് കണ്ടക്ടറിൽ നിന്നും പൊതി കൈപ്പറ്റിയതെന്നും ലോട്ടറിയാണെന്ന് അറിഞ്ഞപ്പോൾ ആരും തിരക്കി വരാത്തതിനാലാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നുമാണ് പ്രതികൾ പറയുന്നത്. ആര്യങ്കാവ് ഡിപ്പോയിലേക്ക് മറ്റു ഡിപ്പോകളിൽ നിന്നുള്ള സ്‌പെയർപാട്‌സുകൾ എത്തിക്കുന്നത് ബസുകളിലാണ്. തെന്മല ഇൻസ്‌പെക്ടർ കെ.ശ്യാം, എസ്‌ഐ സുബിൻ തങ്കച്ചൻ, സിപിഒമാരായ അനീഷ്, സുജിത്, വിഷ്ണു, രഞ്ജിത്ത്, അനൂപ്, നിഥിൻ, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മാസങ്ങളായി ബസിൽ ലോട്ടറി കൊടുത്തുവിടുന്നത് നിരീക്ഷിച്ചതിന് ശേഷമാണ് ഇരുവരും മോഷണം നടത്തിയത്. പ്രതികളുടെ വീട്ടിൽ നിന്നും പൊലീസ് ലോട്ടറി കെട്ടുകൾ കണ്ടെടുത്തു. ആൾമാറാട്ടം, മോഷണം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായ സജിമോൻ കുളത്തുപ്പുഴ സ്വദേശിയും സുധീഷ് തെന്മല സ്വദേശിയുമാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആര്യങ്കാവിലേക്ക് ലോട്ടറി എത്തുന്നത് കെഎസ്ആർടിസി ബസ് കണ്ടക്ടർ വഴിയാണ്. കോട്ടയം, തിരുവല്ല, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ലോട്ടറികൾ ബസ് കണ്ടക്ടർ വശം ഏജന്റുമാർ കൊടുത്തുവിടും.
ടിക്കറ്റ് കൊണ്ടുവരുന്ന കണ്ടക്ടർക്ക് ചെറിയൊരു കൈമടക്കും ഈ ഇനത്തിൽ ലഭിക്കും. ആര്യങ്കാവിൽ എത്തുമ്പോൾത്തന്നെ ലോട്ടറി കടക്കാർ ഈ ടിക്കറ്റ് കണ്ടക്ടറിന്റെ പക്കൽ നിന്നും കൈപ്പറ്റും. ഇത്തരത്തിൽ ലോട്ടറി ട്രാൻസ്‌പോർട്ടിങ് നടത്തുന്നതിന് കെഎസ്ആർടിസിക്ക് പ്രത്യേക ലാഭമൊന്നുമില്ലെങ്കിലും ബസ് ജീവനക്കാർക്ക് ഗുണമുണ്ടാകും.
ലോട്ടറി മാത്രമല്ല അന്തർസംസ്ഥാന ബസുകളിൽ ജീവനക്കാർ വശം എന്ത് സാധനവും കൊടുത്തുവിട്ടാൽ കൃത്യസ്ഥലത്ത് എത്തിച്ചു നൽകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പുലർച്ചെ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ആര്യങ്കാവ് വഴി എത്തുന്ന ഒട്ടുമിക്ക ബസുകളിലും ലഗേജുകാരണം യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ