ആലപ്പുഴ : അന്താരാഷ്ട്ര ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായി ഒരു മലയാളി ലിബിയയിൽ ചാവേർബോംബായി പൊട്ടിത്തെറിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപ്രസിദ്ധീകരണമായ 'വോയ്സ് ഓഫ് ഖുറസാനി'ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് മലയാളി ചാവേറിന്റെ യഥാർഥപേരും ചാവേർസ്‌ഫോടനം നടന്ന തീയതിയും വെളിപ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിച്ചത്. ഇത് കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് സജീവമാണെന്നതിന്റെ തെളിവാണ്. 'രക്തസാക്ഷികളുടെ ഓർമകൾ' എന്ന ഭാഗത്താണ് എൻജിനിയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തിൽനിന്ന് ഐ.എസിലേക്കു പോയ നൂറോളംപേരുടെ വിവരങ്ങൾ സുരക്ഷാ ഏജൻസികളുടെ പക്കലുണ്ട്. കൂടുതൽ ആളുകളുണ്ടാകുമെന്നും സംശയമുണ്ട്. രക്തസാക്ഷികൾ എന്നു പ്രഖ്യാപിച്ച്, അവരുടെയൊക്കെ നാടുകളിൽ ഐ.എസിന്റെ പ്രവർത്തനം ശക്തമാക്കാനാണ് 'വോയ്സ് ഓഫ് ഖുറസാൻ' ഇവരെയൊക്കെ പ്രകീർത്തിക്കുന്നത്. ഐ.എസ്. അവരുടെ 'രക്തസാക്ഷി'യായി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ മലയാളിയാണ് 'അബുബക്കർ അൽഹിന്ദി'.

2015-16-ൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഇയാളെപ്പറ്റി മുമ്പും ചില വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കിട്ടിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. 'അബൂബക്കർ അൽഹിന്ദി' എന്ന പേര് സ്വീകരിച്ച ഇയാൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണു ജനിച്ചതെന്ന് ലേഖനം പറയുന്നു. മാതാപിതാക്കളുടെ ഏകമകനായിരുന്നു. ഏൻജിനിയറിങ് പഠനത്തിനുശേഷം ബെംഗളൂരുവിലും തുടർന്ന് ഗൾഫിലും ജോലി ലഭിച്ചു. അവിടെനിന്നണ് മതംമാറിയത്. നാട്ടിലെത്തിയപ്പോഴാണ് ഇയാൾ മതംമാറിയ വിവരം വീട്ടുകാർ അറിയുന്നത്. ഇതിനിടയിൽ ലിബിയയിലേക്കു വഴി തുറന്നുകിട്ടിയിട്ടുണ്ടെന്ന ഐ.എസ്. പ്രവർത്തകരുടെ അറിയിപ്പുകിട്ടിയതോടെ ജോലിക്കെന്നുപറഞ്ഞു വീണ്ടും നാടുവിട്ടു.

ലിബിയയിലെ ഐ.എസിന്റെ ശക്തികേന്ദ്രമായ സിർത്തെ സിറ്റി എതിർപക്ഷം ആക്രമിച്ചതോടെ തിരിച്ചടിക്കാൻ മുൻനിരയിൽ നിയോഗിക്കപ്പെട്ടത് 'അബൂബക്കർ അൽഹിന്ദി'യായിരുന്നു- ലേഖനം വിശദീകരിക്കുന്നു. ലിബിയയിൽ ചാവേറായി പൊട്ടിത്തെറിച്ച അബൂബക്കർ അൽഹിന്ദിയുടെ കേരളത്തിലെ വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ. കൂടുതൽ പേർ ഐഎസിലേക്ക് പോയിട്ടുണ്ടോ എന്ന് അറിയാൻ ഇത് നിർ്ണ്ണായകമാണ്. ഇത്തരക്കാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ അവർന നാട്ടിലേക്ക് എത്തി കൂടുതൽ പേരെ ഐഎസിലേക്ക് കൊണ്ടു പോകാൻ സാധ്യത ഏറെയാണ്. ഇന്ത്യയിൽത്തന്നെ ഐ.എസിന്റെ പ്രവർത്തനങ്ങൾ നടത്താനും ഏകോപിപ്പിക്കാനും അല്ലാത്ത പക്ഷം സാധ്യതയേറെയാണെന്ന് ഏജൻസികൾ കരുതുന്നു.

2020 മാർച്ച് 25-ന് കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 25 സിഖുകാരെ കൊലപ്പെടുത്തിയ മൂന്നുപേരിൽ ഒരാളായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി മൊഹ്സിനാണ് ആദ്യമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണമാസികയിൽ ഇടംപിടിച്ച മലയാളി. അബുഖാലിദ് അൽഹിന്ദി എന്ന പേര് സ്വീകരിച്ച മൊഹ്സിന്റെ ചിത്രമടക്കമാണ് ഐ.എസിന്റെ പ്രചാരണവിഭാഗമായ അൽ നബ ലേഖനം പ്രസിദ്ധീകരിച്ചത്. 2016-ൽ ഐ.എസിൽ ചേരാൻ കേരളത്തിൽനിന്നുപോയ 21 അംഗ സംഘത്തിൽ ഇയാൾ ഉൾപ്പെട്ടിരുന്നില്ല. രണ്ടാമതായി ഐ.എസ്. അംഗീകരിച്ച മലയാളി കാസർകോട്ടുനിന്നുതന്നെയുള്ള ഡോ. ഇജാസാണ്. കല്ലുകെട്ടിയപുരയിൽ ഇജാസ് എന്ന ഈ ഡോക്ടറെ പ്രകീർത്തിക്കാൻ കാരണമായി ഐ.എസ്. ഉയർത്തിക്കാട്ടിയ 'സേവനം' 2020 ഓഗസ്റ്റിൽ അഫ്ഗാനിസ്താനിലെ ജലാലബാദ് ജയിൽ ആക്രമിച്ച് 39 പേരെ കൊലപ്പെടുത്തിയതാണ്. ഇജാസ് ഗർഭിണിയായ ഭാര്യ റാഫൈല(26)യ്ക്കും കുട്ടിക്കുമൊപ്പമാണ് 2016-ൽ അഫ്ഗാനിസ്താനിലേക്കു പോയതെന്നാണ് എൻ.ഐ.എ. നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരിൽ നിന്നും വ്യത്യസ്തമായി ഐഎസ്് രേഖയിൽ അബുബക്കറിന്റെ യഥാർത്ഥ പേര് പരാമർശിച്ചിട്ടില്ല. ഇയാൾ സമ്പന്നവും മറ്റ് എൻജീനീയർമാർ ഉള്ളതുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്നത് ഒഴിച്ചാൽ മറ്റു വ്യക്തി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഗൾഫിലേക്ക് പോകുന്നതിനു മുൻപ് അബുബക്കർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഐസിസ് പറയുന്നു. ഐസിസിൽ ചേർന്ന മറ്റ് മലയാളികളെപ്പോലെ ഹിജ്‌റ (മൈഗ്രേഷൻ) ചെയ്യാൻ അബുബക്കർ ആഗ്രഹിച്ചിരുന്നു എന്നാൽ ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു.

ഐഎസ് തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാൻ ഇയാളോട് ആവശ്യപ്പെട്ടു. എഞ്ചിനീയറായതിനാലും പാസ്‌പോർട്ടിന് ക്രിസ്ത്യൻ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തിൽ എത്താനായി. രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കർ ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും രേഖയിൽ പറയുന്നു. രേഖയിൽ പരാമർശിച്ച സംഭവങ്ങൾ എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഇല്ലാതായതോടെ ഐഎസ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐസിസിൽ ചേർന്ന നിരവധി കേരളീയർ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഹിജ്‌റ ചെയ്തിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തിൽ വരുന്നത്.

2014 ൽ ലിബിയയിൽ വിലയാറ്റ് (പ്രവിശ്യ) രൂപീകരിക്കുന്നതായി ഐഎസ് പ്രഖ്യാപിക്കുകയും നിരവധി വിദേശ പോരാളികളെ രാജ്യത്തേക്ക് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണവും കഴിഞ്ഞ വർഷം ജലാലാബാദിലെ ജയിലടക്കം അഫ്ഗാനിസ്ഥാനിലെ നിരവധി ഓപ്പറേഷനുകളിൽ കേരളത്തിൽ നിന്നുള്ള ഭീകരർ പങ്കെടുത്തതായി ഐഎസ് അവകാശപ്പെട്ടിരുന്നു.